ലഖ്നൗ: യു.പി മന്ത്രിയുടെ വാഹനവ്യൂഹം തകര്‍ത്തത് കര്‍ഷകന്റെ സ്വപ്നങ്ങള്‍. ഒരാഴ്ച മുമ്പ് വിത്തെറിഞ്ഞ പാടത്തിലൂടെ മന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിച്ചതിലൂടെ സംഭവിച്ചത് വന്‍ കൃഷിനാശം. ഉത്തര്‍പ്രദേശ് ജയില്‍ മന്ത്രി ജെയ്കുമാര്‍ സിംഗ് ജെയ്കിയുടെ വാഹനവ്യൂഹമാണ് കര്‍ഷകന്റെ അധ്വാനം പാഴാക്കിയത്. മന്ത്രിയുടെ വാഹനത്തിന് പുറമെ അകമ്പടി വാഹനങ്ങള്‍ ഉള്‍പ്പെടെ 35ഓളം വാഹനങ്ങളാണ് ദേവേന്ദ്ര കുമാര്‍ ദോഹ്രെ എന്ന കര്‍ഷകന്റെ പാടത്ത് കൂടി കടന്നു പോയത്. യു.പിയിലെ ജലൗന്‍ ജില്ലയിലെ ഒരൈയിലാണ് സംഭവം.
ഒരൈയില് മുനിസിപ്പാലിറ്റി നിര്‍മ്മിക്കുന്ന ഗോശാലയുടെ ഭൂമി പൂജയ്ക്ക് എത്തിയതായിരുന്നു മന്ത്രി. എളുപ്പവഴി എന്ന നിലയ്ക്കാണ് ദേവേന്ദ്ര കുമാറിന്റെ പാടത്ത് കൂടി വാഹനം കയറ്റിക്കൊണ്ട് പോയത്. സംഭവത്തില്‍ നഷ്ടപരിഹാരമായി 4000 രൂപ ദേവേന്ദ്ര കുമാറിന് നല്‍കിയതായി മന്ത്രി പറഞ്ഞു. അതേസമയം തനിക്ക് 35,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ദേവേന്ദ്ര കുമാര്‍ പറഞ്ഞു. നാലായിരം രൂപ നഷ്ടപരിഹാരം ലഭിച്ചത് തന്നെ മന്ത്രിയുടെ കാല് പിടിച്ച് കേണപേക്ഷിട്ടിട്ടാണെന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കുറച്ച് ഭാഗത്ത് മാത്രമേ വിളനഷ്ടം സംഭവിച്ചിട്ടുള്ളൂ എന്നാണ് മന്ത്രിയുടെ വാദം. വിളകള്‍ പുറത്ത് കാണാതിരുന്നതിനാലാണ് കാറ് കയറ്റിക്കൊണ്ട് പോയത്. കുറച്ച് സ്ഥലത്ത് മാത്രമേ നഷ്ടം സംഭവിച്ചിട്ടുള്ളൂ. ജുലൗന് എം.എല്‍.എ ഗൗരി ശങ്കര്‍ കര്ഷകന് നാലായിരം രൂപ നഷ്ടപരിഹാരം നല്‍കിയെന്നും മന്ത്രി പറഞ്ഞു. പാടത്ത്, ഗോതമ്പും കടുകുമാണ് ദേവേന്ദ്ര കുമാര്‍ കൃഷി ചെയ്തിരുന്നത്. ഇവിടെ വിത്തിറക്കിയിട്ട് കേവലം ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ.






