Authored by Web Desk | Last updated: 14 Feb 2018, 4:01 PM | 2 min read
''മധ്യവയസ്കരില്‍ ഉണ്ടാകുന്ന വൈകല്യങ്ങള്‍ക്ക് പ്രധാന കാരണമായി കാണപ്പെടുന്നവയില്‍ ഒന്ന് പക്ഷാഘാതം അഥവാ സ്ട്രോക്ക് ആണ്. പഠനങ്ങള്‍ തെളിയിക്കുന്നത് പക്ഷാഘാതം സംഭവിച്ചവരില്‍ 60 ശതമാനം രോഗികള്‍ മാത്രമേ പരസഹായം ഇല്ലാതെ ദിനചര്യകള്‍ ചെയ്യുന്ന അവസ്ഥയിലേക്ക് തിരിച്ചു വരുന്നുള്ളൂ''
മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടത്തിന് ഉണ്ടാകുന്ന വ്യതിയാനങ്ങളാല്‍ ശരീരം പൂര്‍ണമായോ ഭാഗികമായോ തളരുന്ന അവസ്ഥയാണ് സ്ട്രോക്ക്. മധ്യവയസ്കരില്‍ ഉണ്ടാകുന്ന വൈകല്യങ്ങള്‍ക്ക് പ്രധാന കാരണമായി കാണപ്പെടുന്നവയില്‍ ഒന്ന് പക്ഷാഘാതം അഥവാ സ്ട്രോക്ക് ആണ്.
പഠനങ്ങള്‍ തെളിയിക്കുന്നത് പക്ഷാഘാതം സംഭവിച്ചവരില്‍ 60 ശതമാനം രോഗികള്‍ മാത്രമേ പരസഹായം ഇല്ലാതെ ദിനചര്യകള്‍ ചെയ്യുന്ന അവസ്ഥയിലേക്ക് തിരിച്ചു വരുന്നുള്ളൂ.
പലപ്പോഴും ഇതിന് കാരണമായി കരുതപ്പെടുന്നത് ബഹുവിധമായ ആരോഗ്യ വിദഗ്ധരുടെ സംയുക്തവും സമയബന്ധിതവുമായ ഇടപെടലുകളുടെ അഭാവമാണ്. ന്യൂറോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് മുതലയായ മെഡിക്കല്‍ വിദഗ്ധരുടെ കൂട്ടായ സേവനം പക്ഷാഘാത രോഗികളുടെ പുനരധിവാസത്തില്‍ നിര്‍ണായകമാണ്.
ഇതിന് രോഗിയുടെയും കുടുംബാംഗങ്ങളുടെയും പൂര്‍ണ പിന്തുണയും സഹകരണവും ആവശ്യമാണ്. അടിയന്തിര ചികിത്സയ്ക്ക് ശേഷവും തുടര്‍ച്ചയായ തുടര്പരിശോധനകളുംആവശ്യമാണ്.
സ്ട്രോക്ക് വന്നതിനുശേഷം ആദ്യ മൂന്നു മണിക്കൂര്‍ വളരെ നിര്‍ണായകമാണ്. എന്നാല്‍ അതിനു ശേഷമുള്ള പുനരധിവാസ ചികിത്സകളും തുല്യ പ്രധാനം അര്‍ഹിക്കുന്നു.
ഫിസിയോതെറാപ്പിയില്‍ ആദ്യത്തെ മൂന്നു മാസം ഗോള്‍ഡന്‍ പിരീഡ് ആയി കണക്കാക്കുന്നു. ഈ കാലയളവിലെ ഫിസിയോതെറാപ്പിയും മറ്റു അനുബന്ധ ചികിത്സകളും പരമാവധി ഫലപ്രദമാണ്.
സ്ട്രോക്കിന് ശേഷമുള്ള മസ്തിഷ്ക പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനപ്പെടുത്തിയാണ് തുടര്‍ന്നുള്ള ഫിസിയോതെറാപ്പി ചികിത്സാരീതി തിട്ടപ്പെടുത്തുന്നത്. ഇതില്‍ രോഗിയെ കിടത്തുന്ന രീതി മുതല്‍ നിര്‍ദിഷ്ട പേശികളെ മാത്രം ബലപ്പെടുത്തുന്ന രീതിയിലുള്ള വ്യായാമമുറകള്‍, ഇലക്ട്രോ തെറാപ്പി മുതലായവ ഉള്‍പ്പെടുന്നു.
ചലനശേഷി ഭാഗികമായോ, പൂര്‍ണമായോ നഷ്ടപ്പെടുന്നതിനാല്‍ ശയ്യാ വ്രണം, തോള്‍സന്ധിക്ക് സ്ഥാനഭ്രംശം, മറ്റ് സന്ധികള്‍ക്കും പേശികള്‍ക്കും മുറുക്കവും പേശീ ബലക്കുറവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഫിസിയോതെറാപ്പിയിലൂടെ സന്ധികളുടെ മുറുക്കം മാറ്റി ചലനശേഷി വര്‍ധിപ്പിക്കുക, പേശികളില്‍ ഉണ്ടാകുന്ന അസ്വഭാവിക ചലനങ്ങള്‍ നിയന്ത്രിക്കുക, ശരീര സന്തുലിതാവസ്ഥ കൈവരിക്കുക, പരസഹായം കൂടാതെ ദൈനംദിന പ്രവത്തനങ്ങള്‍ ചെയ്യാന്‍ പ്രാപ്തമാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
ന്യൂറോളജിക്കല്‍ സ്ട്രോക്ക് റിഹാബിലിറ്റേഷന്‍ യൂണിറ്റ് എല്ലാ ആശുപത്രികളുടെയും അവിഭാജ്യ ഘടകമാണ്. സ്ട്രോക്ക് റിഹാബിലേറ്റഷനില് പ്രാവിണ്യം നേടിയ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം അത്യന്താപേക്ഷിതമാണ്. സമയോചിതമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചികിത്സാശൈലി പരമാവധി ഗുണം ചെയ്യും.
ഫിസിയോതെറാപ്പിയിലെ ആധുനിക ചികിത്സാ രീതികളായ വെര്‍ച്വല്‍ റിയാലിറ്റി പരിശീലനം, മിറര്‍ തെറാപ്പി, സെര്‍ക്യൂട്ട് ക്ലാസ് തെറാപ്പി, ബൈലാറ്ററല്‍ മെക്കനിക്കല് ട്രെയിനിംഗ്, ഫങ്ഷണല്‍ ടാസ്ക് ട്രെയിനിംഗ്, ആട്ടോമേറ്റഡ് ട്രീറ്റ്മെന്റ്, ട്രാന്‍സ് ക്രെനിയല്‍ മാഗ്നിറ്റിക് സ്റ്റിമുലേഷന്‍ എന്നിവയും പരമ്പരാഗത ചികിത്സാ ശൈലികളായ ബ്രണ്സ്റ്റോം, ബോബാത്ത് അപ്രോച്ചസ്, പി.എന്‍.എഫ് ടെക്നിസ്, റുഡ്സ് ടെക്നിക്, ഇലക്ട്രോതെറാപ്പി മുതലായവയെ സമന്വയിപ്പിച്ചുകൊണ്ടുവേണം ചികിത്സ മുന്നോട്ട് കൊണ്ടപോകാന്‍.
കിടപ്പിലായ രോഗിക്ക് നെഞ്ചില്‍ കഫം കെട്ടാനുള്ള സാധ്യത കൂടുതലായതിനാലും, ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറയുന്നതിനാലും ശ്വസന വ്യായാമമുറകള്‍ ഉള്‍പ്പെടുത്തേണ്ടതാണ്.സ്ട്രോക്കിന് ശേഷം ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുന്നതിനാല്‍, വെസ്റ്റിബുലാര്‍ ട്രെയിനിംഗ് ഗുണം ചെയ്യുന്നതാണ്.
റിസ്ക് ഫാക്ടര്‍ മോഡിഫിക്കേഷനും രോഗിയുടെ പ്രായം, ശരീരഭാരം, പ്രമേഹം, ഹൃദ്രോഗം എന്നിവയോടൊപ്പം കുടുംബാംഗങ്ങള്‍ക്ക് രോഗിയോടുള്ള സമീപനവും പരിചരണവും തുടങ്ങിയ ഘടകങ്ങളെല്ലാം ചികിത്സാ ഫലത്തെ സ്വാധീനിക്കാറുണ്ട്.