
മലയാള സിനിമയില്‍ ഏറെ പുതുമകളോടെ എത്തിയ ചിത്രമാണ് 'വില്ലന്‍'. ഹോളിവുഡ് ചിത്രങ്ങളുടേതിന് സമാനമായി 8കെ പ്രൊഡക്ഷനിലെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രം. മോഹന്‍ലാല്‍-ഉണ്ണികൃഷ്ണന് ടീമിന്റെ മാസ്സിനേക്കാള്‍ തീവ്രമായ ജീവിത മുഹൂര്‍ത്തങ്ങളിലൂടെ പോകുന്ന പോലീസ് കഥാപാത്രം. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നാണ് മാത്യൂ മാഞ്ഞൂരാന് എന്ന കഥാപാത്രമെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. ഒപ്പം വില്ലന്‍ എങ്ങനെ തനിക്ക് പ്രീയപ്പെട്ടതാകുന്നെന്നും വ്യക്തമാക്കി.
'വില്ലനിലെ നായക കഥാപാത്രം വേറിട്ടതാണ്. നമ്മുടെ കാലത്തോട് പലതും പറയുന്ന സിനിമയാണത്. തീര്‍ച്ചയായും എനിക്ക് വ്യത്യസ്തത സമ്മാനിച്ച സിനിമ. മാത്യൂ മാഞ്ഞൂരാന് എന്ന തീവ്രതയുള്ള കഥാപാത്രത്തെ സമീപിച്ചതും ആലോചിച്ചുറച്ചല്ല. ഞാന്‍ കഥാപാത്രങ്ങളെ അങ്ങനെ ആലോചിച്ചുറച്ച് സമീപിക്കാറില്ല. ഏതോ ഒരു നിമിഷത്തില്‍ കഥാപാത്രം എന്നിലേയ്ക്കോ, ഞാന്‍ കഥാപാത്രത്തിലേയ്ക്കോ ചെന്നെത്തുകയെന്നതാണ് പലപ്പോഴും സംഭവിക്കുന്നത്'.
വിശാല്‍, മഞ്ജു വാര്യര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയായിരുന്നു ചിത്രത്തില്‍. പക്ഷേ 'അഭിനയത്തില്‍ മത്സരമില്ല. പരസ്പരം ആദരവോടെയുള്ള കൊടുക്കല്‍ വാങ്ങലുകള്‍ മാത്രമാണെന്ന്' മോഹന്‍ലാല്‍ പറയുന്നു. മറ്റൊരു വലിയ സന്തോഷം കൂടി വില്ലനെക്കുറിച്ച് മോഹന്‍ലാലിനുണ്ട്. യേശുദാസിന്റെ ശബ്ദത്തില്‍ ഏറെക്കാലത്തിനു ശേഷമാണ് മോഹന്‍ലാല്‍ ഒരു പാട്ടില്‍ അഭിനയിക്കുന്നത്. 'എന്നും എന്നെ മോഹിപ്പിക്കുന്ന കാര്യമാണത് വീണ്ടും അതിന് ഭാഗ്യം ഉണ്ടായതില്‍ സന്തോഷം' എന്നും താരം പറഞ്ഞു.






