
ചെന്നൈ: അനധികൃത സ്വത്ത് കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികലയുടെ ഭര്‍ത്താവ് എം.നടരാജന് ആശുപത്രിയില്‍. നികുതി വെട്ടിപ്പ് കേസില്‍ വിചാരണ കോടതിയുടെ ശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവച്ചതിനു പിന്നാലെയാണ് വെള്ളിയാഴ്ച രാത്രി നടരാജന് ആശുപത്രില്‍ അഭയം തേടിയത്.
ഒക്ടോബര്‍ മൂന്നിന് നടരാജന് ചെന്നൈയിലെ ഒരു ആശുപത്രിയില്‍ കിഡ്നി, അരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നാല്‍ ഇന്നലെ അടിയന്തരമായി ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ കാരണം വ്യക്തമല്ല.
മുന്‍പ് തമിഴ്നാട്ടിലെ ഒരു സര്‍ക്കാര്‍ ജീവനക്കാരാനായിരുന്നു നടരാജന്. ഭാര്യ ശശികല ജയലളിതയ്ക്കൊപ്പം പോയ്സ് ഗാര്‍ഡനിലേക്ക് താമസം മാറ്റിയതോടെയാണ് ഇവര്‍ വേര്‍പിരിഞ്ഞ് താമസിക്കുന്നത്. 23വര്‍ഷം മുന്‍പ് നികുതി വെട്ടിച്ച് ലണ്ടനില്‍ നിന്നും ആഡംബര കാര്‍ ഇറക്കുമതി ചെയ്ത കേസിലാണ് നടരാജനെയും മറ്റു മൂന്നു പേരെയും കോടതി രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ചത്. ഗൂഢാലോചന, വഞ്ചന, തട്ടിപ്പ്, നികുതി വെട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു ശിക്ഷ. കുറ്റവാളികളെ ഉടന്‍ റിമാന്‍ഡ് ചെയ്യണമെന്നും അവശേഷിക്കുന്ന കാലത്തെ ശിക്ഷ അനുഭവിക്കാന്‍ ജയിലില്‍ പാര്‍പ്പിക്കണമെന്നും ഹൈക്കോടതി കീഴ്കോടതിക്ക് നിര്‍ദേശവും നല്‍കിയിരുന്നു.





