
സിനിമാ മേഖലയില്‍ വലിയ രീതിയില്‍ പ്രായ വിവേചനം നടക്കുന്നുണ്ടെന്ന് ബോളിവുഡ് നടി ഇഷ കോപികര്‍. സിനിമാരംഗത്ത് പ്രായത്തിന്റെ പേരിലുള്ള മാറ്റിനിര്‍ത്തലുകള്‍ എപ്പോഴും സ്ത്രീകളെ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.
പുരുഷന്മാര്ക്ക് പ്രായമാകുന്നത് സിനിമയില്‍ ഒരു പ്രശ്നമേയല്ല. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രായമാകുമ്പോള്‍ അത് വലിയൊരു പോരായ്മയായിട്ടാണ് കണക്കാക്കുന്നത്. ഒരു സ്ത്രീയുടെ മുഖത്തുണ്ടാകുന്ന ചുളിവുകള്‍ പ്രായത്തെ മാത്രമല്ല, അവള് പിന്നിട്ട പോരാട്ടങ്ങളെയും അനുഭവങ്ങളെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്നും ഇഷ കൂട്ടിച്ചേര്‍ത്തു.
'ഒരു സ്ത്രീയുടെ സൗന്ദര്യം അവളുടെ മുഖത്ത് മാത്രമല്ല, അവളുടെ ജീവിതയാത്രയില്‍ അത് കാണാം. മുഖത്തെ ചുളിവുകള്‍ അവളുടെ പ്രായത്തെ മാത്രമല്ല, അവളുടെ പോരാട്ടങ്ങളെക്കൂടിയാണ് പ്രതിനിധാനം ചെയ്യുന്നത്. ജീവിതാനുഭവങ്ങളും ഉണങ്ങിയ മുറിവുകളും അതില്‍ കാണാം. നിങ്ങളുടെ അമ്മയും സഹോദരിയും മകളും, ഒരു ദിവസം നിങ്ങളും പ്രായമാകും. അതുകൊണ്ട് തന്നെ പ്രായമാകുന്നതിനെ ഒരു അപമാനമായി കാണരുത്. എല്ലാ പ്രായത്തിലും സ്ത്രീകളെ ബഹുമാനിക്കുക. അവരുടെ പ്രായം നോക്കരുത്, മറിച്ച് അവരുടെ യാത്ര നോക്കുക. അവരുടെ തൊലി നോക്കരുത്, അവരുടെ ശക്തി നോക്കുക. ഇത് മനസ്സിലാക്കുക. ആത്മവിശ്വാസത്തിന് പ്രായമില്ല. സൗന്ദര്യത്തെ പ്രായം കൊണ്ട് അളക്കുന്ന രീതി ലോകം പണ്ടേ അവസാനിപ്പിക്കേണ്ടതായിരുന്നു'; ഇഷ വ്യക്തമാക്കി.
തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട, ഭാഷകളില്‍ അഭിനയിച്ചിട്ടുളള നടിയാണ് ഇഷ ഗോപികര്‍. 2024ല്‍ റിലീസായ തമിഴ് ചിത്രം ' അയലാന്' ആണ് ഇഷ അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം. ശിവകാര്‍ത്തികേയനായിരുന്നു ഇതില്‍ നായകന്.






