മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്ത വ്യക്തിത്വമാണ് അതുല്യപ്രതിഭയായ ഐവി ശശി. സൂപ്പര്‍-മെഗാസ്റ്റാറുകളുടെ ഇന്നത്തെ താരപ്രഭയ്ക്ക് ശക്തമായ കൈയ്യൊപ്പ് ഐ.വി ശശിയുടേതായി ഉണ്ട്. സൂപ്പര്‍സ്റ്റാറുകളെ പോലെ തന്നെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളും ഐ.വി ശശി സിനിമകളില്‍ ഉണ്ടായിരുന്നു. നായകന് പിന്നിലൊളിക്കാത്ത ഇന്നത്തെ സാമൂഹിക വ്യവസ്ഥിതികളെ ഉടച്ചു വാര്‍ക്കുന്ന സ്ത്രീകഥാപാത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ സിനിമകളില്‍ കാണാന്‍ സാധിച്ചിരുന്നത്.
ഇന്ന് മലയാള സിനിമയില്‍ എല്ലാ തരത്തിലും തങ്ങള്‍ക്കും പരിഗണന വേണം എന്ന് സ്ത്രീകള്‍ വാദിക്കുമ്പോള്‍, ചിന്തിക്കേണ്ടത് ഐ.വി ശശി കാലഘട്ടത്തിലെ സ്ത്രീകഥാപാത്രങ്ങളെയാണ്. സീമയ്ക്ക് അവളുടെ രാവുകള്‍ എന്ന സിനിമ സമ്മാനിക്കുമ്പോള്‍ പ്രേക്ഷകരെയോ ഇന്നുള്ള സിനിമ വ്യവസ്ഥിതിയേയോ അദ്ദേഹം ഭയപ്പെട്ടിരുന്നില്ല. ഇന്ന് ആ കഥാപാത്രം മറ്റ് ഏത് നടി ചെയ്താലും ഒതുക്കപ്പെടും എന്നതില്‍ സംശയമില്ല. എന്നാല്‍ അവളുടെ രാവുകള്‍ എന്ന ചിത്രത്തിന് ശേഷം സീമ ശക്തമായ കഥാപാത്രങ്ങളിലൂടെ ഐ.വി ശശി സിനിമകളില്‍ നിറഞ്ഞു നിന്നു. പിന്നീട് അദ്ദേഹത്തിന്റെ പ്രിയപത്‌നിയുമായി. മുപ്പതോളം സിനിമകളില്‍ ഇവര്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചെന്ന റെക്കോര്‍ഡും ഉണ്ട്.
സീമ എന്ന നടി മാത്രമല്ല ശ്രീവിദ്യ, ഷീല, മേനക, ജയഭാരതി, ശാരദ, ഉള്‍വശി, രേവതി എന്നിങ്ങനെ അദ്ദേഹത്തിന്റെ സിനിമകളിലെ നടിമാരുടെ പട്ടിക നീണ്ടു പോകുന്നു. ഇവരെല്ലാം തന്നെ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്തുവെന്ന് പറയാം. കരിമ്പിന്‍പൂവിനക്കരെ, മൃഗയ എന്നിവയിലെ ഉര്‍വശിയുടെ കഥാപാത്രം, മീനിലെ ശ്രീവിദ്യ, അടിയൊഴുക്കുകളിലെ മേനക, കാണാമറയത്തിലെ ശോഭന, ദേവാസുരത്തിലെ രേവതി എന്നിങ്ങനെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ സ്ത്രീ സാന്നിധ്യങ്ങള്‍ വളരെയധികം ശക്തരായിരുന്നു.
ഇന്ന് സംവിധായകന്റെ പേരില്‍ ഒരു സിനിമ ഇറങ്ങാറില്ല. നടന്മാരുടെ പേരിലാണ് ചിത്രങ്ങള്‍ വരുന്നത്. അവിടെയും നായികമാര്‍ നായകന്മാരുടെ പിന്നില്‍ ഒതുക്കപ്പെടുന്നു. എന്നാല്‍ ഐ.വി ശശി സിനിമകളില്‍ നടീ-നടന്മാര്‍ക്ക് തുല്യതയാണ് ലഭിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഓരോ സിനികളിലും ഇത് കാണാന്‍ സാധിക്കുമായിരുന്നു. നാല്‍ക്കവല, അങ്ങാടി, ഈറ്റ, അതിരാത്രം, ഈ നാട്, ഇടനിലങ്ങള്‍ എന്നിങ്ങനെ നീണ്ടു പോകുന്നു ഉദാഹരണങ്ങള്‍. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ സ്ത്രീകളോട് അദ്ദേഹം ബഹുമാനം കാണിച്ചിരുന്നു.
ഇന്ന് സിനിമയില്‍ സ്ത്രീകള്‍ക്കെതിരായി മോശമായ സംഭാഷണം ഉണ്ടാകില്ല എന്ന നിലപാട് എടുക്കേണ്ട സാഹചര്യത്തിലാണ് അതിനും കാലങ്ങള്‍ക്ക് മുന്‍പ് തന്നെ ഏത് സ്ത്രീയും ബഹുമാനിക്കപ്പെടേണ്ടവളാണെന്ന് ഐ.വി ശശി സിനിമകള്‍ പറഞ്ഞിരുന്നതെന്ന് നമ്മള്‍ ഓര്‍മ്മിക്കപ്പെടേണ്ടത്.