
കൊച്ചി: മുന്‍ ഡിജിപി ജോസഫ് തോമസ് (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിജിലന്‍സ് ഡയറക്ടറായും, പോലീസ് ആസ്ഥാനത്ത് ഐജിയായും പ്രവര്‍ത്തിച്ചു.
സൈനിക സേവനത്തിന് ശേഷം പൊലീസില്‍ എത്തിയ ജോസഫ് തോമസ്, 2001-ലാണ് വിരമിച്ചത്. വിശാല കൊച്ചിവികസന അതോറിറ്റിയുടെ ചെയര്‍മാനായി ജോസഫ് തോമസ് പ്രവര്‍ത്തിച്ച കാലത്താണ് കൊച്ചി രാജ്യാന്തര സ്റ്റേഡിയം പണിതീര്‍ത്തത്. സിയാല്‍ എംഡി വി.ജെ കുര്യന് സഹോദരനാണ്.
തിരുവനന്തപുരം ലോ കോളേജില്‍ ബിരുദ പഠനത്തിന് ശേഷം അഞ്ച് വര്‍ഷം കരസേനയില്‍ ക്യാപ്ടനായി സേവനമനുഷ്ഠിച്ച തോമസിന് 1964-ല്‍ ഐ.പി.എസ്.സെലക്ഷന് ലഭിച്ചു. പാലക്കാട് അസി.എസ്.പിയായിട്ടായിരുന്നു സേവനം ആരംഭിച്ചത്.
ഇതിനുശേഷം കണ്ണൂര്‍ എസ്.പി, തിരുവനന്തപുരം, കൊച്ചി കമ്മിഷണര്‍, കൊച്ചി റേഞ്ച് ഐ.ജി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജിനീയറിങ് കമ്പനി, കേരള ബുക്ക്സ് ആന്റ് പബ്ലിഷിങ് സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടറായിരുന്നു. 2001-ല്‍ വിജിലന്‍സ് ഡയറക്ടറായി സര്‍വീസില്‍ നിന്ന് വിരമിച്ചു.
മൃതദേഹം കലൂര്‍ ആസാദ് റോഡിലെ വസതിയില്‍. സംസ്ക്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 3.30 ന് തൃക്കാക്കര ഭാരതമാതാ കോളേജിന് സമീപം വിജോ ഭവന് സെമിത്തേരിയില്‍ നടക്കും.






