
ദുബായ്: ലുലു ഗ്രൂപ്പിന് മറ്റൊരു പൊന്‍തൂവല്‍ കൂടി. സ്കോട്ലന്‍ഡിലെ എഡിന്‍ബര്‍ഗിലുള്ള പൈതൃക ഹോട്ടല്‍ സമുച്ചയമായ വാള്‍ഡോര്‍ഫ് അസ്റ്റോറിയ കാലിഡോണിയന്‍ ഹോട്ടല്‍ ലുലു ഏറ്റെടുത്തു. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിന്റെ ട്വന്റി 14 എന്ന ഹോസ്പിറ്റാലിറ്റി ഇന്വസ്റ്റമെന്റാണ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
120 ദശലക്ഷം യുഎസ് ഡോളറിനാണ് ഹോട്ടല്‍ ഏറ്റെടുത്തിരിക്കുന്നത്. അതായത് ഇന്ത്യന്‍ തുകയനുസരിച്ച് 7,623,756,000 രൂപയോളം വരും. എഡിന്‍ബര്‍ഗ് പ്രിന്‍സ് സ്ട്രീറ്റിലുള്ള ഈ ഹോട്ടല്‍ നവീകരിക്കുന്നതിന് 28 ദശലക്ഷം ഡോളര്‍ കൂടി ചെലവിടാനും പദ്ധതിയുണ്ട്. ഇതെല്ലാം 2019തോടെ പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ചാര്‍ലി ചാപ്ലിനും എലിസബത്ത് ടെയിലര്‍, എന്നിവരടക്കം ലോകപ്രശസ്തര്‍ ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപ്രാധാന്യമുള്ള ഹോട്ടലില്‍ നിരവധി ശില്‍പ്പങ്ങളും മറ്റുമുണ്ട് ഇതിന് കോട്ടം തട്ടാതെയാണ് നവീകരണം നടക്കുന്നത്. പ്രശസ്ത ഹോട്ടല്‍ ശൃംഖലയായ ഹില്‍ട്ടണിന്റെ വാള്‍ഡോര്‍ഫ് അസ്റ്റോറിയയുടെ ഉടമസ്ഥതയിലായിരുന്നു കാലിഡോണിയന്‍ പ്രവര്‍ത്തിച്ചിരുന്നത്.
നിലവില്‍ 241 മുറികളുള്ള ഹോട്ടല്‍ എഡിന്‍ബര്‍ഗ് കോട്ടയുടെ അടുത്താണ് സ്ഥിതിചെയ്യുന്നത്. ഇവിടെ എത്തുന്ന സഞ്ചാരികളുടെ പ്രിയകേന്ദ്രമാണീ ഹോട്ടല്‍.






