
മലപ്പുറം: കല്‍പകഞ്ചേരി കല്ലിങ്ങലില്‍ മര്‍ദനമേറ്റ് പത്തുവയസുകാരിയുടെ കൈ ഒടിഞ്ഞ സംഭവത്തില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍. കല്ലിങ്ങല്‍ എംഎസ്എം എച്ച്എസ്എസിലെ അധ്യാപകന്‍ ബല്‍രാജിനെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ മാനേജ്‌മെന്റിനും പോലീസിലും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
വെള്ളിയാഴ്ചയായിരുന്നു പനിയെത്തുടര്‍ന്ന് മൂന്ന് ദിവസം അവധിയായിരുന്ന കുഞ്ഞ് സ്‌കൂളില്‍ തിരിച്ചെത്തിയപ്പോള്‍ ക്രൂരമര്‍ദനത്തിനിരയായത്. നോട്ട്ബുക്കില്‍ എഴുതിക്കൊണ്ടിരിക്കേ വലത് കൈപ്പത്തിക്ക് ചൂരല്‍ കൊണ്ട് അടിക്കുകയായിരുന്നു. അധ്യാപകന്റെ മര്‍ദനത്തില്‍ കുട്ടിയുടെ കൈപ്പത്തിയുടെ ഭാഗം പൊട്ടുകയും ഒടിയുകയും ചെയ്തു. അധ്യാപകനെതിരെ മറ്റു വിദ്യാര്‍ഥികളും സമാനമായ രീതിയില്‍ പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്.
സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത കല്‍പകഞ്ചേരി പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. റിമാന്‍ഡിലായ ഇയാള്‍ നിലവില്‍ തവനൂര്‍ ജയിലിലാണ്. ഇതിനു പിന്നാലെയാണ് സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്.






