
ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജ്ജിമാരെ വിമര്ശ്ശിച്ചതിന് കോടതിയലക്ഷ്യ കേസില്‍ തടവിലായിരുന്ന ബംഗാള്‍ ഹൈക്കോടതി മുന്‍ ജസ്റ്റിസ് സി.എസ് കര്ണന് ജയില്‍ മോചിതനാകും. ജൂണ്‍ 20നാണ് കര്ണന് അറസ്റ്റിലായത്. സുപ്രീംകോടതി ആറുമാസം തടവുശിക്ഷ വിധിച്ച ജസ്റ്റിസ് കര്ണന് കൊച്ചിയില്‍ അടക്കം വിവിധ സ്ഥലങ്ങൡലായി ഒന്നരമാസം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് കോയമ്പത്തൂരില്‍ നിന്നും പിടിയിലാകുന്നത്. കൊല്‍ക്കത്ത പ്രെസിഡന്സി ജയിലിലായിരുന്നു കര്‍ണ്ന്‍.
രാജ്യത്തെ നീതിന്യായസംവിധാനത്തില്‍ ന്യായാധിപനെന്ന പദവിയിലിരിയ്ക്കെ അറസ്റ്റ് നേരിടുന്ന ആദ്യത്തെയാളാണ് ജസ്റ്റിസ് കര്ണന്. ഒളിവില്‍ കഴിയുമ്പോള്‍ ജൂണ്‍ 12നാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. ഇത്തരത്തില്‍ വിരമിച്ച ആദ്യ നിയമജ്ഞനാണ് കര്ണന്.
സഹജഡ്ജിമാര്‍ക്കും സുപ്രീംകോടതിയ്ക്കുമെതിരെ ആരോപണമുന്നയിച്ചതിന് കഴിഞ്ഞ മാസം ഒന്‍പതാം തീയതിയാണ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കര്‍ണനെ സുപ്രീംകോടതി ആറുമാസത്തെ തടവുശിക്ഷയ്ക്ക് വിധിക്കുന്നത്. നിരവധി തവണ ശിക്ഷയില്‍ ഇളവ് തേടിയെങ്കിലും സുപ്രീം കോടതി നിഷേധിക്കുകയായിരുന്നു.






