
മനുഷ്യശരീരത്തില്‍ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ വൈറ്റമിനുകള്‍ കൂടിയേ തീരൂ. വൈറ്റമിനുകളില്‍ ഏറെ പ്രാധാന്യമുള്ളതാണ് വൈറ്റമിന്‍ ഡി.
ആരോഗ്യകാര്യങ്ങളിലെ ശ്രദ്ധക്കുറവ് ജീവകങ്ങളുടെ അഭാവത്തിനു കാരണമാകുന്നുണ്ട്. വൈറ്റമിന്‍ ഡിയുടെ ഗുണങ്ങളറിഞ്ഞ്, ജീവിതരീതിയില്‍ മാറ്റം വരുത്തിയാല്‍ ജീവകം ഡിയുടെ അപര്യാപ്തത പരിഹരിക്കാനാകും.
വൈറ്റമിന്‍ ഡി
ജീവല്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഘടങ്ങളാണ് വൈറ്റമിനുകള്‍. മനുഷ്യശരീരത്തില്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന ഏക ജീവകമാണ് ഡി. നമ്മുടെ ശരീരത്തില്‍ വൈറ്റമിന്‍ ഡി ഉത്പാദിക്കണമെങ്കില് സൂര്യപ്രകാശത്തിന്റെ സഹായം കൂടിയേ തീരൂ.
ചര്‍മ്മത്തില്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്ക്കുമ്പോള് വിറ്റാമിന്‍ ഡി രൂപപ്പെടുന്നു. അവിടെ നിന്നും അത് കരളിലേക്ക് എത്തുകയും വിറ്റാമിന്‍ ഡി ആയി പരിണമിക്കുകയും ചെയ്യുന്നു.
ഇങ്ങനെ ചര്‍മ്മത്തില്‍ നടക്കുന്ന ഉത്പാദനം പതിനഞ്ച് മിനിട്ട് കൊണ്ട് പൂര്‍ത്തിയാകുന്നു. ഇത് ചര്‍മ്മത്തിന്റെ നിറത്തെ ആശ്രയിച്ചിരിക്കുന്നു. (ഇരുണ്ട നിറമുള്ളവര്‍ കൂടുതല്‍ നേരം സൂര്യപ്രകാശം ഏല്ക്കേണ്ടതുണ്ട്.
വിറ്റാമിന്‍ ഡിയുടെ ഗുണങ്ങള്‍
അസ്ഥികള്‍ മുതല്‍ രോഗപ്രതിരോധ ശേഷി വരെയുള്ള ആരോഗ്യ അവസ്ഥകളില്‍ വൈറ്റമിന്‍ ഡി ഒരു പ്രധാന പങ്കുവഹിക്കുന്നു. നമ്മുടെ ഭക്ഷണത്തില്‍ നിന്നും കാത്സ്യം, ഫോസ്ഫറസ് എന്നിവയെ ആഗിരണം ചെയ്ത് എല്ലുകളെ ആരോഗ്യമുള്ളതും ബലമുള്ളതുമാക്കുന്നു.
എല്ലുകളുടെ ബലത്തിന് കാത്സ്യം ആവശ്യമാണ്. കാത്സ്യം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ബോണ്‍ മിനറല്‍ ഡെന്‍സിറ്റി (ബിഎംഒ) വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എല്ലുകള്‍ക്ക് കാത്സ്യം ആഗിരണം ചെയ്യുന്നതിന് വൈറ്റമിന്‍ ഡി ആവശ്യമാണ്.
ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ഡി ലഭിക്കാതെ വരുമ്പോള്‍ എല്ലുകള്‍ക്ക് കാത്സ്യം ആഗിരണം ചെയ്യാന്‍ സാധിക്കില്ല. ഇത് പിന്നീട് കാത്സ്യം എല്ലുകളില്‍ നിന്നും വലിച്ചെടുക്കുന്നതിന് കാരണമാകുന്നു. ഇങ്ങനെ കാത്സ്യം ശേഖരിക്കുകയും വലിച്ചെടുക്കുകയും ചെയ്യുന്നത് എല്ലുകളെ ബലഹീനമാക്കും.
പ്രമേഹത്തിനും ഹൃദ്രോഗത്തിനും
വൈറ്റമിന്‍ ഡി കാത്സ്യത്തിന്റെ ആഗിരണം വര്‍ധിപ്പിക്കുക മാത്രമല്ല, ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ അപര്യാപ്തത ഉണ്ടാകുമ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിക്കുന്നു.
വിറ്റാമിന്‍ ഡി ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളുടെ ഉത്പാദനത്തെ മെച്ചപ്പെടുത്തുന്നു. കൂടാതെ കരള്‍, പേശികള്‍, കൊഴുപ്പ് കലകള്‍ തുടങ്ങിയവയ്ക്ക് ഇന്‍സുലിനോടുള്ള പ്രതികരണശേഷി മെച്ചപ്പെടുത്തുന്നു.
രോഗനിയന്ത്രണത്തിന് വൈറ്റമിന്‍ ഡി
എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദം കുറയ്ക്കാനും വൈറ്റമിന്‍ ഡിയിലൂടെ സാധിക്കും. ഇന്ത്യയില്‍ 90 ശതമാനം പേര്‍ക്കും വൈറ്റമിന്‍ ഡിയുടെ കുറവുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സൂര്യപ്രകാശം ഏല്‍ക്കാത്ത വസ്ത്രധാരണം, ചര്‍മ്മത്തിന്റെ ഇരുണ്ട നിറം, അമിത വണ്ണം ഇവയെല്ലാം ജീവകം ഡിയുടെ അഭാവത്തിന് കാരണമാകുന്നു.
വൈറ്റമിന്‍ ഡിയുടെ അഭാവത്തില്‍ കുട്ടികളില്‍ കണ്ടുവരുന്ന അവസ്ഥയാണ് റിക്കറ്റ്സ്. കുട്ടികളിലെ വളര്‍ച്ച മുരടിപ്പ് കൂടാതെ കൈകാലുകളിലെ അസ്ഥികള്‍ വളയുക, പല്ലുകള്‍ രൂപപ്പെടാന്‍ താമസം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം.
മുതിര്‍ന്നവരില്‍ വൈറ്റമിന്‍ ഡിയുടെ കുറവ് ഒസ്റ്റിയോമലേഷ്യ എന്ന രോഗാവസ്ഥയിലേക്ക് നയിക്കും. മുലയൂട്ടുന്ന അമ്മമാരിലും സ്ത്രീകളിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.
അസ്ഥികളില്‍ കാത്സ്യത്തിന്റെ അളവ് കുറയുന്നതു മൂലം പ്രത്യേകിച്ച്, വൃദ്ധജനങ്ങളില്‍ അസ്ഥിക്ഷയം ഉണ്ടാകുവാനും ചെറിയ പരിക്കുകള്‍ പോലും അസ്ഥികള്‍ ഒടിയുവാനും കാരണമാകുന്നു. കാന്‍സര്‍ തടയുന്നതിനും വൈറ്റമിന്‍ ഡിക്ക് കഴിവുണ്ട്.






