
ബംഗളൂരു: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങ് മികവില്‍ ശക്തരായ ബാംഗളൂരുവിനെതിരേ രാജസ്ഥന് റോയല്‍സിന് 19 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. അര്‍ധസെഞ്ച്വറി നേടിയ സഞ്ജുവിന്റെ ബാറ്റിങ് മികവില്‍ രാജസ്ഥാന് പടുത്തുയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗളൂരുവിന് നിശ്ചിത 20 ഓവറില്‍ 198 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. 45 പന്തില്‍ 92 റണ്‍സ് അടിച്ചെടുത്ത സഞ്ജുവാണ് കളിയിലെ താരം.
ടോസ് നേടിയ ബംഗളൂര് രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നാല് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് എടുത്തു. പത്ത് സിക്സുകളും രണ്ട് ബൗണ്ടറികളുമടക്കം 45 പന്തില്‍ നിന്നുമായിരുന്നു സഞ്ജു 92 റണ്‍സ് അടിച്ചെടുത്തത്. ഇതോടെ ഐ.പി.എല്ലിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ സഞ്ജു മുന്നിലെത്തുകയും ചെയ്തു.
രാജസ്ഥാനുവേണ്ടി ക്യാപ്റ്റന്‍ അജ്യങ്ക്യ രഹാനെയും ഷോര്‍ട്ടും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 49 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 20 പന്തുകള്‍ നേരിട്ട് 36 റണ്‍സ് നേടിയ രഹാനെയുടെ വിക്കറ്റാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്. തൊട്ടുപിന്നാലെ ഷോര്‍ട്ടും മടങ്ങി. മൂന്നാം വിക്കറ്റില്‍ ബെന്‍ സ്റ്റോക്കിനൊപ്പം 49 റണ്‍സിന്റെയും നാലാം വിക്കറ്റില്‍ ജോസ് ബട്ലര്ക്കൊപ്പം 73 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കാന്‍ സഞ്ജുവിന് സാധിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന് ആദ്യ ഓവറില്‍ തന്നെ മക്കുല്ലത്തിനെ നഷ്ടമായെങ്കിലും കോഹ്ലിയും ഡി കോക്കും കൂടി പ്രതീക്ഷ നല്കി. ആദ്യ മത്സരങ്ങളില്‍ ഫോം കണ്ടെത്താതിരുന്ന ബെംഗളൂരു ക്യാപ്റ്റന്‍ വിരാട് കോഹ്ലി അര്‍ധ സെഞ്ച്വറിയടിച്ചു ഫോമിലേക്ക് തിരിച്ചെത്തി. 30 ബോളില്‍ നിന്ന് 57 റണ്‍സെടുത്ത് ശ്രേയാസ് ഗോപാലിന് വിക്കറ്റ് സമ്മാനിച്ച് കോഹ്ലി പുറത്തായി. എന്നാല്‍, പിന്നീട് വന്ന ബാറ്റ്സ്മാന്മാര്ക്ക് സ്കോര്‍ബോര്‍ഡ് വേഗത്തില്‍ ചലിപ്പിക്കാന്‍ സാധിക്കാഞ്ഞതും ബംഗളുരുവിന് തിരിച്ചടിയായി.
ബംഗളൂരു നിരയില്‍ ക്രിസ് വോക്സ്, ഉമേഷ് യാദവ് യുസ്വേന്ദ്ര ചാഹല്‍ കുല്‍വന്ദ് കെജ്രോലിയ എന്നിവര്‍ വിക്കറ്റുകള്‍ സ്വന്തമാക്കി. രാജസ്ഥാന് നിരയില്‍ ശ്രേയസ് ഗോപാല്‍ രണ്ട് വിക്കറ്റും കൃഷ്ണപ്പ ഗൗതം, ബെന്‍ സ്റ്റോക്ക്സ്, ഡി ആര്‍സി ഷോര്‍ട്ട്, ബെന്‍ ലഫ്ലിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.





