
ഒരാള്‍ ഒരു ജീവിതം രക്ഷിക്കുമ്പോള്‍ അയാള്‍ രക്ഷിക്കുന്നത് ഒരു രാജ്യത്തെ തന്നെയാണെന്നാണ് ഇസ്രായേലില്‍ പാരമ്പര്യ വിശ്വാസം. അതുകൊണ്ടാണ് സാന്ദ്രാ സാമുവല്‍ അവര്‍ക്ക് വീര വനിതയാകുന്നത്. മുംബൈയില്‍ ഭീകരര്‍ ജുതരുടെ സ്ഥാപനം ആക്രമിച്ച് അവിടെയുണ്ടായിരുന്ന ആറിലധികം പേരെ കൊലപ്പെടുത്തുമ്പോള്‍ മാതാപിതാക്കളുടെ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്ന രണ്ടു വയസ്സുകാരന് മോഷെയെ രക്ഷിച്ചത് സാന്ദ്രയായിരുന്നു. ഒമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം മോഷേ വീണ്ടും മുംബൈ സന്ദര്‍ശിക്കുമ്പോള്‍ സാന്ദ്ര വീണ്ടും ഓര്‍മ്മകളില്‍ നിറയുകയാണ്.
മോഷേയുടെ ജന്മദിനത്തിന്റെ രണ്ടു നാള് മുമ്പായിരുന്നു അവന് മാതാവ് റിവ്കയുടെ അവസാന ചുംബനം കിട്ടിയത്. പിതാവ് ഗവ്റിയേലിന്റെ ആലിംഗനവും. ഗ്ളോബല്‍ ഓര്‍ത്തഡോക്സ് ജൂവിഷ് ഛബാദിന്റെ ഡയറക്ടര്‍മാരായിരുന്നു ഇസ്രായേലില്‍ ജനിച്ച റാബി ഗവ്റിയേല്‍ ഹോള്സ്ബര്ഗും ഭാര്യ റിവ്കയും. ഇവരുടെ സഹായിയായ സാന്ദ്രാ സാമുവലായിരുന്നു മോഷേയുടെ പോറ്റമ്മ. ജനിച്ചപ്പോള്‍ മുതല്‍ മോഷേയെ വളര്‍ത്തിയതും പരിപാലിച്ചതും സാന്ദ്രയായിരുന്നു. ഒടുവില്‍ നേരിട്ടു കാണേണ്ടിവന്ന 26/11 തീവ്രവാദി ആക്രമണമെന്ന ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ ദുരന്തത്തില്‍ നിന്നും മോഷേയെ രക്ഷപ്പെടുത്തി ജീവിതത്തിന് തന്നെ തുണയായി മാറിയതും സാന്ദ്രയാണ്.
തീവ്രവാദികള്‍ നരിമാന് ഹൗസില്‍ കൂട്ടക്കുരുതി നടത്തിയ ആ രാത്രിയില്‍ ഹോര്മസ്ത്ജി തെരുവിലെ ജൂവിഷ് ചബാദിലെ 48 മണിക്കൂര്‍ നീണ്ട നാടകീയ രംഗങ്ങളില്‍ മരണമടഞ്ഞ ആറു പേരില്‍ മോഷേയുടെ മാതാപിതാക്കളായ ചബാദ് ഹൗസിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്ന റാബി ഗവ്റിയേല്‍ ഹോള്സ്ബര്ഗും ഗര്‍ഭിണിയാ റിവ്കയും ഉണ്ടായിരുന്നു. ചബാദ് ഹൗസില്‍ തീവ്രവാദികള്‍ വെടിവെച്ച് എല്ലാം തകര്‍ക്കുകയും എല്ലാവരേയും കൊല്ലുകയും ചെയ്യുമ്പോള്‍ സാന്ദ്ര മറ്റൊരു ജോലിക്കാരിയായ സാക്കിക്കൊപ്പം അടുക്കളയിലായിരുന്നു.
സാധാരണ ബുധനാഴ്ച വൈകുന്നേരം ചബാദ് ഹൗസ് വിട്ട് വീട്ടിലേക്ക് പോകാറുള്ള അവര്‍ പിറ്റേന്നാണ് തിരിച്ചു വരിക. എന്നാല്‍ അന്ന് തന്നെ അന്ന് പിടിച്ചു നിര്‍ത്തിയത് ദൈവമായിരിക്കാമെന്നാണ് ഒരിക്കല്‍ സാന്ദ്ര പറഞ്ഞത്. അന്ന് ധാരാളം അതിഥികള്‍ ഉണ്ടായിരുന്നതിനാല്‍ മകനെ കാണാന്‍ പുറത്ത് പോകുന്നത് ഒഴിവാക്കി അവിടെ തങ്ങേണ്ടി വരികയായിരുന്നു. 15 മിനിറ്റിന് ശേഷം അതിഥികള്‍ മടങ്ങിയപ്പോള്‍ എല്ലാം ക്ളീന്‍ ചെയ്ത് ബാക്കി ഭക്ഷണം ഫ്രിഡ്ജിലേക്ക് തിരിച്ചു വെയ്ക്കുന്നതിനിടയിലാണ് സ്ഫോടനവും വെടിശബ്ദവും കേട്ടത്. തുടര്‍ന്ന് സാക്കി വാതില്‍ അടച്ചു ഇരുവരും ഫ്രിഡ്ജിനും ഒരു ഭിത്തിക്കും ഇടയില്‍ ഒളിച്ചിരുന്നു.
അഞ്ചു നില കെട്ടിടത്തില്‍ നിന്നും 11 മണിയോടെയായിരുന്നു വെടിശബ്ദം കേട്ടത്. അവിടേയ്ക്ക് പോകാനുള്ള നീക്കം തടഞ്ഞത് സാക്കിയായിരുന്നു. പെട്ടെന്നാണ് അവര്‍ സാന്ദാ സാന്ദാ എന്ന മോഷേയുടെ വിളി കേട്ടത്. മാഷേയെ പിറന്നത് മുതല്‍ പരിപാലിച്ചിരുന്ന സാന്ദ്ര താന്‍ മുകളിലേക്ക് പോകാന്‍ പോകുകയാണെന്ന് പറഞ്ഞു. എന്നാല്‍ സാക്കി തടഞ്ഞു. അവര്‍ കൊല്ലുമെന്ന് പറഞ്ഞപ്പോള്‍ എന്തും വരട്ടെ എന്നായിരുന്നു മറുപടി. കുട്ടി വീണുകിടക്കുന്ന മാതാപിതാക്കള്‍ക്ക് അരികിലായിരുന്നു. വെടിയേറ്റ് മരിച്ചു കിടക്കുന്ന അമ്മായ്ക്ക് തൊട്ടപ്പുറത്ത് മരിച്ചു കിടക്കുന്ന പിതാവിന്റെ നെഞ്ചിലായിരുന്നു മോഷേ. കുട്ടിയുടെ തൊട്ടടുത്ത് ഒരാളുടെ ഒരു കാല് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ പാന്റിലും രക്തത്തുള്ളികള്‍ ഉണ്ടായിരുന്നു. തീവ്രവാദികള്‍ മുകളിലേക്ക് കയറിയതും കുട്ടിയെ എടുത്തുകൊണ്ട് സാന്ദ്ര പുറത്തേക്ക് ഓടി. കൂട്ടത്തില്‍ സാക്കിയും. ആ കെട്ടിടത്തില്‍ നിന്നും രക്ഷപ്പെട്ട മൂന്ന് പേര് ഇവരായിരുന്നു. 2003 മുതല്‍ ഹോള്സ്ബര്ഗ്സിനൊപ്പം ഉണ്ടായിരുന്ന സാന്ദ്ര നവംബര്‍ 26 ന് ഡിന്നര്‍ പാര്‍ട്ടിക്ക് ശേഷം വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു.
അനാഥനും കുട്ടിയുമായ മോഷേയെ പിന്നീട് ഇന്ത്യയില്‍ നിര്‍ത്താന്‍ കഴിയുമായിരുന്നില്ല. ഇസ്രായേലിലെ അവരുടെ ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ തീരുമാനിച്ചപ്പോഴും കുട്ടിക്ക് ഏറ്റവും അടുപ്പമുള്ള ജീവിച്ചിരിക്കുന്ന ഏകയാള്‍ സാന്ദ്രാ സാമുവലായിരുന്നു. കുട്ടിയെ ഇസ്രായേലില്‍ മാതാപിതാക്കളുടെ ബന്ധുക്കള്‍ക്കരികിലേക്ക് കൊണ്ടുപോകുമ്പോള്‍ മോഷേയ്ക്ക് പരിചയമുള്ള ഏകയാളെന്നനിലയില് സാന്ദ്രയ്ക്കും പോകേണ്ടി വന്നു. ചബാദ് വക്താക്കളുടെ ഇടപെടലിലായിരുന്നു എല്ലാം നടന്നത്.
മോഷേയെ പരിപാലിക്കാന്‍ നിയോഗിതയായ സാന്ദ്രയ്ക്ക് കുടിയേറ്റ നിയമത്തിന് കീഴില്‍ പ്രത്യേക പൗരത്വവും അനുവദിക്കപ്പെട്ടു. മോഷേയുടെ ബന്ധുക്കളായിരുന്നു സാന്ദ്രയ്ക്ക് ഇസ്രായേലിലേക്ക് പോകാനും അവിടെ പുതിയ ജീവിതം തുടങ്ങാനും വിസയും മറ്റു കാര്യങ്ങളും ഉറപ്പാക്കിയത്. മാതാപിതാക്കള്‍ക്ക് അന്തിമോപചാരംഅര്പ്പിച്ച ശേഷം മോഷേയേയും കൂട്ടി സാന്ദ്ര ഇസ്രായേലിലേക്ക് പോയി. ഇസ്രായേലില്‍ ചെന്നതിന് പിന്നാലെ മോഷേയുടെ ബന്ധുവായ റാബി ഗ്രോസ്മാനൊപ്പം താമസിച്ച അവര്‍ പിന്നീട് മോഷേയുടെ മുത്തച്ഛനും മുത്തശ്ശിയും കഴിയുന്ന അഫുളയിലേക്ക് മാറി. അന്നത്തെ ആക്രമണത്തെക്കുറിച്ച് ഓര്‍ക്കുന്നത് ഇപ്പോഴും പേടി സ്വപ്നമാണെന്നായിരുന്നു സാന്ദ്ര പിന്നീട് പറഞ്ഞത്.
തന്റെ പ്രവര്‍ത്തിയില്‍ ഒരു ഹീറോയിസവും കാണാത്ത സാന്ദ്ര താന്‍ അല്‍പ്പം കൂടി ധൈര്യം കാട്ടിയിരുന്നെങ്കില്‍ മോഷേയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ഏറെ പേരെ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നെന്നാണ് പിന്നീട് സിഎന്‍എന്നിന് നല്കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. മോഷേയുടെ സംരക്ഷണാര്‍ത്ഥം ഇസ്രായേലില്‍ എത്താന്‍ നിര്‍ബ്ബന്ധിതയായ താന്‍ അവന് ആവശ്യമുള്ളിടത്തോളം കാലം ഇവിടെ തുടരുമെന്നും അന്ന് പറഞ്ഞിരുന്നു.






