
കല്പറ്റ: മുൻ എൽഡിഎഫ് ഭരണകാലത്ത് മരുന്ന് വിതരണക്കാരോടും സർജിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്ത സ്ഥാപനങ്ങളോടും തീർപ്പാക്കാതെ ബാക്കിയാക്കിയ വലിയ കുടിശ്ശികകളാണ് സംസ്ഥാന ആരോഗ്യവകുപ്പിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു. വയനാട്ടിലെ വിവിധ സർക്കാർ ആശുപത്രികൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും പൊതുജനങ്ങൾക്ക് ലഭിക്കുന്ന ചികിത്സാ സേവനങ്ങൾ ഒരു തരത്തിലും ബാധിക്കാതെയാണ് വകുപ്പ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ആരോഗ്യവകുപ്പിന്റെ സാമ്പത്തിക സ്ഥിതി ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വിഡി സതീശന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് രണ്ട് ദിവസത്തിനകം മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
സർക്കാർ ആശുപത്രികളിൽ വാക്സിൻ ക്ഷാമമുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും എവിടെയെങ്കിലും അത്തരം പരാതി ലഭിച്ചാൽ അടിയന്തരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.






