Authored by Web Desk | Last updated: 10 Nov 2017, 4:24 PM | 5 min read
ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഐശ്വര്യലക്ഷ്മിയും ശാന്തി ബാലചന്ദ്രനും തങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുന്നു...
അടുത്തിടെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രങ്ങളായിരുന്നു ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയും തരംഗവും. ഈ സിനിമകളിലൂടെ രണ്ട് പുതുമുഖ നായികമാരേയും മലയാളത്തിന് ലഭിച്ചു. ഐശ്വര്യലക്ഷ്മിയും ശാന്തി ബാലചന്ദ്രനും. മലയാളസിനിമയുടെ പുതിയ മുഖങ്ങളായി മാറുന്ന ശാന്തിയുടേയും ഐശ്വര്യയുടേയും പുത്തന്‍ സിനിമാവിശേഷങ്ങള്‍...
ഇടവേളയായി വെള്ളിത്തിര
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെന്ന ചിത്രം കണ്ടവരാരും റേയ്ച്ചലെന്ന കഥാപാത്രത്തെ മറക്കില്ല. കുസൃതിനിറഞ്ഞ കണ്ണുകളും നിഷ്ക്കളങ്കമായ സംസാരവും ആ കഥാപാത്രത്തെ പ്രിയങ്കരിയാക്കി. റേയ്ച്ചലായി മലയാളി മനസ്സുകള്‍ കീഴടക്കിയ ഐശ്വര്യലക്ഷ്മിക്ക് പറയാനേറെയുണ്ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെക്കുറിച്ചും റിലീസാകാനൊരുങ്ങുന്ന മായാനദിയെക്കുറിച്ചും മനസ്സതുറക്കുകയാണ് ഐശ്വര്യ.
ഐശ്വര്യലക്ഷ്മിയില്‍ നിന്നു റെയ്ച്ചലിലേക്കുള്ള മാറ്റം എങ്ങനെ ?
എന്റെ സുഹൃത്താണ് അല്‍ത്താഫിനെക്കുറിച്ച് പറയുന്നത്. പ്രേമം സിനിമയ്ക്ക് ശേഷമാണ് അല്‍ത്താഫിന്റെ സിനിമാമോഹത്തെക്കുറിച്ച് സുഹൃത്ത് പറഞ്ഞത്. അല്‍ത്താഫിന്റെ കൈയില്‍ മികച്ചൊരു തിരക്കഥയുണ്ടെന്നും അത് സിനിമയാക്കാന്‍ താല്പര്യമുണ്ടെന്നും ഞാന്‍ അറിഞ്ഞു.
ഒരിക്കല്‍ ക്രിസ്മസിന്റെ തലേദിവസം ഞാന്‍ എറണാകുളത്ത് ഒരു കഫേയില്‍ പോയി. അവിടെ വച്ച് യാദൃച്ഛികമായാണ് ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയുടെ കാസ്റ്റിംഗ് കോളിനെക്കുറിച്ചറിയാന് ഇടയായത്. ഞാനും കുറച്ച് ഫോട്ടോഗ്രാഫുകള്‍ അയച്ചു. കുറച്ച് നാളുകള്‍ക്ക് ശേഷം ഓഡിഷന് വിളിച്ചു.
സെലക്ടായപ്പോള്‍ തന്നെ അല്‍ത്താഫ് പറഞ്ഞു::ഇതൊരു ഹീറോയിന് ഓറിയന്റഡ് മൂവിയല്ല. അമ്മയ്ക്കാണ് ചിത്രത്തില്‍ പ്രാധാന്യമെന്ന്.. തിരക്കഥ കേട്ടപ്പോള്‍ ഞാന്‍ വളരെ എക്സൈറ്റഡായി. കാരണം ഇത്ര നല്ലൊരു സിനിമ കൈവിടുന്നത് കലാകാരിയെന്ന നിലയിലും ഒരു സിനിമാപ്രേമിയെന്ന നിലയിലും നന്നല്ല എന്ന് തോന്നി. അങ്ങനെ ചിത്രത്തില്‍ ഞാനും ഒരു കഥാപാത്രമായി.
ആദ്യചിത്രത്തിന് ശേഷമുള്ള പ്രേക്ഷകപ്രതികരണം ?
ഞാന്‍ തീയറ്ററില്‍ പോയാണ് സിനിമ കണ്ടത്. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ കുറേപ്പേര് അടുത്ത് വന്ന് വളരെ നന്നായിട്ടുണ്ടെന്നും, ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി.
നിവിന്‍ പോളിക്കും ശാന്തികൃഷ്ണയ്ക്കുമൊപ്പമുള്ള അനുഭവം ?
ജീവിതത്തില്‍ ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയതാണ് ശാന്തികൃഷ്ണ മാം. പക്ഷേ ഒരിക്കലും തന്റെ വിഷമങ്ങളൊന്നും അവര്‍ പുറമേ പ്രകടിപ്പിച്ചിട്ടില്ല. അതിനേക്കാളേറെ എന്നെയൊക്കെ സ്വന്തം മകളെപ്പോലെ സ്നേഹിക്കുകയായിരുന്നു അവര്‍.
ഞാനൊരു കട്ട നിവിന്‍ പോളി ഫാനാണ്. ഈ ചിത്രത്തില്‍ അഭിനയിച്ചതോടെ അത് വീണ്ടും കൂടി. കാരണം യാതൊരു ജാഡയുമില്ല നിവിന്‍. നിവിന്‍ പോളിക്ക് ജാഡയാണോയെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. കൂടെ അഭിനയിക്കുന്നവരെയെല്ലാം വളരെയധികം സ്നേഹിക്കുകയും ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് നല്ലതുമാത്രം വരണമെന്നാഗ്രഹിക്കുകയും ചെയ്യുന്നൊരു വ്യക്തിയാണ് അദ്ദേഹം.
പ്രൊഫഷന് ഡോക്ടറുടേത്. ഒപ്പം അഭിനയവും. എങ്ങനെ മാനേജ് ചെയ്യുന്നു ?
ഞാന്‍ ഒരു സമയം ഒരു സിനിമയേ ചെയ്യാറുള്ളൂ. പഠനം കഴിഞ്ഞു, ഇപ്പോള്‍ വടക്കന്‍ പറവൂര്‍ ശ്രീനാരായണ മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്. എം.ബി.ബി.എസ് പരീക്ഷ കഴിഞ്ഞ ശേഷമാണ് സിനിമ ചെയ്തത്. സിനിമയിലെ ത്തും മുന്‍പ് മോഡലിംഗൊക്കെ ചെയ്യാറുണ്ടായിരുന്നു.
ഞണ്ടുകളുടെ നാട്ടിലൊരിടവേളയില് ഏറ്റവും ആകര്‍ഷിച്ച ഘടകമെന്തായിരുന്നു ?
നായിക, നായകന് എന്നതിനപ്പുറം തിരക്കഥയ്ക്കായിരുന്നു പ്രാധാന്യം. എല്ലാവരും നന്നായി ചെയ്യുമ്പോള്‍ എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് ഉണ്ടാകുമോ എന്നായിരുന്നു പേടി. അതിലുപരി സിനിമാപ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന സംശയവും. പക്ഷേ പേടിച്ചതുപോലെ ഒന്നും ഉണ്ടായില്ല. സിനിമ വലിയ ഹിറ്റായി.
റിലീസിനൊരുങ്ങുന്ന മായാനദിയെക്കുറിച്ച്?
2016 നവംബര്‍ 27 നാണ് ഞണ്ടുകളുടെ ഷൂട്ട് കഴിഞ്ഞത്. അതിനുശേഷം ഒരു മാസം ആക്ടിംഗ് കോഴ്സ് പഠിച്ചു. സിനിമയെക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന ചിന്തയിലാണ് കോഴ്സിന് ചേര്‍ന്നത്. ആ സമയത്താണ് ആഷിക് അബുവിന്റെ മായാനദിയെന്ന സിനിമയെക്കുറിച്ചറിയുന്നത്. അതിലേക്ക് പുതുമുഖതാരങ്ങളെ തെരഞ്ഞെടുക്കുന്ന സമയം.
ഞാന്‍ ആഷിക് അബുവിന്റെ വലിയൊരു ആരാധികയാണ്. ചിത്രത്തിന്റെ ഭാഗമാകാന്‍ താല്പര്യമുള്ളതുകൊണ്ട് എന്റെ കുറച്ച് ചിത്രങ്ങള്‍ അയച്ചു. ഒരാഴ്ചയ്ക്ക് ശേഷം ഓഡിഷന് വിളിച്ചു. അതില്‍ പങ്കെടുത്തപ്പോഴും എനിക്ക് തീരെ പ്രതീക്ഷയുണ്ടായിരുന്നില്ല.
എനിക്കിത് കിട്ടില്ലെന്ന് അച്ഛനോടും അമ്മയോടും ഉറപ്പിച്ചു പറഞ്ഞു. പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് മായാനദിയിലെ നായികാകഥാപാത്രം കിട്ടി. മികച്ചൊരു പ്രണയകഥയാണ് മായാനദി.
വീട്ടുവിശേഷം ?
അച്ഛന് ഉണ്ണികൃഷ്ണന് സര്‍ക്കാര്‍ സര്‍വീസിലായിരുന്നു. വിരമിച്ചു. അമ്മ വിമലകുമാരി ഇപ്പോഴും സര്‍വീസിലുണ്ട്. മോഡലിംഗും അഭിനയവും എന്റെ താല്പര്യങ്ങളായിരുന്നെങ്കിലും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. അഭിനയത്തെ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്ന കുടുംബമാണ് എന്റേത്.
അങ്ങനെ ഒരവധിക്കാലത്ത്....
ഒരേ സമയം രണ്ട് സിനിമകളില്‍ നായികയായി തുടക്കം. മലയാള സിനിമയിലെ പുതുമുഖങ്ങള്‍ക്ക് വളരെ അപൂര്‍വമായി ലഭിക്കുന്ന സൗഭാഗ്യം. ശാന്തി ബാലചന്ദ്രന് എന്ന പുതുമുഖ നടിയാണ് ഇരട്ടി മധുരം നുണഞ്ഞ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ശാന്തി നായികയായ തരംഗം, തിയേറ്ററുകളില്‍ ഹിറ്റാകുന്നു.
അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ട് മലയാള സിനിമകളിലൊന്നായി ശാന്തിയുടെ മറ്റൊരു സിനിമ രണ്ടുപേര്‍. തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ ശാന്തിയുടെ സിനിമ വിശേഷങ്ങള്‍...
സിനിമയിലേക്കുള്ള എന്‍ട്രി?
ഞാന്‍ ഏഴ് വര്‍ഷമായി യു.കെയിലാണ്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ പിഎച്ച്. ഡി ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം രണ്ട് മാസത്തെ അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ ദ ലവര് എന്ന നാടകത്തിന്റെ ഓഡിഷന് പോസ്റ്റര്‍ കണ്ട് അതില്‍ പങ്കെടുത്തു. നാടകത്തിലേക്ക് എന്നെ നായികയായി സെലക്ട് ചെയ്തു.
നാടകത്തിന്റെ പ്രമോഷന് വേണ്ടി ചെയ്ത ടീസറും ട്രെയിലറും കണ്ടിട്ടാണ് സംവിധായകന് പ്രേം ശങ്കര്‍ രണ്ടുപേര്‍ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. ഇതിനിെട തരംഗത്തിന്റെ സംവിധായകന് അരുണ്‍ ഡൊമിനിക്കും ട്രെയിലര്‍ കണ്ടു.
അങ്ങനെയാണ് എന്നെ കോണ്ടാക്ട് ചെയ്യാന്‍ കാസ്റ്റിംഗ് ഏജന്‍സിയോട് പറയുന്നത്. അവര്‍ എന്നെ വിളിച്ച് സംസാരിച്ചു. ഓഡിഷനുവേണ്ടി അവര്‍ പറഞ്ഞ സീനുകള്‍ അഭിനയിച്ച് വീഡിയോ അയച്ചു കൊടുത്തു. ആ സമയത്ത് ഞാന്‍ രണ്ടുപേര്‍ സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു.
നാട്ടില്‍ വന്നപ്പോള്‍ കൊച്ചിയില്‍ വച്ച് ലൈവ് ഓഡിഷനുണ്ടായിരുന്നു. അതു കഴിഞ്ഞ് അടുത്ത ദിവസം സംവിധായകന് വിളിച്ച് എന്നെ സെലക്ട് ചെയ്തു എന്നു പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.
കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ടീമിനൊപ്പം ജോയിന്‍ ചെയ്തു. ആദ്യം അഭിനയിച്ചത് രണ്ടുപേരിലാണെങ്കിലും ആദ്യം ഷൂട്ടിങ് പൂര്‍ത്തിയാക്കി റിലീസ് ചെയ്തത് തരംഗമാണ്. അന്താരാഷ്ര്ട ചലച്ചിത്ര മേളയില്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ട് മലയാള ചിത്രങ്ങളില്‍ ഒന്ന് രണ്ടുപേരാണ്.
നാടകാനുഭവങ്ങള്‍?
തിയേറ്റര്‍ അനുഭവങ്ങള്‍ ഒരു കലാകാരിയെ സംബന്ധിച്ച് വളരെ വലുതാണ്. അച്ചടവും ക്ഷമയും പഠിക്കാന്‍ കഴിയും. ഒരുപാട് സമയമെടുത്ത് റിഹേഴ്സല്‍ ചെയ്തിട്ടാണ് നാടകം അവതരിപ്പിക്കുന്നത്.
അവിടെ റീ ടേക്കുകള്‍ എടുക്കാന്‍ കഴിയില്ലല്ലോ? മാത്രമല്ല അഭിനയിക്കുമ്പോള്‍ ഓഡിയന്‍സുമായി നേരിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയും. ലൈവ് പെര്‍ഫോമന്‍സ് തരുന്ന ത്രില്‍ ഒന്നുവേറെതന്നെയാണ്. തിയേറ്റര്‍ എക്സിപീരിയന്‍സ് സിനിമയില്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്.
യു.കെയിലെ ഏഴ് വര്‍ഷങ്ങള്‍?
ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. വ്യത്യസ്തരായ കുറേ ആളുകളെ പരിചയപ്പെട്ടു. പഠനവുമായി ബന്ധപ്പെട്ട് കുറേയേറെ സ്ഥലങ്ങളില്‍ പോയി. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമയമായിരുന്നു അത്.
ഡിഗ്രിക്കപ്പുറം ഒരുപാട് നല്ല അനുഭവങ്ങള്‍ നല്കിയ ഏഴ് വര്‍ഷങ്ങള്‍ ജീവിതത്തില്‍ എന്നും മുതല്‍ക്കൂട്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്.
ചെറുപ്പം മുതലേ സയന്‍സ് വിഷയങ്ങളേക്കാള്‍ സോഷ്യല്‍ സയന്‍സിനോടായിരുന്നു താല്പര്യം. ഡിഗ്രി ചെയ്തത് സൈക്കോളജിയിലാണ്. അതില്‍ സോഷ്യല്‍ സൈക്കോളജിയായി കൂടുതല്‍ ഇഷ്ടം.
ഒരു സമൂഹത്തില്‍ എങ്ങനെ പെരുമാറുന്നു, സംസ്കാരം വ്യക്തി ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ അറിയാന്‍ കൗതുകം തോന്നി.
ഈ കാര്യങ്ങളൊക്കെ വളരെ വിശദമായി ആന്ത്രോപോളജിയില്‍ പഠിക്കാനുണ്ട്. വിഷ്വല്‍ ആന്ത്രോപോളജിയിലാണ് സ്പെഷ്യലൈസ് ചെയ്യുന്നത്. ഇപ്പോള്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കുറച്ചുനാളത്തേക്ക് അവധി എടുത്തിരിക്കുകയാണ്.
അഭിനയത്തോട് താല്പര്യമുണ്ടായിരുന്നെങ്കിലും ഒരിക്കലും സീരിയസായി കണ്ടിരുന്നില്ല. പഠനത്തിനാണ് പ്രാധാന്യം കൊടുത്തത്. ചെറുപ്പം മുതലേ കല ജീവിതത്തിന്റെ ഭാഗമായതാണ്.
അഞ്ചു വയസുമുതല്‍ കൊച്ചി കലാപീഠത്തില്‍ പെയിന്റിംഗ് പഠിച്ചു. അവിടെയെത്തുന്ന കലാകാരന്മാരുമായി ഇടപഴകാനുള്ള അവസരങ്ങളും കിട്ടി.
പിന്നീട് സി.സി.ആര്.ടിയുടെ സ്കോളര്‍ഷിപ്പോടെ ചെന്നൈയിലെ ചോളമണ്ഡല്‍ ആര്‍ട്ടിസ്റ്റ് വില്ലേജില്‍ പി.ഗോപിനാഥന് സാറിന്റെ കീഴില്‍ പഠനം തുടര്‍ന്നു. അവിടെ അക്ര്ലിക് പെയിന്റിംഗും മിക്സ് മീഡിയയുമാണ് പഠിച്ചത്.
ലൊക്കേഷന്‍ അനുഭവങ്ങള്‍?
പോസിറ്റീവായ അനുഭവങ്ങളാണത്. വളരെ ടാലന്റഡായ അഭിനേതാക്കളും ക്രൂവുമായിരുന്നു തരംഗത്തിന്റേത്. ക്യാമറയ്ക്ക് മുമ്പിലും അണിയറയിലും ഒരുപാട് പുതുമുഖങ്ങളുണ്ടായിരുന്നു.
പിന്നെ ടോവിനോ, വിജയരാഘവന് സാര്‍, അലന്‍സിയര്‍ സാര്‍, ബാലു എന്നീ അഭിനേതാക്കളും. അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
45 ദിവസത്തെ ഷെഡ്യൂളില്‍ തുടര്‍ച്ചയായി 24 മണിക്കൂര്‍ ഷൂട്ട് ചെയ്ത ദിവസങ്ങളുണ്ടായിട്ടുണ്ട്. എല്ലാവരും പാഷനോടെ വര്‍ക്ക് ചെയ്തതുകൊണ്ട് അതിന്റെ ക്ഷീണമൊന്നും ആര്‍ക്കുമുണ്ടായിരുന്നില്ല.
തരംഗത്തിലെ കഥാപാത്രത്തെക്കുറിച്ച്?
ഞാനുമായി യാതൊരു സാമ്യതയുമില്ലാത്ത കഥാപാത്രമാണ് തരംഗത്തിലെ മാലിനി. ഔട്ട് സ്പോക്കണ് ആയിട്ടുള്ള പെണ്കുട്ടിയാണവള്. പറയാനുള്ളത് തുറന്നടിച്ച് പറയും. ഞാനങ്ങനെയല്ല, വളരെ സെന്‍സിറ്റീവാണ്.
അനുഭവങ്ങളൊരുപാടുണ്ട്. എടുത്തുപറയേണ്ടത് പാക്കിസ്ഥാനിലേക്കുള്ള യാത്രയാണ്. എല്ലാ ഇന്ത്യക്കാര്‍ക്കും കിട്ടുന്ന അവസരമല്ലത്. എല്ലാ വര്‍ഷവും യൂണിവേഴ്സിറ്റിയില്‍ നിന്ന് നാല് വിദ്യാര്‍ത്ഥികളെയാണ് റിസര്‍ച്ചിന്റെ ഭാഗമായി ലാഹോറിലേക്ക് അയക്കുന്നത്. അതിലൊരാളാകാന്‍ കഴിഞ്ഞു.
ഒരാഴ്ച അവിടെ താമസിച്ചു. വളരെ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയില്‍ നിന്നാണ് വരുന്നതെന്നറിഞ്ഞപ്പോള്‍ ഒരുപാടാളുകള്‍ കാണാ നും പരിചയപ്പെടാനും വന്നു. വളരെ സ്മാര്‍ട്ടായിട്ടുള്ള യുവ തലമുറയാണ് അവിടെയുള്ളത്. അവര്‍ക്കൊക്കെ ഇന്ത്യാക്കാരോട് സ്നേഹവും ബഹുമാനവുമാണ്.
ചിത്രരചനയ്ക്കു പുറമേയുള്ള ഇഷ്ടങ്ങള്‍?
യാത്രകള്‍ ഇഷ്ടമാണ്. അത്യാവശ്യം വായിക്കും. എഴുതും. ഫോട്ടോഗ്രഫിയോട് താല്പര്യമുണ്ട്. ഫ്രണ്ട്സിനോടൊപ്പമുള്ള യാത്രകള്‍ രസകരമാണെങ്കിലും ഒറ്റയ്ക്കുള്ള യാത്രകളാണ് കൂടുതല്‍ ഇഷ്ടം. അഭിനയത്തിന് പുറമേ സിനിമയെക്കുറിച്ച് കൂടുതല്‍ പഠിക്കാനും താല്പര്യമുണ്ട്.
ഏറെ ആരാധന തോന്നിയ നടി?
മലയാളത്തില്‍ എന്നെ വിസ്മയിപ്പിച്ച ഒരുപാട് അഭിനേതാക്കളുണ്ട്. അതില്‍ ഏറെയിഷ്ടം കെ.പി.എ.സി ലളിത ചേച്ചി, സുകുമാരിയമ്മ എന്നിവരെയാണ്. സ്വാഭാവികമായ അഭിനയമാണ് ലളിത ചേച്ചിയുടേത്.
അതുപോലെ സുകുമാരിയമ്മയും. സുകുമാരിയമ്മയെ നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിനുള്ള ഭാഗ്യമുണ്ടായില്ല.
കുടുംബം?
അച്ഛന് ബാലചന്ദ്രന്, അമ്മ ഹേമലത. അനിയന് സന്ദീപ്. നാട്ടില്‍ അമ്മൂമ്മയുമുണ്ട്. അച്ഛനുമമ്മയും ബാങ്ക് ഉദ്യോഗസ്ഥരാണ്. അച്ഛന് റിട്ടയര്‍ ചെയ്തു. എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്നത് അച്ഛനും അമ്മയുമാണ്.
കരിയര്‍ സെലക്ട് ചെയ്യുന്നതില്‍ അവര്‍ ഇടപെട്ടിട്ടേയില്ല. എന്നില്‍ വിശ്വാസമുള്ളതുകൊണ്ട് ഇഷ്ടമുള്ളതൊക്കെ ചെയ്യാനുള്ള സ്വാതന്ത്രം എപ്പോഴും തരാറുണ്ട്.
അച്ഛന്റെ സ്ഥലം മാറ്റം കാരണം പഠനമൊക്കെ കേരളത്തിന് വെളിയിലായിരുന്നു. ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, എന്നിവിടങ്ങളിലും യു.കെയിലുമായിട്ടാണ് പഠനം പൂര്‍ത്തിയാക്കിയത്. അവധി ദിവസങ്ങളില്‍ നാട്ടിലെത്തുമ്പോള്‍ അമ്മയുടെയും അമ്മൂമ്മയുടെയും കൂടെയാണ് കൂടുതല്‍ സമയവും.