
കോട്ടയം: ദളിത് ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മതുല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. ഉത്തരേന്ത്യയില്‍ ഭാരത് ബന്ദില്‍ പങ്കെടുത്ത ദളിതരെ വെടിവെച്ചുകൊന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തിരിക്കുന്നത്. പാല്, പത്രം ഉള്‍പ്പെടെ അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, കൊച്ചിയിലും, തിരുവനന്തപുരത്തും, കോഴിക്കോടും, ആലപ്പുഴയിലും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമം നടത്തി. തൃശ്ശൂരിലും കൊല്ലത്തും കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. ആലപ്പുഴയില്‍ ബസ് തടഞ്ഞ സമരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്തനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞതോടെയാണ് ഗീതാനന്ദനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഗീതാനന്ദന് പറഞ്ഞു.
അതേസമയം, കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് ഇന്നലെ എംഡി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എല്ലാ ജീവനക്കാരും ഇന്നു ജോലിക്കു ഹാജരാകണമെന്ന് എംഡി സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ക്രമസമാധാന പ്രശ്നമുണ്ടായാല്‍ പോലീസ് സംരക്ഷണം തേടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതിയായ സംരക്ഷണം നല്‍കണമെന്ന് കെഎസ്ആര്‍ടിസി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും ഇന്നു സര്‍വീസ് നടത്തുമെന്ന് കഴിഞ്ഞ ദിവസം ബസ് ഫെഡറേഷന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നു വ്യാപാരി വ്യവസായ ഏകോപന സമിതിയും വ്യക്തമാക്കിയിട്ടുണ്ട്. തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും തിയറ്റര്‍ ഉടമകളും അറിയിച്ചിട്ടുണ്ട്.
എസ്സി, എസ്ടി അതിക്രമം തടയല്‍ നിയമം ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിനെതിരേയാണ് ദളിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം, ഹര്‍ത്താലില്‍ നിയമവാഴ്ചയും സമാധാന അന്തരീക്ഷവും പാലിക്കുന്നതിനും അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനു വേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.






