
ബംഗളൂരു: ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസ് പോലീസ് ചമഞ്ഞെത്തിയ സംഘം തട്ടിയെടുത്തു. ഏകദേശം 42 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇന്നലെ രാത്രിയാണ് യാത്രക്കാരെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്.
ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വന്ന ലാമ ട്രാവല്‍സ് ബസാണ് കെങ്കേരിക്കു സമീപം ഇന്നലെ രാത്രി പത്തരയോടെ നാലാംഗ സംഘം തടഞ്ഞത്. ബൈക്കുകളില്‍ എത്തിയ അഞ്ചംഗ സംഘം ബസ് തടഞ്ഞു നിര്‍ത്തിയ ശേഷം ഡ്രൈവറെ ഭീക്ഷണിപ്പെടുത്തി സീറ്റില്‍ നിന്നും മാറ്റി. അതിന് ശേഷം ഇയാള്‍ തന്നെ ബസ് ഓടിക്കുകയും പ്രധാന റോഡില്‍ നിന്നും വിട്ടുമാറി ബസ് പാര്‍ക്ക് ചെയ്യുന്ന ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
അക്രമികളില്‍ ഒരാള്‍ പോലീസ് വേഷം ധരിച്ചിരുന്നു. ആരെയും ഫോണ്‍ വിളിക്കരുതെന്നും പോലീസിനെ അറിയിക്കരുതെന്നും പറഞ്ഞു യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചില യാത്രക്കാര്‍ തന്ത്രപരമായി പോലീസിനെ വിവരം അറിയിച്ചു. വൈകാതെ രാജ രാജേശ്വരി നഗര്‍ പോലീസ് സ്ഥലത്ത് എത്തി ബസ്സും യാത്രക്കാരെയും മോചിപ്പിച്ചു. ഗുണ്ടകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷമാണ് ബസ് വിട്ടയച്ചത്. ബസിന്െ്റ വായ്പ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിന്െ്റ പേരില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് വേണ്ടിയാണ് ബസ് തട്ടിയെടുത്തതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ സൂചന.






