
ആഗ്ര: വന്ദേമാതരം പാടിയതിന് മുസ്ലീം കുടുംബത്തിന് ഊരുവിലക്കേര്‍പ്പെടുത്തി. വന്ദേമാതരത്തോട് ആദരവ് പ്രകടിപ്പിച്ച ഗുല്‍ചമന്‍ ഷെര്‍വാണിയും കുടുംബവുമാണ് ഇത്തരത്തില്‍ ഒറ്റപ്പെട്ടത്. കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച വന്ദേ മാതരത്തെ താന്‍ അതിയായി സ്നേഹിക്കുന്നുണ്ടെന്നും, അത് പാടിയതിന്റെ പേരില്‍ തനിക്കെതിരായുണ്ടായ നടപടി അമ്പരിപ്പിക്കുന്നതാണെന്നും ഷെര്‍വാണി പറഞ്ഞു.
തന്റെ സമുദായത്തിലെ ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കിയത്. മറ്റു സ്കൂളുകളില്‍ അഡ്മിഷന് ശരിയാകാതെ മക്കളുടെ പഠനം മുടങ്ങിയ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മറ്റു കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യ പ്രകാരമാണ് ഷെര്‍വാണിയുടെ കുട്ടികളെ സ്കൂളില്‍ നിന്ന് വിലക്കിയതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.






