
റേഞ്ച് റോവര്‍ ഇവോഖ് കണ്‍വേര്‍ട്ടബിള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. ലാന്‍ഡ് റോവര്‍ പുതിയ റേഞ്ച് റോവര്‍ ഇവോഖിനെ വിപണിയില്‍ അവതരിപ്പിച്ചു. റേഞ്ച് റോവര്‍ ഇവോഖിന്റെ എക്സ്ഷോറൂം വില 69.53 ലക്ഷം രൂപയാണ്. ഇന്ത്യയുടെ ആദ്യ കണ്‍വേര്‍ട്ടബിള്‍ ആഢംബര എസ് യുവി എന്ന വിശേഷണവും പുതിയ റേഞ്ച് റോവര്‍ ഇവോഖ് കണ്‍വേര്‍ട്ടബിളിനുണ്ട്.
റേഞ്ച് റോവര്‍ ഇവോഖ് 2.0 ലിറ്റര്‍ ഇന്‍ജെനിയം നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് എത്തുന്നത്. എഞ്ചിന് പരമാവധി 237 bhp കരുത്തും 340 Nm ടോർക്കും സൃഷ്ടിക്കാനാവും. കാറില്‍ ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഉള്ളത്. നാലു ചക്രങ്ങളിലേക്കും എഞ്ചിന് കരുത്തെത്തും. പാഡില്‍ ഷിഫ്റ്റോട് കൂടിയ ഡ്രൈവ് സെലക്ട്, സ്പോര്‍ട് മോഡ് എന്നിവ പുതിയ ആഢംബര എസ്യുവിയുടെ സവിശേഷതകളാണ്.
റേഞ്ച് റോവര്‍ ഇവോഖ് കണ്‍വേര്‍ട്ടബിള്‍ കേലവം രണ്ടു ഡോര്‍ പതിപ്പില്‍ മാത്രമാണ് ലഭ്യമാവുക. HSE ഡയനാമിക് എന്ന വകഭേദം മാത്രമാണ് മോഡലില്‍ ഒരുങ്ങുന്നതെന്നാണ് സൂചന. പേരു സൂചിപ്പിക്കുന്നത് പോലെ മടങ്ങി നില്ക്കുന്ന മേല്‍ക്കൂരയാണ് മോഡലിന്റെ പ്രധാന പ്രത്യേകത. പോളിഅക്രൈലിക് ഫാബ്രിക് കൊണ്ടാണ് മേല്‍ക്കൂരയുടെ നിര്‍മ്മാണം.
കണ്‍വേര്‍ട്ടബിള്‍ റൂഫിനെ മണിക്കൂറില്‍ 48 കിലോമീറ്റര്‍ വേഗതയില്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്ന് കമ്പനി പറയുന്നു. വിന്‍സര്‍ ലെതര്‍ സീറ്റുകള്‍, 10 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ക്രമീകരിക്കാവുന്ന ആംബിയന്റ് ലൈറ്റിംഗ് എന്നിവ അകത്തളത്തിലെ ആകർഷണം. എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, സിനോണ്‍ ഹെഡ്ലൈറ്റുകള്, റേഡിയേറ്റര്‍ ഗ്രില്‍, എയര്‍ ഡാം, വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, സോഫ്റ്റ് ടോപ് റൂഫ് എന്നിവയാണ് മറ്റ് ഫീച്ചറുകൾ.






