
റഷ്യയ്ക്ക് പുറത്ത് പുതിയ ഡാറ്റാ സെന്റര്‍ ആരംഭിക്കാനൊരുങ്ങി ഐടി സുരക്ഷാ സ്ഥാപനം കാസ്പര്‍സ്കീ ലാബ്. വിവങ്ങള്‍ ചോര്‍ത്താന്‍ റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളെ സഹായിക്കുന്നു എന്ന പശ്ചാത്യ രാജ്യങ്ങളുടെ ആരോപണത്തെ തുടര്‍ന്നാണ് പുതിയ നീക്കം.
ആന്റി വൈറസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ റഷ്യയിലേക്ക് കടത്തുന്നു എന്നാണ് കാസ്പര്സ്കീയ്ക്കെതിരെയുള്ള പ്രധാന ആരോപണം. എന്നാല്‍ തങ്കള്‍ക്ക് ഇതില്‍ യാതൊരു വിധത്തിലുമുള്ള ബന്ധവുമില്ലെന്ന് കമ്പനി സിഇഓ യൂജീന്‍ കാസ്പര്‍സ്കീ വ്യക്തമാക്കിയിരുന്നു.
അമേരിക്ക ഉള്‍പ്പടെയുള്ള നിരവധി പാശ്ചാത്യ രാജ്യങ്ങളില്‍ മുന്‍പന്തിയിലുള്ള സൈബര്‍ സുരക്ഷാ സ്ഥാപനമായതുകൊണ്ടുതന്നെ റഷ്യയിലെ മോസ്കോയില്‍ പ്രധാന സെര്‍വറുള്ള കാസ്പര്‍സ്കീ ലാബിനെ സംശയദൃഷ്ടിയോടെ തന്നെയാണ് വീക്ഷിക്കുന്നത്. ഈ ആരോപണങ്ങള്‍ എല്ലാം മറികടക്കാനാണ് കമ്പനിയുടെ ഇപ്പോഴത്തെ ശ്രമം.
എന്നാല്‍ ഇത് ആദ്യമായാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും ആരോപണങ്ങളില്‍ കാസ്പര്‍സ്കീ ഒരു പരിഹാര നടപടി സ്വീകരിക്കുന്നത്. എന്നാല്‍ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല.






