
സാംസങ് ഗാലക്സി എസ് 8, എസ് 8 പ്ലസ് ഫോണുകളിലെ ആന്‍ഡ്രോയിഡ് ഓറിയോ അപ്ഡേറ്റ് നിര്‍ത്തിവെച്ചു. ഓറിയോ അപ്ഡേറ്റ് ചെയ്ത ചില സ്മാർട്ട്ഫോണുകള്‍ പെട്ടന്ന് റീബൂട്ട് ചെയ്യപ്പെടുന്നു എന്ന പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഓറിയോ അപ്ഡേറ്റ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് സാംസങ് വ്യാഴാഴ്ച അറിയിച്ചു.
പുതിയ അപ്ഡേറ്റ് താമസിയാതെ തന്നെ വരുമെന്നും കമ്പനി വ്യക്തമാക്കി. ഫോണുകള്‍ റീബൂട്ട് ആവുന്ന പ്രശ്നത്തിന്റെ കാരണം എന്തെന്ന് കമ്പനി അന്വേഷിച്ചുവരികയാണ് എന്നാണ് റിപ്പോർട്ട്. സാംസങ് ഗാലക്സി എസ്8, എസ് 8 പ്ലസ് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്ത അപ്ഡേറ്റ് ഓട്ടോമാറ്റിക് ആയി ഡെലീറ്റ് ആവും. എന്നാല്‍ ഡൗണ്‍ലോഡ് ചെയ്ത അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് പ്രശ്നമുണ്ടാവില്ലെന്നും കമ്പനി അറിയിച്ചു.
പുതിയ അപ്ഡേറ്റിൽ ആന്‍ഡ്രോയിഡ് ഓറിയോയില്‍ അധിഷ്ഠിതമായ സാംസങ് എക്സ്പീരയന്‍സ് 9.0 യൂസര്‍ ഇന്റര്‍ഫെയ്സ് ആണുള്ളത്. വര്‍ണാഭമായ മീഡിയാ നോട്ടിഫിക്കേഷനുകള്‍, പുതിയ ലോഞ്ചര്‍ ഷോട്ട്കട്ടുകള്‍, മെച്ചപ്പെടുത്തിയ ബയോമെട്രിക് ഫങ്ഷനുകള്‍ ഉള്‍പ്പടെ നിരവധി മാറ്റങ്ങളാണ് പുതിയ അപ്ഡേറ്റിനൊപ്പമുള്ളത് എന്നാണ് സൂചന.






