
വയോധികയുടെ കാലില്‍ വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് കയറി ഗുരുതര പരിക്കേല്‍ക്കുകയും കാല്‍മുറിച്ചു മാറ്റേണ്ടി വരികയും ചെയ്തത് ബസ് ജീവനക്കാര്‍ വരുത്തിയ ഗുരുതര വീഴ്ചയെത്തുടര്‍ന്നെന്ന് കുടുംബം. വയനാട് വൈത്തിരി സ്വദേശിയായ 65 കാരി ജാനുവിനാണ് വ്യാഴാഴ്ച വൈകീട്ട് ചിപ്പിലിത്തോട് വച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റത്.
ബസില്‍ നിന്ന് ഇറങ്ങും മുൻപ് തന്നെ ഡ്രൈവര്‍ ബസ് എടുത്തതാണ് അപകടകാരണമെന്ന് യാത്രക്കാരും ബന്ധുക്കളും പറയുന്നു. അതേസമയം, ബസ് ഇറങ്ങിയ ശേഷം നടക്കുന്നതിനിടെ ജാനു കാല്‍തെറ്റി വീണതാകാമെന്നാണ് ഡ്രൈവറുടെ വാദം.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വോട്ടെടുപ്പ് ദിനം വൈകിട്ട് അഞ്ച് മണിയോടെ അടിവാരത്തിനടുത്ത് ചിപ്പിലിത്തോട് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്.






