
ന്യുഡല്‍ഹി: പുതുവര്‍ഷ ദിനത്തില്‍ ഡല്‍ഹിയില്‍ ജനജീവിതം സ്തംഭിച്ചു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വ്യോമ, ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതാണ് യാത്രക്കാരെ വലച്ചത്. രാവിലെ മാത്രം അഞ്ച് ആഭ്യന്തര വിമാനങ്ങളും ഏഴ് രാജ്യാന്തര വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. ഒരു വിമാനം റദ്ദാക്കിയിട്ടുണ്ട്. 56 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 15 എണ്ണം ഇതുവരെ റദ്ദാക്കിയിട്ടുണ്ട്. കാഴ്ചപരിധി പൂജ്യത്തില്‍ എത്തിയതോടെയാണ് ഗതാഗത സംവിധാനം താറുമാറായത്.ഇന്നലെ 350 ഓളം വിമാന സര്‍വീസുകളെയും 50 ട്രെയിന്‍ സര്‍വീസുകളെയും മൂടല്‍ മഞ്ഞ് ബാധിച്ചിരുന്നു.
ഡല്‍ഹിയില്‍ ഇന്നു പുലര്‍ച്ചെ മുതല്‍ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. കുറഞ്ഞ താപനില രാവിലെ 5.7 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഡിസംബര്‍ 24ന് 6.3 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിരുന്നു. വരും ദിവസങ്ങളില്‍ ശൈത്യം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് സൂചന.
അതേസമയം, അന്തരീക്ഷ മലിനീകരണത്തില്‍ ഞായറാഴ്ച രാത്രി മുതല്‍ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ട്. ബുധനാഴ്ച മുതല്‍ നില കുറച്ചുകൂടി മെച്ചപ്പെടുമെന്നാണ് സൂചന. തിങ്കളാഴ്ച രാവിലെ 8.30ന് എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 390 ആണ്. ഞായറാഴ്ച ഇത് ശരാശരി 398 ആയിരുന്നു.






