
കാലാവസ്ഥയ്ക്ക് അനുസരിച്ച് ഭക്ഷണരീതിയിലും മാറ്റം ഉണ്ടാകണം. പ്രകൃതിപോലും കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് പൂക്കുന്നതും കായ്ക്കുന്നതും ഫലങ്ങള്‍ തരുന്നതും.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ ആരോഗ്യത്തെ ബാധിക്കുന്നതുകൊണ്ട്, പ്രകൃതിതന്നെ ഇത്തരം ആരോഗ്യപ്രശ്നങ്ങളെ അതിജീവിക്കാനുള്ള മരുന്നായി ഒരോ ഭൂപ്രകൃതിക്കും അനുസൃതമായ ഭക്ഷ്യോല്പന്നങ്ങള് നമുക്ക് കനിഞ്ഞ് നല്‍കിയിട്ടുണ്ട്.
ഭക്ഷണത്തെ മരുന്നായിട്ടാണ് ഹിപ്പോക്രാറ്റസ് കണ്ടിരുന്നത്. വേനല്‍ക്കാലങ്ങളില്‍ സുലഭമായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
കാലാവസ്ഥയ്ക്ക് അനുയോജ്യ ഭക്ഷണം
മാറിയ ജീവിതരീതിയും പാശ്ചാത്യ സംസ്കാരങ്ങളുടെ കടന്നുകയറ്റവും നമ്മുടെ ആഹാരരീതി ഏറെ മാറ്റിയിട്ടുണ്ട്. നമ്മുടെ ജീവിതരീതിയ്ക്കും കാലാവസ്ഥയ്ക്കും അനുസൃതമായ ഭക്ഷണസാധനങ്ങള്‍ നമുക്കു ചുറ്റുപാടും ലഭ്യമാണ്.
പക്ഷേ, നാം ഇതൊന്നും ശ്രദ്ധിക്കാതെയാണ് ഫാസ്റ്റ് ഫുഡിനെയും പായ്ക്കറ്റു സാധനങ്ങളെയും കൃത്രിമ ദാഹശമനികളെയുമൊക്കെ ആശ്രയിക്കുന്നത്. എന്നാല്‍ നമ്മുടെ മുന്‍തലമുറക്കാര്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധയുള്ളവരും ജ്ഞാനികളുമായിരുന്നെന്ന് അവര്‍ പാലിച്ചിരുന്ന ആഹാരശീലങ്ങളില്‍ നിന്നും നമുക്ക് മനസിലാകും.
വേനല്‍ക്കാല ഭക്ഷണം മറ്റുകാലങ്ങളിലെ ഭക്ഷണവുമായി തികച്ചും വ്യത്യസ്തമാണ്. കാരണം അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനിലയെ അതിജീവിക്കാന്‍ ശരീരം കൂടുതല്‍ വിയര്പ്പുല്പ്പാദിപ്പിക്കുന്നു.
ഇത് ജലവും ലവണങ്ങളും ശരീരത്തില്‍ നിന്നും ധാരാളമായി നഷ്ടമാകാന്‍ കാരണമാകുന്നു. ഈ അവസരങ്ങളില്‍ ആവശ്യത്തിനു വെള്ളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ നിര്‍ജ്ജലീകരണം അഥവാ ഡീഹൈഡ്രേഷന് എന്ന അവസ്ഥയ്ക്ക് കാരണമാകും.
തൊഴിലിന് അനുസരിച്ച്
ഒരോരുത്തരും അവരവരുടെ ജീവിതശൈലിക്കനുസൃതമായ (ജോലി, ഭക്ഷണക്രമം, രോഗാവസ്ഥ) അളവില്‍ വെള്ളം കുടിക്കണം. കുറഞ്ഞത് രണ്ടര ലിറ്റര്‍ വെള്ളം ദിവസവും കുടിക്കണം. പൊരിവെയിലത്തു ജോലി ചെയ്യുന്നവര്‍ ഉപ്പുചേര്‍ത്ത വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.
എന്നാല്‍ ഓഫീസ് ജോലിയോ അധ്വാനം കുറഞ്ഞ ജോലികള്‍ ചെയ്യുന്നവരോ അധികം ഉപ്പുചേര്ക്കേണ്ട ആവശ്യമില്ല. കാരണം ആഹാരത്തില്‍ നിന്നും ശരീരത്തിനാവശ്യമായ ഉപ്പ് അവര്‍ക്ക് ലഭിക്കുന്നുണ്ട്.
വേനല്‍ക്കാലത്ത് ദാഹശമനത്തിനായി തട്ടുകടകളിലും വഴിയോരങ്ങളിലും ലഭിക്കുന്ന ദാഹശമനികളെ ആശ്രയിക്കുമ്പോള്‍ ശ്രദ്ധിക്കണം. കാരണം വൃത്തിഹീനമായ ചുറ്റുപാടില്‍ തയ്യാറാക്കുന്ന ഇത്തരം പാനീയങ്ങള്‍ മഞ്ഞപ്പിത്തം, വയറിളക്കം, ഛര്‍ദില്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും.
മാത്രമല്ല ബോട്ടിലുകളില്‍ ലഭ്യമാകുന്ന കോള, പെപ്സി മുതലായവ ശരീരത്തില്‍ ഉള്ള ജലാംശംകൂടി വലിച്ചെടുക്കും. അതുകൊണ്ട് വീട്ടില്‍ തയ്യാറാക്കുന്നതും വൃത്തിയുള്ളതുമായ പാനീയങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.






