Authored by Web Desk | Last updated: 13 Mar 2018, 4:30 PM | 2 min read
ഏതൊരു അഭിനേതാവും ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനം ഉണ്ടാകുന്നത് അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ തന്നെയാണ്. ആ കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതോടെ ആരാധകരും വര്‍ദ്ധിക്കുന്നു.
അഭിനേതാവിന്റെ നിലവാരവും ഉയരുന്നു. അവര്‍ സൂപ്പര്‍ സ്റ്റാറുകളും മെഗാസ്റ്റാറുകളുമായി മാറുന്നു. മമ്മൂട്ടി എന്ന നടന്റെ പുതിയ ചിത്രമായ 'പരോളി'നെക്കുറിച്ച് പറയാനാണ് ഈ ആമുഖം വേണ്ടിവന്നത്. 'പരോള്‍' എന്ന ചിത്രത്തിലെ അലക്സ് എന്ന കര്ഷകന് അത്രമാത്രം ജനങ്ങളെ സ്വാധീനിക്കുമെന്നുറപ്പുള്ളതാണ്.
കഥാപാത്രത്തിന്റെ ശക്തിയും ആര്‍ദ്രതയും അത്രമാത്രം സ്വാധീനിക്കാന്‍, മനസ്സില്‍ നിറഞ്ഞുനില്ക്കാന് കഴിയുന്നതുമാണ്. പ്രശസ്ത പരസ്യചിത്രകാരനായ ശരത്ത് സന്ധിത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
മാസ്റ്റര്‍ പീസിനു ശേഷം ഏറ്റവും കൂടുതല്‍ ദിവസം ചിത്രീകരിച്ച ചിത്രവും പരോള്‍ തന്നെ. എഴുപത്തിയഞ്ചോളം ദിവസങ്ങള്‍ ചിത്രീകരിക്കപ്പെട്ടു. ഇതില്‍ 25 ദിവസത്തോളം ബാംഗ്ലൂരിലെ ഒരു ജയില്‍ സീനുകളായിരുന്നു.
ബാക്കി ഭാഗങ്ങള്‍ തൊടുപുഴയിലും പരിസരങ്ങളിലുമായിട്ടാണ് ചിത്രീകരിച്ചത്. കുടുംബത്തിനും സമൂഹത്തിനുമൊക്കെ പ്രിയങ്കരമാകുന്നതാണ് അലക്സ് എന്ന കഥാപാത്രം.
എല്ലാവിധ ഘടകങ്ങളും ഒത്തുചേര്‍ന്ന ഒരു ക്ലീന്‍ എന്റര്ടെയ്നര്.ഏതൊരു മനുഷ്യന്റെയും ജീവിതത്തില്‍ സംഭവിക്കാവുന്നതായ ഒരു സംഭവം അലക്സിന്റെ ജീവിതത്തിലും അരങ്ങേറുന്നതോടെയാണ് ഈ ചിത്രം സംഘര്‍ഷഭരിതമാണ്.
'യാത്ര'യിലെ ജയില്‍
ബാലുമഹേന്ദ്ര സംവിധാനം ചെയ്ത് ഏറെ വിജയം നേടിയ മമ്മൂട്ടി നായകനായ 'യാത്ര' എന്ന ചിത്രത്തിലെ ജയില്‍ ഭാഗങ്ങള്‍ ചിത്രീകരിച്ചത് ബാംഗ്ലൂരിലാണ്. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടി അതേ ലൊക്കേഷനില്‍ അഭിനയിക്കാന്‍ എത്തിയിരിക്കുന്നതും ഈ ചിത്രത്തിനു വേണ്ടിയാണ്.
ബാഹുബലി പ്രഭാകരന്
ബാഹുബലിയിലെ 'കാലകേയ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാകരന്, ഈ ചിത്രത്തിലും സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'ബുള്ളറ്റ് രാഘവന്' എന്ന കഥാപാത്രത്തെയാണ് പ്രഭാകരന് അവതരിപ്പിക്കുന്നത് വലിയൊരു താരനിര ഈ ചിത്രത്തിലുണ്ട്. മിയാജോര്ജും ഇനിയായുമാണ് നായികമാര്‍.
ഈ ചിത്രത്തില്‍ ഒരു അറബിക് ഗാനമുണ്ട് യു.എ.ഇ. പൗരനായ ഷിഹാബ് ഗനം എന്ന വ്യക്തിയാണ് ഈ ഗാനമെഴുതിയിരിക്കുന്നത്. ഹരിനാരായണന്, റഫീഖ് അഹമ്മദ് എന്നിവരാണ് മറ്റു ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.
ശരത്താണ് സംഗീതസംവിധായകന്. ലോകനാഥനാണ് ഛായാഗ്രാഹകന്‍, എഡിറ്റിംഗ് സുരേഷ് അര്‍സ്. സെല്‍വകുമാറാണ് കലാസംവിധായകന്‍.
ആന്റണി ഡിക്രൂസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സെഞ്ച്വറി ഫിലിംസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.