
നോര്‍ഡ് സീരീസിലെ പുതിയ മോഡല്‍ വിപണിയില്‍ പുറത്തിറക്കാന്‍ ഒരുങ്ങി വണ്‍പ്ലസ്. വണ്‍പ്ലസ് നോര്‍ഡ് 6 ആണ് ഏപ്രില്‍ 7-ന് എത്തുന്നത്. വണ്‍പ്ലസ് നോര്‍ഡ് 6 ഇന്ത്യയില്‍ 35,000 രൂപയില്‍ കൂടുതലായിരിക്കും എന്നാണ് സൂചന. വണ്‍പ്ലസ് നോര്‍ഡ് 6-ന്റെ പ്രധാന ആകര്‍ഷണം അതിന്റെ ശക്തമായ ക്യാമറ സംവിധാനമാണ്. 50-മെഗാപിക്സല്‍ സോണി LYTIA പ്രൈമറി സെന്‍സര്‍ ഒഐഎസ് പിന്തുണയോടെയാണ് എത്തുന്നത്. കൂടാതെ എട്ട് മെഗാപിക്സല്‍ അള്‍ട്രാ-വൈഡ് ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍വശത്ത് 32-മെഗാപിക്സല്‍ പഞ്ച് ഹോള്‍ സെല്‍ഫി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. മുന്‍ മോഡലായ നോര്‍ഡ് 5-ല്‍ 50-മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് ചെറിയ കുറവാണിത്. എന്നാല്‍, പ്രധാന ക്യാമറ ഉപയോഗിച്ച് 4K വീഡിയോ 60fps-ല്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്നത് വലിയ നേട്ടമാണ്. ഡിസ്‌പ്ലേ വിഭാഗത്തിലും വണ്‍പ്ലസ് നോര്‍ഡ് 6 ശ്രദ്ധേയമാണ്. 1.5K റെസല്യൂഷനുള്ള ഫ്‌ലാറ്റ് അമോലെഡ് ഡിസ്‌പ്ലേയും 165 ഹെര്‍ട്സ് ഉയര്‍ന്ന റിഫ്രെഷ് റേറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1,800 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും 3,840 ഹെര്‍ട്സ് PWM ഡിമ്മിംഗും ഫോണിനെ കൂടുതല്‍ മികച്ച ദൃശ്യമാന അനുഭവത്തിന് അനുയോജ്യമാക്കുന്നു.
അക്വാ ടെക് 2.0 സാങ്കേതികവിദ്യയുടെ സഹായത്തോടെ നനഞ്ഞ കൈകള്‍ ഉപയോഗിച്ചും സ്‌ക്രീന്‍ സുഖമായി ഉപയോഗിക്കാനാകും. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍, ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 8s ജെന്‍ 4 ചിപ്‌സെറ്റാണ് ഈ ഫോണിന് കരുത്താകുന്നത്. 12 ജിബി വരെ LPDDR5x RAM, 256 ജിബി വരെ UFS 4.1 സ്റ്റോറേജ് എന്നിവയും ലഭ്യമാകും. കൂടാതെ 9,000 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയും 80 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗും 27 വാട്സ് റിവേഴ്‌സ് ചാര്‍ജിംഗും സപ്പോര്‍ട്ട് ചെയ്യുന്നു.






