
ധര്‍മ്മശാല: ശ്രീലങ്കന്‍ ബൗളര്‍മാരുടെ സംഹാര താണ്ഡവത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിംഗ് നിര. നാണക്കേടിന്റെ വക്കില്‍ നിന്നും ഇന്ത്യന്‍ ടീമിനെ മുന്നോട്ട് നയിച്ചത് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. വിരാട് കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചത്.
ടോസ് നേടുന്നതില്‍ പരാജയപ്പെടുന്നതില്‍ തൊട്ട് തുടങ്ങിയ ഇന്ത്യയുടെ നിര്‍ഭാഗ്യം ശ്രീലങ്കന്‍ ബൗളര്‍മാര്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ലങ്കന്‍ മീഡിയം പേസര്‍ സുരങ്ക ലക്മലിന്റെ പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്.
ധോണി നേടിയ അര്‍ദ്ധസെഞ്ചുറിയുടെ (65) പിന്‍ബലത്തില്‍ ഇന്ത്യ 112 റണ്‍സ് നേടി ധര്‍മശാലയില്‍ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് സാങ്കേതികമായി രക്ഷപെട്ടു. ലങ്കയ്ക്കെതിരേയുള്ള ആദ്യ എകദിനത്തില്‍ ഇന്ത്യയുടെ ലോകോത്തര ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ തകര്‍ന്നു.
17 ഓവറില്‍ 29 റണ്‍സ് എടുക്കുന്നതിനിടെ ഏഴുവിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യന്‍ നിരയെ വാലറ്റത്തെ കൂട്ടുപിടിച്ചു ധോണി നൂറ് കടത്തുകയായിരുന്നു. സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. തൊട്ടുപിന്നാലെ രണ്ടു റണ്‍സുമായി നായകന് രോഹിത് ശര്‍മ മടങ്ങി. അരങ്ങേറ്റക്കാരന്‍ ശ്രേയസ് അയ്യര്‍ (9), ദിനേഷ് കാര്‍ത്തിക്(0), മനീഷ് പാണ്ഡെ(2), ഹാര്‍ദിക്ക് പാണ്ഡ്യ (10), ഭുവനേശ്വര്‍ കുമാര്‍ (0) എന്നിവരൊക്കെ 29 റണ്‍സിനു മുമ്പ് പവലിയനില്‍ തിരിച്ചെത്തി.
പത്തോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയാണ് ലക്മല്‍ നാല് വിക്കറ്റുകള്‍ പിഴുതത്. ബോള്‍ ചെയ്ത എല്ലാ ലങ്കന്‍ ബൗളര്‍മാര്‍ക്കും വിക്കറ്റുകള്‍ സമ്മാനിക്കുകയായിരുന്നു ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്. ആറ് ബൗളര്‍മാര്‍ ലങ്കക്ക് വേണ്ടി പന്തെറിഞ്ഞു. നുവാന്‍ പ്രദീപ് രണ്ടും, എയ്ഞ്ചലോ മാത്യൂസ്, തിസര പെരേര, അഖില ധനഞ്ജയ, സചിത്ര പതിരന തുടങ്ങിയവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
29 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നാണക്കേടില്‍ നിന്നുംധോണിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യന്‍ സ്കോര്‍ 112 ല്‍ എത്തിച്ചത്. അവസാനസ്ഥാനക്കാരനായി ധോണി പുറത്താകുമ്പോള്‍ സ്കോര്‍ 100 കടക്കാനായതിന്റെ ആശ്വാസത്തിലായിരുന്നു ഇന്ത്യന്‍ നിര. ധോണിക്ക് പുറമെ 19 റണ്‍സെടുത്ത കുല്‍ദീപ് യാദവും 10 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് ഇന്ത്യന്‍ ബാറ്റിംഗ് നരയില്‍ രണ്ടക്കം കടന്നവര്‍.






