
തിരുവനന്തപുരം: മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള തീരുമാനം സിപിഐ മന്ത്രിമാരും അവരെ നയിക്കുന്ന പാര്‍ട്ടിയും എടുത്തത് തങ്ങളുടെ നടപടി അസാധാരണമാണെന്ന ഉത്തമബോധ്യത്തോടെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അസാധാരണ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് സിപിഐയെ നിര്‍ബന്ധിതമാക്കിയതെന്നും അത് പ്രതീക്ഷിച്ച ഫലപ്രാപ്തിയിലേക്കാണ് കേരള രാഷ്ട്രീയത്തെ നയിച്ചതെന്നും ജനയുഗത്തില്‍ എഴുതിയ എഡിറ്റോറിയലില്‍ വ്യക്തമാക്കി.
കായല്‍കയ്യേറ്റ വിവാദത്തില്‍ കുടുങ്ങിയ തോമസ്ചാണ്ടിയ്ക്കൊപ്പം മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാനാകില്ലെന്ന നിലപാട് വ്യക്തമാക്കി ഇന്നലെ സിപിഐയുടെ നാലു മന്ത്രിമാര്‍ ഇന്നലെ മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടു നിന്നിരുന്നു. ഇതിനെ അസാധാരണ നടപടിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് വിശേഷിപ്പിച്ചത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായെന്ന ഹൈക്കോടതി പരാമര്‍ശത്തിന് പിന്നാലെ സിപിഐ മന്ത്രിമാരുടെ നീക്കം എല്‍ഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കുകയും തോമസ്ചാണ്ടിയുടെ രാജിയിലേക്കും നയിച്ചിരുന്നു.
മന്ത്രിപദവിയിലിരുന്നുകൊണ്ട് സര്‍ക്കാരിന്റെ നടപടികളെ ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്ന് തിരിച്ചറിയാന്‍ ഹൈക്കോടതി വിധി കാത്തിരിക്കേണ്ടതില്ലെന്നും കോടതിയുടെ രൂക്ഷമായ പരാമര്‍ശം കൂടി പുറത്തുവന്നതോടെ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതുതന്നെ മന്ത്രിസഭയെ സംബന്ധിക്കുന്ന ജനാധിപത്യമൂല്യങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനമാണെന്നും ഈ അസാധാരണ സാഹചര്യമാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്ക്കുകയെന്ന അസാധാരണ നടപടിയിലേയ്ക്ക് സിപിഐയെ നയിച്ചതെന്നും എഡിറ്റോറിയലില്‍ പറയുന്നു.
അഴിമതിയും അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും രാഷ്ട്രീയ മൂല്യച്യൂതിയുമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ പതനത്തിന് കാരണമാക്കിയത്. ഉന്നതമായ നീതിബോധവും രാഷ്ട്രീയ പ്രബുദ്ധതയുമുള്ള കേരളജനത ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സ്വീകരിച്ചതിനും ഇത് കാരണമായി. അഴിമതി, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം തുടങ്ങി രാഷ്ട്രീയത്തെ സ്വാധീനിക്കാവുന്ന തിന്മകള്ക്കെതിരെ ജാഗ്രതയോടെ പ്രതികരിക്കാനുള്ള ശേഷി ആവര്‍ത്തിച്ചു പ്രകടിപ്പിച്ചിട്ടുള്ള കേരളാജനത അന്ധമായ രാഷ്ട്രീയവിരോധമോ അമിതമായ വിധേയത്വമോ പ്രകടിപ്പിക്കാതെ തികഞ്ഞ പക്വതയോടെ സമ്മതിദാന അവകാശം പ്രകടിപ്പിക്കാനുള്ള വിവേകം ആവര്‍ത്തിച്ചു തെളിയിച്ചിട്ടുണ്ട്.
തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന കായല്‍ കയ്യേറ്റ ആരോപണവും തുടര്‍ന്നുള്ള നടപടികളും ജനങ്ങള്‍ എല്‍ഡിഎഫില്‍ അര്‍പ്പിച്ച വിശ്വാസത്തിന് തെല്ലെങ്കിലും മങ്ങലേല്‍പ്പിക്കാന്‍ ഇടയായിട്ടുണ്ടെങ്കില്‍ അത് വിമര്‍ശനബുദ്ധ്യാ തിരിച്ചറിഞ്ഞ് തിരുത്താന്‍ മുന്നണിയും അതിലെ ഓരോ ഘടകകക്ഷിയും ബാധ്യസ്ഥരാണെന്നും ആ തിരിച്ചറിവാണ് സിപിഐയെ കര്‍ക്കശ നിലപാടുകള്‍ക്ക് നിര്‍ബന്ധിതമാക്കിയതെന്നും പറയുന്നു.
കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാമായിരുന്നിട്ടും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന് ഭംഗം വരുത്തുന്ന യാതൊരു നടപടിക്കും റവന്യൂവകുപ്പ് മന്ത്രി മുതിര്‍ന്നില്ല. ഏ ജിയുടെ നിയമോപദേശം, ഹൈക്കോടതിയില്‍ തോമസ്ചാണ്ടി നല്കിയ ഹര്‍ജിയിലെ തീര്‍പ്പ് തുടങ്ങിയ നിയമപരമായ എല്ലാ സാധ്യതകള്‍ക്കും സിപിഐ ക്ഷമാപൂര്‍വം കാത്തിരുന്നെന്നും ‘അസാധാരണ നടപടി അനിവാര്യമാക്കിയ അസാധാരണ സാഹചര്യം’ എന്ന തലക്കെട്ടോടു കൂടിയ ലേഖനത്തില്‍ പറയുന്നുണ്ട്.






