
മുംബൈ: ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനിടെ രാജ്യത്താകെ കണ്ടെത്തിയത് 13 കോടിയോളം രൂപയുടെ കള്ളനോട്ടുകളെന്ന് റിപ്പോര്‍ട്ട്. ദേശീയ ക്രൈം റേക്കോര്‍ഡ്സ് ബ്യൂറോയുടെ മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ് ഇത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ പിടിച്ചെടുത്തത് ഉത്തര്‍പ്രദേശിലാണ്. 11 കോടിയോളം രൂപ മൂല്യം വരുന്ന 1,07,480 വ്യാജ നോട്ടുകളാണ് ഉത്തര്‍പ്രദേശില്‍ നിന്നും പിടിച്ചെടുത്തത്.
ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. ഡല്‍ഹിയില്‍ നിന്നും ഒരു കോടി 13 ലക്ഷം രൂപ മൂല്യമുള്ള 19,768 നോട്ടുകളാണ് കണ്ടെത്തിയത്. ഗുജറാത്ത്, ബംഗാള്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് തുടര്‍സ്ഥാനങ്ങളില്‍.
വ്യാജനില്‍ മുന്നില്‍ നില്‍ക്കുന്നത് 100 രൂപയുടെ നോട്ടുകളാണ്. 13,659 നൂറ് രൂപ വ്യാജനോട്ടുകളാണ് കണ്ടെത്തിയത്. 3,822 അഞ്ഞൂറു രൂപ നോട്ടുകളും പിടിച്ചെടുത്തു. രണ്ടായിരത്തിന്റെ 5,983 എണ്ണവും ഇരുന്നൂറ് രൂപയുടെ 533 എണ്ണവും മൂന്ന് മാസത്തിനുള്ളില്‍ പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.






