കോഴിക്കോട്: ഫാറൂഖ് കോളജിലെ വിദ്യാര്‍ത്ഥിനികളെ അപമാനിച്ച് സംസാരിച്ച അധ്യാപകന് ജവഹര്‍ മുനവര്‍ അവധിയില്‍ പ്രവേശിച്ചു. അധ്യാപകനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് ഇയാള്‍ അവധിയില്‍ പോയത്. ഈ മാസം 28 വരെ ജവഹര്‍ അവധിയില്‍ പ്രവേശിച്ചതായി ഇയാളുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
മുസ്ലീം പെണ്‍കുട്ടികള്‍ വത്തയ്ക്ക കഷണം മുറിച്ചുവച്ചത് പോലെ മാറിടം കാണിച്ചു നടക്കുന്നുവെന്നായിരുന്നു അധ്യാപകന്റെ ആക്ഷേപം. മുസ്ലീം പെണ്‍കുട്ടികള്‍ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ലെന്നും ഇയാള്‍ ആരോപിച്ചു. ഇയാളുടെ പ്രസംഗത്തിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
ഏറ്റവും കൂടുതല്‍ ലഗ്ഗിന്‍സ് വിറ്റഴിക്കപ്പെടുന്നത് മുസ്ലീങ്ങളുടെ മേഖലയിലാണ്. ലഗ്ഗിന്‍സ് വൃത്തികെട്ട വസ്ത്രമാണ്. അത് മറ്റ് മതക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. താന്‍ വരുന്ന വഴിക്ക് പള്ളിക്ക് സമീപം സ്കൂള്‍ വിട്ടു വരുന്ന കുട്ടികളെ കണ്ടു. എല്ലാവരും ലഗ്ഗിന്സാണ് ധരിച്ചിരിക്കുന്നത്. എന്തിനാണ് ഈ വസ്ത്രം ധരിക്കുന്നത്. അതെന്തിനാണ് ഇടുന്നത്. നമ്മുടെ മക്കളെ ആരാണ് ഇതൊക്കെ പഠിപ്പിക്കുന്നത്. ഇങ്ങനെ ആധുനിക കുടുംബങ്ങള്‍ തകര്‍ച്ചയിലേക്ക് പോകുകയാണ്. നമ്മുടെ വീടുകളിലാണ് ഇതൊക്കെ സംഭവിക്കുന്നത്-ജവഹറിന്റെ പ്രസംഗം ഇങ്ങനെ തുടരുന്നു.
പര്‍ദ്ദ പൊക്കിപ്പിടിച്ച് ലഗ്ഗിന്‍സ് കാണിച്ചാണ് പെണ്‍കുട്ടികള്‍ ക്യാംപസില്‍ നടക്കുന്നത്. ഇങ്ങനെ വസ്ത്രം ധരിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ഗം ലഭിക്കില്ലെന്ന് രക്ഷിതാക്കള്‍ ബോധവത്കരിക്കണം. എണ്‍പത് ശതമാനം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഫാറൂഖ് കോളജിലെ അധ്യാപകനാണ് താനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ജവഹറിന്റെ പ്രസംഗം തുടങ്ങിയത്.






