
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേരണമെന്നഒം മക്കളെ ജിഹാദികളാക്കണമെന്നും ആഗ്രഹിച്ച കാലത്തെക്കുറിച്ച് യുവതിയുടെ തുറന്നു പറച്ചില്. ബ്രിട്ടീഷ്-ബംഗ്ലാദേശി ദമ്പതികളുടെ മകളായ ടാനിയയാണ് ഐ.എസില്‍ ചേരണമെന്നും തന്റെ മക്കളേയും ആ പാതയിലേക്ക് തിരിച്ചു വിടണമെന്നും ആഗ്രഹിച്ചത്. കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന അധിക്ഷേപങ്ങളാണ് ടാനിയയെ ജിഹാദി ആരാധികയാക്കി മാറ്റിയത്. കുട്ടിക്കാലത്ത് ടാനിയയുടെ കുടുംബത്തോട് അയല്‍വാസികള്‍ വളരെ മോശമായാണ് പെരുമാറിയിരുന്നത്. പലപ്പോഴും ജനലുകള്‍ അടിച്ചു തകര്‍ക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.
തങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ എങ്ങനെയും പ്രതികാരം ചെയ്യണമെന്ന നിലപാടിലായിരുന്നു ടാനിയ. ഇതിനിടെയാണ് 2011 സെപ്റ്റംബര്‍ 11 ഭീകരാക്രമണം അമേരിക്കയില്‍ നടക്കുന്നത്. ഇതോടെ ടാനിയ ജിഹാദി ആരാധികയായി മാറി. ഏതാനും നാളുകള്‍ക്ക് ശേഷം മുസ്ലീം മാച്ച് മേക്കിംഗ് എന്ന വെബ്സൈറ്റ് ടാനിയ പരിചയപ്പെടാനിടയായി. ആ വെബ്സൈറ്റിലൂടെയാണ് ജോണ്‍ ജോര്ജെലയെ ടാനിയ പരിചയപ്പെടുന്നത്. ടാനിയയുടേതിന് സമാനമായ ജീവിതമായിരുന്നു ജോണിന്റേത്. കുട്ടിക്കാലത്ത് തന്നെ താനൊരു റിബലാണെന്ന് പ്രഖ്യാപിച്ച ജീവിതമായിരുന്നു ജോണിന്റേത്.
സമാനമനസ്കരായ ഇരുവരും അധികം വൈകാതെ പ്രണയത്തിലാവുകയും വിവാഹിതരാകുകയും ചെയ്തു. 2013ഓടെ ഐ.എസില്‍ ചേരുന്നതിന് സിറിയയിലേക്ക് പോകാന്‍ ഇവര്‍ തീരുമാനിച്ചു. ഇതിനകം ഇവര്‍ക്ക് മൂന്ന് കുട്ടികള്‍ ജനിച്ചിരുന്നു. നാലാമത്തെ കുഞ്ഞിനെ ടാനിയ ഗര്‍ഭം ധരിച്ചിരുന്നു. ചെറിയ കുട്ടികളുമായി സിറിയയിലേക്ക് പോകാന്‍ ആദ്യം ടാനിയ മടിച്ചുവെങ്കിലും ഒരുമിച്ച് കണ്ട സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ടാനിയ ഭര്‍ത്താവിനൊപ്പം യാത്ര തിരിച്ചു.
ബസിലായിരുന്നു സിറിയന്‍ യാത്ര. അവിടെ ഒറ്റപ്പെട്ട ഒരു വില്ലയാണ് അവര്‍ക്ക് ലഭിച്ചത്. ജനലുകള്‍ പോലുമില്ലാത്ത വീട്ടില്‍ മതിയായ ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചിരുന്നില്ല. ഇതിനിടെ കുട്ടികള്‍ക്കും ടാനിയക്കും അസുഖം ബാധിച്ചു. എന്നാല്‍ തിരികെ മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ജോണിന് ആകുമായിരുന്നില്ല. ഒടുവില്‍ ജോണിനെ വിട്ട് ടാനിയ നാട്ടിലേക്ക് മടങ്ങി. ജോണില്‍ നിന്ന് വിവാഹമോചനവും നേടി.
വിവാഹമോചനം നേടിയ ടാനിയ വീണ്ടും പഴയ മാച്ചിംഗ് വെബ്സൈറ്റിനെ ആശ്രയിച്ച് പുതിയ പങ്കാളിയെ കണ്ടെത്തി. എനിക്ക് നാല് കുഞ്ഞുങ്ങളുണ്ട്, അടുത്ത ബിന്‍ ലാദനാകുന്നതിന് ഭര്‍ത്താവ് എന്നെയും കുട്ടികളേയും ഉപേക്ഷിച്ചു. പുതിയ ജീവിത പങ്കാളിയെ തേടിക്കൊണ്ട് ടാനിയ വെബ്സൈറ്റില്‍ നല്കിയ കുറിപ്പ് ഇതായിരുന്നു. 1300 പ്രതികരണങ്ങളാണ് ടാനിയയുടെ കുറിപ്പിന് ലഭിച്ചത്. പ്രതികരണങ്ങളില്‍ നിന്ന് ഐ.ടി വിദഗ്ധനായ ക്രെയ്ഡിനെ ടാനിയ കണ്ടെത്തി. ഇപ്പോള്‍ ഇയാളുമായി ഡേറ്റിംഗിലാണ് ടാനിയ.






