ന്യുഡല്‍ഹി: ഡല്‍ഹിയിലെ മൂടല്‍മഞ്ഞ് രൂക്ഷമാകുന്നു. ഏറ്റവും പുതിയ ഏയര്‍ ക്വാളിറ്റി ഇന്‍ഡക്സ് റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയിലെ പ്രധാന കേന്ദ്രങ്ങളില്‍ മലിനീകരണ തോത് അപകടകരമായ നിലയില്‍ എത്തിയിരിക്കുകയാണ്. മന്ദിര്‍ മാര്‍ഗ് (333), ദ്വാരക (332), സിരി ഫോര്‍ട്ട് (288), പഞ്ചാബ് മാര്‍ഗ് (290) എന്നിങ്ങനെയാണ് എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്. മുടല്‍മഞ്ഞ് തുടരുന്നതിനാല്‍ നാല്‍പ്പതോളം ട്രെയിനുകള്‍ വൈകി. പതിമൂന്ന് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ആറ് എണ്ണം റദ്ദാക്കി.
അതിനിടെ ഡല്‍ഹിയില്‍ കെട്ടിട നിര്‍മ്മാണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ദേശീയ ഹരിത ട്രിബ്യൂണല്‍ പിന്‍വലിച്ചു. അതേസമയം വ്യവസായ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ തടയുകയും വിളകള്‍ കത്തിച്ച് നശിപ്പിക്കുന്നത് നിരോധിക്കുകയും ചെയ്ത ഉത്തരവിന് മാറ്റമില്ലെന്ന് എന്‍.ജി.ടി വ്യക്തമാക്കി. അന്തരീക്ഷ മലിനീകരണം തടയുന്നതിന് സ്വീകരിക്കുന്ന നപടികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചു.
ഡല്‍ഹിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം നേരത്തെ ഇ.പി.സി.എയും നീക്കിയിരുന്നു. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതിയും ഇടപെട്ടു. വാണിജ്യ വാഹനങ്ങളില്‍ നിന്ന് പിരിക്കുന്ന ഗ്രീന്‍ സെസ് ഉപയോഗിച്ച് എങ്ങനെ അന്തരീക്ഷ മലിനീകരണം തടയാമെന്ന് നിര്‍ദ്ദേശം സമര്‍പ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഡല്‍ഹി പൊലൂഷന്‍ കണ്ട്രോള് കമ്മറ്റിക്ക് നിര്‍ദ്ദേശം നല്കി.






