
തിരുവനന്തപുരം: കോവളത്തെ കണ്ടല്‍ക്കാട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ട ലാത്വിയ സ്വദേശിനി ലിഗയെ കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞെങ്കിലും കസ്റ്റഡിയിലുള്ള നാലുപേരുടെ മൊഴികള്‍ പരസ്പരവിരുദ്ധം. ഉമേഷ്, ഉദയന്‍, ലാലു, ഹരി എന്നിവരാണു പോലീസ് കസ്റ്റഡിയിലുള്ളതെന്നാണു സൂചന. ഇവരുടെ മൊഴികളെല്ലാം കളവാണെന്നു കേസിലെ ശാസ്ത്രീയപരിശോധനകളില്‍ നിന്നു വ്യക്തമായി. ലിഗ കൊല്ലപ്പെട്ട ദിവസം ഇവര്‍ നാലുപേരും വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ ഉണ്ടായിരുന്നെന്നാണു സൂചന.
ലിഗ കണ്ടല്‍ക്കാട്ടിലേക്കു പോകുന്നതു കണ്ടെന്നാണു സമീപവാസിയായ ഉദയന്‍ പോലീസിനോടു പറഞ്ഞത്. അപ്പോള്‍ താന്‍ വീട്ടിലെ ബാത്ത്റൂമിലായിരുന്നെന്നും ഉദയന്‍ മൊഴി നല്കി. പരമാവധി തെളിവുകള്‍ ശേഖരിച്ചശേഷമാകും ഇവരുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസ് തീരുമാനമെടുക്കുക. ലിഗയുടെ മൃതദേഹം കിടന്ന സ്ഥലത്തുനിന്നു ലഭിച്ച മുടിനാര് കസ്റ്റഡിയിലുള്ളവരില്‍ ഒരാളുടേതാണെന്നു തിരിച്ചറിഞ്ഞു. ബലാത്സംഗശ്രമം ലിഗ ചെറുത്തതാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പോലീസ് നിഗമനം.
കഴുത്തിന്റെ മുന്‍ഭാഗത്തു ബലമായി അമര്‍ത്തിയതാണു മരണകാരണം. കഴുത്തിലെ തരുണാസ്ഥികള്‍ തകര്‍ന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സാഹചര്യത്തെളിവുകളെയാണു പോലീസ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍, പ്രതികള്‍ക്കു കോടതിയില്‍നിന്നു സംശയത്തിന്റെ ഒരാനുകൂല്യവും ലഭിക്കാന്‍ പാടില്ലെന്ന് അന്വേഷണസംഘത്തിനു നിര്‍ദേശമുണ്ട്. പഴുതുകള്‍ അടച്ച് അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് അന്വേഷണസംഘത്തലവനായ കമ്മിഷണര്‍ പി. പ്രകാശ് പറഞ്ഞു. 200 പേരെ ചോദ്യംചെയ്തെങ്കിലും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ നാലുപേരിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു.
കൊലപാതകം നടന്ന ദിവസം തങ്ങള്‍ വീടുകളിലായിരുന്നെന്നു പ്രതികള്‍ മൊഴി നല്‍കിയെങ്കിലും വീട്ടുകാരുടെ മൊഴി മറിച്ചായിരുന്നു. ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും ഇവരെ പലവട്ടം ചോദ്യം ചെയ്തപ്പോള്‍ കള്ളിവെളിച്ചത്തായി. ആദ്യത്തെ ചോദ്യംചെയ്യലില്‍, ലിഗയെ കണ്ടിട്ടില്ലെന്നായിരുന്നു ഇവരുടെ മൊഴി. പിന്നീടു പൊന്തക്കാട്ടില്‍ മൃതദേഹം കണ്ടെന്നും പേടിമൂലം പുറത്തുപറഞ്ഞില്ലെന്നും തിരുത്തി. ലിഗ കോവളത്തെത്തിയ മാര്‍ച്ച് 14-നും അടുത്തദിവസങ്ങളിലും തങ്ങള്‍ സ്വന്തം വീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമായിരുന്നെന്ന് ഇവര്‍ പറഞ്ഞതു കളവാണെന്നു തെളിഞ്ഞു.






