
കല്‍പ്പറ്റ: മുത്തങ്ങ വനഭൂമിയില്‍ 2003ല്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടന്ന ഭൂസമരത്തില്‍ ചോര ചിന്തിയിട്ടും വയനാട്ടിലെ ആദിവാസി കുടുംബങ്ങളില്‍ ഭൂരിപക്ഷവും ഇപ്പോഴും ഭൂരഹിതര്‍. ഇന്ന് മുത്തങ്ങ സമരത്തിന്റെ 15-ാം വാര്ഷികമാചരിക്കുമ്പോഴും മനസും ശരീരവും നൊന്ത് അസ്വസ്ഥരായിക്കഴിയുകയാണ് ആദിവാസി വിഭാഗങ്ങള്‍.
വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആദിവാസി കുടുംബങ്ങളാണ് ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു, കോഡിനേറ്റര്‍ എം. ഗീതാനന്ദന് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പങ്കെടുത്തത്. സമരത്തില്‍ പങ്കെടുത്തതില്‍ 150 കുടുംബങ്ങള്‍ക്കു മാത്രമാണ് ഇതിനകം ഭൂമി ലഭിച്ചത്. ആദിവാസി ഗോത്രമഹാസഭയുടെ കണക്ക് പ്രകാരം 637 കുടുംബങ്ങളാണ് മുത്തങ്ങ സമരത്തില്‍ പങ്കെടുത്തത്.
അതേ സമയം 447 കുടുംബങ്ങള്‍ മുത്തങ്ങ വനത്തില്‍ സമരത്തിനെത്തിയെന്നാണ് സര്‍ക്കാരിന്റെ കണക്ക്.
മുത്തങ്ങ സമരത്തില്‍ ആദിവാസി ജോഗിയും പോലീസുകാരന് വിനോദും മരിച്ചുവെങ്കിലും ഭൂമി നല്കാന് മാറിമാറി വന്ന സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ട താല്പര്യം കാണിച്ചിരുന്നില്ല. 2003 ജനുവരിയിലാണ് ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ആദിവാസി കുടുംബങ്ങള്‍ മുത്തങ്ങ വൈല്‍ഡ് ലൈഫ് റേഞ്ചിലെ തകരപ്പാടിയിലും സമീപങ്ങളിലും വനം കൈയേറി കുടില്‍ കെട്ടിയത്. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് പോലീസ് വനം-സേനകള്‍ സയുക്തമായി ഫെബ്രുവരി 19നു നടത്തിയ കുടിയിറക്കലാണ് രക്തം ചൊരിയലില്‍ കലാശിച്ചത്. സമരക്കാരുടെ പ്രതിരോധത്തില്‍ പോലീസുകാരന് വിനോദും പോലീസിന്റെ വെടിയേറ്റ് ആദിവാസി ജോഗിയും മരിച്ചു.
ആഗോളതല ശ്രദ്ധ നേടിയ മുത്തങ്ങ സമരത്തിനു ശേഷവും ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭിക്കാതെ വന്നപ്പോള്‍ സി.കെ. ജാനുവും എം. ഗീതാനന്ദനും 2014ല്‍ സെക്രട്ടറിയറ്റ് നടയില്‍ അനിശ്ചിതകാല നില്പ് സമരവുമായി രംഗത്തെത്തി. 162 ദിവസം നീണ്ട നില്‍പ്പുസമരത്തെത്തുടര്‍ന്നാണ് മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത ഭൂരിഹിത ആദിവാസി കുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ വീതം ഭൂമി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുത്തങ്ങ സമരത്തില്‍ പങ്കെടുത്തതില്‍ അര്‍ഹതയുള്ളതെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതില്‍ 283 കുടുംബങ്ങളെയാണ് ഭൂവിതരണത്തിന്റെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 133 കുടുംബങ്ങള്‍ക്കാണ് ഭൂമി ലഭിക്കാനുള്ളത്. ഗോത്രമഹാസഭയുടെ കണക്കനുസരിച്ച് 486 കുടുംബങ്ങള്‍ക്ക് ഭൂമി ലഭിക്കണം. മാനന്തവാടി താലൂക്കിലെ കാഞ്ഞിരങ്ങാട്, വാളാട്, ബത്തേരി താലൂക്കിലെ ചേനാട്, ഇരുളം, വൈത്തിരി താലൂക്കിലെ വെള്ളരിമല, ചുണ്ടേല്‍ വില്ലേജുകളില്‍ ഉള്‍പ്പെട്ടതാണ് ഇതിനകം വിതരണം ചെയ്ത ഭൂമി. ഏറ്റവും ഒടുവില്‍ വെള്ളരിമല വില്ലേജിലാണ് 56 കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിച്ചത്.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും പി.കെ. ജയലക്ഷ്മി പട്ടികവര്‍ഗക്ഷേമ മന്ത്രിയുമായിരുന്നപ്പോഴാണ് മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തതില്‍ ഭൂമിക്ക് അര്‍ഹരായ കുടുംബങ്ങളുടെ പട്ടിക തയാറാക്കിയത്.
കാലം മാറിയതോടൊപ്പം ഗോത്രമഹാസഭക്കും മാറ്റങ്ങളുണ്ടായി. സി.കെ. ജാനു ജനാധിപത്യരാഷ്ട്രീയ സഭ ( ജെ.ആര്.എസ്.) രൂപീകരിച്ച് എന്‍.ഡി.എയുടെ ഭാഗമായതോടെ എം. ഗീതാനന്ദനുമായി സ്വരചേര്ച്ചയിലല്ലാതായി. സി.കെ.ജാനു, ഗീതാനന്ദന് എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു വിഭാഗങ്ങളായിട്ടാണിപ്പോള് ഗോത്രമസഹാസഭ പ്രവര്‍ത്തിക്കുന്നത്.
ഇതിനിടെ മുത്തങ്ങ സമരത്തിന്റെ 15-ാം വാര്‍ഷികാചരണ വേളയില്‍ ഒരേ ആവശ്യങ്ങളുന്നയിച്ച് രണ്ട് വിഭാഗങ്ങളും കൂടുതല്‍ ആദിവാസി സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സഹായത്തോടെ സമരരംഗത്ത് വീണ്ടെുമെത്താനുള്ള നീക്കങ്ങള്‍ നടത്തുന്നത് ശ്രദ്ധേയമാണ്. ഇതുവരെ കേരളം കാണാത്ത വിധത്തിലുള്ള സമരങ്ങള്‍ക്ക് കേരളത്തിലെ 34ഓളം ആദിവാസി സംഘടനകള്‍ ഒന്നിച്ച് നേതൃത്വം കൊടുക്കുമെന്ന് സി.കെ. ജാനു പറയുന്നു.
അതേ സമയം സാംസ്ക്കാരിക, സാമുഹിക നായകന്മാരുടെ പിന്‍ബലത്തോടെ വീണ്ടും സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല സമരങ്ങളടക്കം നടത്താനാണ് ഗീതാനന്ദന് വിഭാഗത്തിന്റെ തീരുമാനം. മുത്തങ്ങ കേസ് വിചാരണ നടക്കുന്ന സാഹചര്യത്തില്‍ ആദിവാസികള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി കാമ്പയിന് നടത്താനും മുത്തങ്ങ കേസ് ഡിഫന്‍സ് കമ്മിറ്റി രൂപീകരിക്കാനും തയാറെടുത്തുകൊണ്ടിരിക്കുകയാണെന്ന് ഗീതാനന്ദന് പറഞ്ഞു.






