
മിനി സ്ക്രീനിലെ സൗമ്യനായകന്, സാജന് സൂര്യ. ഒരു ഇടവേളയ്ക്കുശേഷം വില്ലനായി തിരിച്ചെത്തിയ സാജന് സൂര്യ എന്ന കലാകാരനെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. ഭാര്യ സീരിയലില്‍ നരേന്ദ്രന് എന്ന ഗുണ്ടയായി അഭിനയിച്ച് പ്രേക്ഷക മനസുകളില്‍ ഇടംനേടിയ സാജന് വീണ്ടും സൗമ്യനായകനാവുകയാണ്.
നായകനില്‍ നിന്ന് വില്ലന്‍. വീണ്ടും സൗമ്യ നായകന്?
കുങ്കുമപ്പൂവിന് ശേഷം വ്യത്യസ്തമായ വേഷങ്ങള്ക്കുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാന്‍. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ക്യാരക്ടറാണ് ഭാര്യയിലെ നരേന്ദ്രന്. വില്ലനാണെങ്കിലും അല്പം കോമളിത്തരങ്ങളൊക്കെയുള്ള ഒരു കഥാപാത്രം.
ബംഗളൂരു മലയാളി അസോസിയേഷന്റെ അവാര്‍ഡ് ഫംഗ്ഷന് പോകുന്ന സമയത്താണ് പ്രദീപ് പണിക്കര്‍ എന്നോട് ഈ കഥാപാത്രത്തെക്കുറിച്ച് പറയുന്നത്. കഥ കേട്ടപ്പോള്‍ ചെയ്യാമെന്ന് സമ്മതിച്ചു. ഒന്നര വര്‍ഷത്തോളം കാത്തിരുന്നു.
ഈ ക്യാരക്ടറിനെക്കുറിച്ച് സംവിധായകന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഗുണ്ടയുടെ ഗെറ്റപ്പിന് മുടി പറ്റെ വെട്ടാമെന്ന് ഞാന്‍ പറഞ്ഞു. മുടി വെട്ടിയാല്‍ വേറെ സീരിയലുകളൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് അറിയാമായിരുന്നു. പക്ഷേ നരന് എന്ന കഥാപാത്രം എനിക്കത്ര ഇഷ്ടപ്പെട്ടതുകൊണ്ട് മറ്റു സീരിയലുകളൊന്നും ചെയ്യേണ്ടന്ന് തീരുമാനിച്ചു.
അങ്ങനെ സംവിധായകനും നിര്‍മാതാവും ഞാനും കൂടി തിരുവനന്തപുരത്ത് വിജി എന്ന ഹെയര്‍സ്റ്റൈലിസ്റ്റിനെ ചെന്ന് കണ്ടു, മുടി പറ്റെ വെട്ടി. ഇപ്പോഴത്തെ അപ്പിയറന്സിലെത്തി. കംപ്ലീറ്റ് ബോഡിലാംഗ്വേജില്‍ മാറ്റം വരുത്തി.
ഡ്രസിലും എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരണമെന്നുണ്ടായിരുന്നു. അതുകൊണ്ട് ചെറിയ ഡിസൈനുകളുള്ള കുര്‍ത്തയും മുണ്ടും പരീക്ഷിക്കാമെന്ന് തീരുമാനിച്ചു. കോടീശ്വരന് പരിപാടിയില്‍ പോയപ്പോള്‍ സുരേഷ് ഗോപി ചേട്ടനും, കൊള്ളാം, നന്നായി ചെയ്യുന്നുണ്ടെന്ന് പറഞ്ഞു.
പ്രേക്ഷകരുടെ പ്രതികരണം?
വില്ലന്‍വേഷം പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന പേടി ഉണ്ടായിരുന്നു. സീരിയല്‍ തു ടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും എല്ലാവര്ക്കും നരേന്ദ്രനെ ഇഷ്ടമായി. വില്ലനാണെങ്കിലും ഈ ക്യാരക്ടറിന്റെ സ്റ്റൈലും മാനറിസങ്ങളുമൊക്കെ ഇഷ്ടമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
എന്തോ നിങ്ങളെ വെറുക്കാന്‍ കഴിയുന്നില്ല എന്നു ചിലര്‍ പറഞ്ഞു. പക്ഷേ ഇപ്പോള്‍ അധികം വില്ലത്തരങ്ങളൊന്നും വേണ്ട എന്ന് സംവിധായകനു തോന്നിയതുകൊണ്ടാവാം നരന് മാനസാന്തരപ്പെട്ട് അല്പം പാവമായിട്ടുണ്ട്.
ലൊക്കേഷന്‍ അനുഭവങ്ങള്‍?
രാജേന്ദ്രന് ചേട്ടന്, ദേവിചന്ദന, കുളപ്പുള്ളി ലീല തുടങ്ങി വലിയ ഒരു ടീമിനൊപ്പമാണ് വര്‍ക്ക്. ഭാര്യയുടെ പ്രേക്ഷകരധിക വും പുരുഷന്മാരാണ്. അവരെ കൂടി രസിപ്പിക്കുന്ന രീതിയിലുള്ള ഫൈറ്റും കാര്യങ്ങളുമൊക്കെ വേണം. ഷൂട്ടിനിടെ പല തവണ അപകടങ്ങള്‍ ഉണ്ടായി.
മതില് ചാടുന്ന ഒരു സീനുണ്ടായിരുന്നു. ആ സീനില്‍ വീടിന്റെ രണ്ടാംനിലയില്‍ കയറി, ഓടിന് മുകളില്‍ കയറുന്നതൊക്കെ അഭിനയിച്ചു. ഫൈറ്റ് സീനുകളെല്ലാം നല്ല എഫേര്‍ട്ട് എടുത്താണ് ചെയ്തത്.
ഒരിക്കല്‍ പത്തടി ഉയരമുള്ള മതിലില്‍ നിന്ന് വീണ് പരിക്ക് പറ്റി. അരയില്‍ കത്തി തിരുകി, മതില് ചാടിക്കടക്കുന്നതാണ് സീന്‍. ഉയരമുള്ള മതിലായതുകൊണ്ട് മുകളില്‍ കയറിയാല്‍ മതി, താഴേക്ക് ചാടണ്ട എന്ന് പറഞ്ഞിരുന്നു.
മതിലിന് മുകളില്‍ കയറിയപ്പോള്‍ കാല് തെന്നി താഴെ വീണു. എല്ലാവരും പേടിച്ച് നിലവിളിയോടെ ഓടിവന്നു. അരയില്‍ കത്തിയുണ്ടായിരുന്നതുകൊണ്ട് പരിക്കേറ്റെന്നാണ് അവര്‍ വിചാരിച്ചത്. ഭാഗ്യത്തിന് വലിയ പരിക്കൊന്നുമില്ലാതെ രക്ഷപെട്ടു.







