ന്യൂഡല്‍ഹി: മെട്രോ ട്രെയിനെതിരെ അഞ്ച് വയസുകാരി ദേശീയ ഹരിത ട്രൈബ്യൂണലിന് പരാതി നല്കി. മെട്രോ പ്രവര്‍ത്തിക്കുന്നതിനാല്‍ ശബ്ദമലിനീകരണം ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് പരാതി. പരാതി സ്വീകരിച്ച ഹരിത ട്രൈബ്യുണല്‍ പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡല്‍ഹി മെട്രോ റെയ്ല് കോര്പ്പറേഷന് നിര്‍ദ്ദേശം നല്കി. ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് സ്വതന്ത്രര്‍ കുമാര്‍ ആണ് നിര്‍ദ്ദേശം നല്‍കിയത്.
ഡല്‍ഹിയിലെ രോഹിണിയിലെ താമസക്കാരി, സമൃദ്ധി ഗോസ്വാമിയാണ് പരാതിക്കാരി. പിതാവ് രാകേഷ് ഗോസ്വാമി വഴിയാണ് സമൃദ്ധി പരാതി നല്‍കിയത്. ഡല്‍ഹി മെട്രോയുടെ വോയിസ് ലെവല്‍ 85 ഡെസിബലിന് മുകളിലാണ്. ഇക്കാര്യം പരിഗണിച്ച് രോഹിണി സെക്ടര്‍ 18-19ലെ മെട്രോ സ്റ്റേഷനുകള്‍ മറ്റെവിടേക്കെങ്കിലും മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. മെട്രോ സ്റ്റേഷന്റെ ചുറ്റളവില്‍ ശബ്ദ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.
പിതാവ് വഴി നേരത്തെ പല തവണ പരാതി നല്‍കിയിട്ടും പ്രശ്ന പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പെണ്‍കുട്ടി ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.






