
തിരുവനന്തപുരം : കോളജുകളിലെ മധ്യവേനല്‍ അവധി നവംബര്‍ മേയ് മാസങ്ങളിലാക്കാന് തീരുമാനം. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ കൂടിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ഗവേണിങ് ബോഡിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ഏപ്രില്‍, മേയ് മാസങ്ങളില്‍ തുടര്‍ച്ചയായി അവധി നല്കുന്നതിനു പകരം സെമസ്റ്റര്‍ പരീക്ഷകള്‍ക്കുശേഷം നവംബറിലും മേയിലും അവധി നല്കിയാല് ഈ കാലയളവില്‍ അധ്യാപകരെ മൂല്യനിര്‍ണയത്തിനു നിയോഗിക്കാനാകും. ഇതേക്കുറിച്ചു പഠിച്ചു നിര്‍ദേശം സമര്‍പ്പിക്കാന്‍ പ്രോ വൈസ് ചാന്‍സലര്‍മാരുടെ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ കോഴ്സുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് വിദേശ സര്‍വകലാശാലകളില്‍നിന്നു പ്രശസ്ത അധ്യാപകരെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. അക്കാദമിക് ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണു വിദേശ സര്‍വകലാശാലകളിലെ പ്രഫസര്‍മാരെ ഹ്രസ്വകാല- ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇവിടേക്കു കൊണ്ടുവരുന്നത്.
കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന കോഴ്സുകള്‍ പരസ്പരം അംഗീകരിക്കണമെന്നും വിദ്യാര്‍ഥികള്‍ക്കു തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള തടസ്സങ്ങള്‍ പരിഹരിക്കണമെന്നും ധാരണയായി. ഇതു സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശ ഓരോ സര്‍വകലാശാലയുടെയും അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ചാല്‍ മാത്രമേ നിയമപരമായി നിലവില്‍ വരൂ. എല്ലാ സര്‍വകലാശാലകളും ചേര്‍ന്നു പ്രവേശനം, പരീക്ഷ, ഫല പ്രഖ്യാപനം തുടങ്ങിയവയുടെ കാര്യത്തില്‍ ഏകീകൃത കലണ്ടര്‍ തയാറാക്കും. പിജി കോഴ്സുകളുടെ പാഠ്യപദ്ധതി പരിഷ്കരിക്കും. ഇതിനായി പ്രഗല്ഭരെ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരണ സമിതി രൂപീകരിക്കാനും ധാരണയായിട്ടുണ്ട്.






