
ലോയയുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ കൃത്രിമം; പിന്നില്‍ ബിജെപി മന്ത്രിയുടെ ബന്ധുവായ ഡോക്ടര്‍
ന്യൂഡല്‍ഹി: ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച് ലോയയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ കൃത്രിമം നടന്നതായി വെളിപ്പെടുത്തല്‍. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവും മന്ത്രിയുമായ സുധീര്‍ മഗന്ധിവാറിന്റെ നിര്‍ദേശ പ്രകാരം ഭാര്യാ സഹോദരനായ ഡോക്ടര്‍ മകരന്ദ് വ്യവഹാരെയുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ലോയയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് നാഗ്പൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളെജിലെ ഡോ.എന്‍.കെ തുമ്രന്‍ ആണെന്നാണ് ഔദ്യോഗിക രേഖകളിലുള്ളത്. എന്നാല്‍ മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍ അംഗമായ മകരന്ദ് വ്യാവാഹാരെയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡി സിനിമാസിന്റെ ഭൂമി കയ്യേറ്റം; വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചി: നടന് ദിലീപിന്റെ ഡി സിനിമാസ് ഭൂമി കയ്യേറിയെന്ന പരാതിയില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതില്‍ വിജിലന്‍സിനെതിരെ വിജിലന്‍സ് കോടതിയുടെ രൂക്ഷവിമര്‍ശനം. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും എന്തുകൊണ്ടാണ് കേസെടുക്കാന്‍ വൈകിയതെന്ന് കോടതി ആരാഞ്ഞു. ഡി സിനിമാസിനെതിരായ പരാതിയില്‍ കേസെടുക്കാന്‍ രണ്ടാഴ്ച മുന്‍പാണ് കോടതി ഉത്തരവിട്ടത്.
എന്നാല്‍ നടപടി എടുക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച കോടതി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ ഒരാഴ്ച കൂടി സമയം അനുവദിച്ചു. പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. കേസില്‍ ദിലീപിന് പുറമേ മുന്‍ ജില്ലാ കളക്ടര്‍ എം.എസ് ജയയും എതിര്‍കക്ഷിയാണ്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ്, കയ്യേറ്റം നടന്നിട്ടില്ലെന്ന നിലപാടാണ് ആദ്യം സ്വീകരിച്ചത്.
ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: ഡി.ജി.പി ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്ത സുപ്രീം കോടതി ഹൈക്കോടതിക്ക് നോട്ടീസ് അയച്ചു. ജേക്കബ് തോമസ് നടത്തിയത് ജഡ്ജുമാര്‍ക്കെതിരായ വിമര്‍ശനമല്ലെന്ന് സുപ്രീം കോടതി വിലയിരുത്തി. സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് ജേക്കബ് തോമസ് പറഞ്ഞതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഈ മാസം 11ന് കേസ് വീണ്ടും പരിഗണിക്കും.
ഹൈക്കോടതിയിലെ രണ്ടു ജഡ്ജുമാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് ജേക്കബ് തോമസ് പരാതി നല്‍കിയിരുന്നു. ഇതാണ് കോടതിയലക്ഷ്യത്തിന് കാരണമായത്. ജേക്കബ് തോമസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസില്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ജേക്കബ് തോമസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇന്ന് സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിനാല്‍ ഹാജരാകാനാകില്ലെന്ന് ജേക്കബ് തോമസ് അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഈ മാസം 9ന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാജേഷിനെ കൊല്ലാനായിരുന്നില്ല; ക്വൊട്ടേഷന്‍ കയ്യും കാലും വെട്ടാന്‍
തിരുവനന്തപുരം: മടവൂരില്‍ കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷിനെ കൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്ന് പോലീസ്. കൊല്ലനായിരുന്നില്ല, മറിച്ച് കയ്യും കാലും വെട്ടാനായിരുന്നു ക്വൊട്ടേഷന്‍ സംഘത്തിന് നിര്‍ദ്ദേശം ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി. രാജേഷുമായി അടുപ്പമുണ്ടായിരുന്ന ഖത്തറിലെ മലയാളി യുവതിയുടെ ഭര്‍ത്താവാണ് ക്വൊട്ടേഷന്‍ നല്‍കിയത്. നര്‍ത്തകിയായ യുവതിയുടെ ഭര്‍ത്താവിനേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
ക്വെട്ടേഷന് സംഘത്തിന് വാഹനം സംഘടിപ്പിച്ച് നല്‍കിയതിന് മൂന്ന് പേര് നേരത്തെ അറസ്റ്റിലായിരുന്നു. അതിനിടെ കേസിലെ രണ്ടു പ്രതികളുടെ ഒളിസങ്കേതത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. കായംകുളം സ്വദേശിയായ ക്വട്ടേഷന്‍ സംഘത്തലവനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ വ്യക്തി രാജേഷിന്റെ സ്റ്റുഡിയോയില്‍ കൊലപാതകം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പ് എത്തിയിരുന്നു.
രാജീവ് ചന്ദ്രശേഖര്‍ എആര്‍ജി ഔട്ട്ലിയര്‍ ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടര്‍ സ്ഥാനം രാജിവെച്ചു
ന്യൂഡല്‍ഹി: രാജീവ് ചന്ദ്രശേഖര്‍ എംപി റിപ്പബ്ളിക് ടിവിയുടെ ഉടമസ്ഥതയുള്ള എആര്‍ജി ഔട്ട്ലിയര്‍ ഏഷ്യാനെറ്റ് ന്യൂസില്‍നിന്ന് രാജിവെച്ചു. ബി.ജെ.പി എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് രാജിവെയ്ക്കുന്നതെന്ന് അദ്ദേഹം ഔദ്യോഗികമായി ട്വിറ്ററിലൂടെ വിശദീകരിച്ചു.
ഇതുവരെ രാജ്യസഭയില്‍ സ്വതന്ത്ര എംപിയായിരുന്ന രാജീവ് ഇത്തവണ കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ബിജെപി എംപിയായി ആയിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹം രാഷ്ട്രീയ ധാര്‍മ്മികത മുന്‍നിര്‍ത്തി രണ്ടു ചാനലുകളുടെയും മേധാവി സ്ഥാനത്തു നിന്നും രാജിവെച്ചത്.