
ന്യൂഡല്‍ഹി: എടിഎമ്മുകളിലെ കറന്‍സിക്ഷാമം വെള്ളിയാഴ്ചയോടെ പരിഹരിക്കപ്പെടുമെന്ന് എസ്ബിഐ ചെയര്മാന് രജനീഷ് കുമാര്‍. കറന്‍സിക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളിലേക്ക് കറന്‍സി എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദേഹം വ്യക്തമാക്കി.
തെലുങ്കാന, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് പ്രശ്നം ഉണ്ടായിരിക്കുന്നതെന്നും ഇത് ഇന്ത്യ ഒട്ടാകെ നേരിട്ട പ്രശ്നമല്ലെന്നും രജനീഷ് കുമാര്‍ വ്യക്തമാക്കി. വ്യാഴാഴ്ച വൈകുന്നേരത്തോടെ തന്നെ കറന്‍സി എത്തിക്കാനാകുമെന്നും വെള്ളിയാഴ്ചയോടെ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നും ചെയര്മാന് അറിയിച്ചു. ജനങ്ങള്‍ പണം കൈയില്‍ സൂക്ഷിച്ചാല്‍ ബാങ്കിന് വിതരണം നടക്കില്ലെന്നും. രാജ്യത്തിന് ഇതൊട്ടും യോജിച്ചതല്ലെന്നും അദേഹം ചൂണ്ടിക്കാട്ടി.
അതേസമയം നേരത്തെ രാജ്യത്ത് നിലവിലുള്ള നോട്ട് പ്രതിസന്ധിയ്ക്കു കാരണം 200 രൂപാ നോട്ടുകള്‍ കൂടുതല്‍ അടിച്ചതാണെന്ന് എസ്.ബി.ഐയുടെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. 200 രൂപയുടെ കറന്‍സി അച്ചടി കൂട്ടിയതോടെ മറ്റ് നോട്ടുകള്‍ക്ക് വിപണിയില്‍ ക്ഷാമം അനുഭവപ്പെടുകയായിരുന്നു.
ഉയര്‍ന്ന മൂല്യമുള്ള കറന്‍സിക്കാണ് ക്ഷാമം അനുഭവപ്പെടുന്നത്. 200 രൂപയുടെ നോട്ടുകള്‍ നിറയ്ക്കാനായി പല എടിഎമ്മുകളും സജ്ജമായിരുന്നില്ല എന്നതും പ്രതിസന്ധിക്ക് കാരണമായെന്ന് എസ്.ബി.ഐ വ്യക്തമാക്കുന്നു.
2017 മായി താരതമ്യം ചെയ്യുമ്പോള്‍ 12.2 ശതമാനം വര്‍ധനയാണ് എടിഎം ഉപയോഗത്തില്‍ ഉണ്ടായതെന്നും എസ്.ബി.ഐ വ്യക്തമാക്കുന്നു. രാജ്യത്ത് നോട്ട് നിരോധനത്തിന് സമാനമായ പണക്ഷാമം ഉണ്ടെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കറന്‍സി അച്ചടിയില്‍ ഉള്‍പ്പെടെ കുറവുണ്ടായതാണ് പ്രതിസന്ധിക്ക് കാരണം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ വ്യക്തതയുമായാണ് എസ്.ബി.ഐ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.






