
തിരുവനന്തപുരം: കേരളത്തിലെ പൂട്ടിയ മദ്യശാലകളെല്ലാം ഇടതു മുന്നണി തുറക്കുന്നത് ബാറുടമകള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി വിധി ഇതിന് സൗകര്യമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇടതു മുന്നണി അധികാരത്തിലേറിയാല്‍ പൂട്ടിക്കിടക്കുന്ന ബാറുകളെല്ലാം തുറക്കാമെന്നും ഇതിനായി മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ കേസ് നടത്തണമെന്നും ബാറുടമകളുമായി സിപിഎം ഉണ്ടാക്കിയ ധാരണയാണ് ഇപ്പോഴത്തെ ബാര്‍ തുറക്കലെന്നും ആ വാഗ്ദാനം നിറവേറ്റുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഘട്ടം ഘട്ടമായാണ് സര്‍ക്കാര്‍ കേരളത്തെ മദ്യാലയമാക്കി മാറ്റിയിരിക്കുന്നത്. മദ്യശാലകള്‍ തുറക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിബന്ധന സര്‍ക്കാര്‍ നേരത്തെ തന്നെ എടുത്തു കളഞ്ഞിരുന്നു. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള സര്‍ക്കാര്‍ നീക്കത്തെ ശക്തമായി ചെറുക്കുമെന്നും ചെന്നിത്തല പറഞ്ഞു.






