
തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെ.എസ്.ആര്.ടി.സിയെ കരകയറ്റാന്‍ എം.ഡി ടോമിന് തച്ചങ്കരി വളയം പിടിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിനെതിരേ പരാതികളുടെ ഭാണ്ഡക്കെട്ടുമായി ടോപ് ഗിയറില്‍ ഭരണപക്ഷ അനുകൂല യൂണിയന്. തച്ചങ്കരിയുടെ പരിഷ്കരണ നടപടികളിലുള്ള വിയോജിപ്പുമായി നേതാക്കള്‍ നാളെ മുഖ്യമന്ത്രിക്കു മുന്നിലേക്കു പായും. കഴിഞ്ഞ മാസം വരെ ശമ്പളം എന്നു കിട്ടുമെന്നു പോലും ധാരണയില്ലാതിരുന്ന ജീവനക്കാര്‍ക്കു 30-നു തന്നെ ശമ്പളം കൊടുത്തപ്പോഴാണു യൂണിയന് റിവേഴ്സ് ഗീയറിടുന്നത്.
കോര്‍പ്പറേഷനില്‍ അദര്‍ ഡ്യൂട്ടി ഇല്ലാതാക്കാന്‍ തച്ചങ്കരി നിര്‍ദേശിച്ചതാണ് നേതാക്കളെ ചൊടിപ്പിച്ചത്. ചീഫ് ഓഫീസിലടക്കം ജോലിചെയ്യാതെ ശമ്പളം പറ്റിയിരുന്ന പലര്‍ക്കും ഇതോടെ ജോലിക്കിറങ്ങേണ്ടി വന്നു. എന്നിട്ടും എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ പിണിയാളുകളായി നിരവധിപേര്‍ ഇപ്പോഴും അദര്‍ ഡ്യൂട്ടിയുടെ പേരില്‍ ചീഫ് ഓഫീസില്‍ കടിച്ചുതൂങ്ങുന്നുണ്ട്. ഇവരെ ഡ്യൂട്ടിക്കിറക്കാന്‍ തച്ചങ്കരി നടത്തിയ നീക്കമാണു നേതാക്കളുടെ ഉറക്കം കെടുത്തുന്നത്. ജോലിക്കു കയറിയ തസ്തികയിലല്ലാതെ മറ്റു തസ്തികകളില്‍ ജോലി ചെയ്യുന്നവരെ അതത് തസ്തികയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള എം.ഡിയുടെ നിര്‍ദേശവും യൂണിയനെ ചൊടിപ്പിച്ചു. അദര്‍ ഡ്യൂട്ടിക്കാരെ ഡ്യൂട്ടിക്കിറക്കിയതോടെ കലക്ഷനില്‍ വന്‍ വര്‍ധനയാണു ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതോടെയാണു സ്വന്തം റിസ്കില്‍ തച്ചങ്കരി സര്‍ക്കാരില്‍നിന്നു പണം വാങ്ങി ജീവനക്കാര്‍ക്ക് ഇന്നലെത്തെന്ന ശമ്പളം കൊടുത്തത്.
ഷണ്ടിങ് ഡ്യൂട്ടിയും അദര്‍ ഡ്യൂട്ടിയും ചെയ്യുന്നതില്‍നിന്നു കണ്ടക്ടര്‍മാരേയും ഡ്രൈവര്‍മാരേയും വിലക്കിയിരുന്നു. ദിവസവും ഇരുന്നൂറോളം സര്‍വീസുകള്‍ ജീവനക്കാരുടെ കുറവുമൂലം മുടങ്ങുന്ന അവസ്ഥയിലാണ് ഇങ്ങനെയൊരു തീരുമാനം. ഷണ്ടിങ് ജോലികള്‍ ഇനി മെക്കാനിക്കല്‍ ജീവനക്കാര്‍ ഏറ്റെടുക്കണമെന്നും ്രെഡെവിങ് അറിയുന്നവര്‍ ഹെവി വെഹിക്കിള്‍ ലൈസന്‍സ് എടുക്കണമെന്നും തച്ചങ്കരി നിര്‍ദേശിച്ചിരുന്നു. അദര്‍ഡ്യൂട്ടി ചെയ്യുന്ന മറ്റു ജീവനക്കാരെ അവര്‍ പി.എസ്.സി വഴി നിയമനം നേടിയ തസ്തികയിലേക്കു തിരിച്ചെത്തിക്കാന്‍ പട്ടിക ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതോടെ എം.ഡിയുടെ ഉത്തരവുകള്‍ അട്ടിമറിക്കാനും അവ ദ്രോഹകരമാണെന്നു വരുത്താനുമുള്ള നീക്കങ്ങള്‍. വേണ്ടപ്പെട്ടവരെ ഇഷ്ടസ്ഥലങ്ങളില്തന്നെ ഇരുത്തി, അസുഖങ്ങളും അവശതയുംമൂലം ഓഫീസ് ഡ്യൂട്ടിയിലേക്കു മാറ്റിയവരെ മനഃപൂര്‍വം ഉപദ്രവിക്കാനുള്ള നീക്കമാണു നടക്കുന്നത്. ഇതിലൂടെ തച്ചങ്കരിക്കെതിരേ പ്രതിഷേധം ആളിക്കത്തിക്കുകയാണു ലക്ഷ്യം. പോരാത്തതിന്, ചീഫ് ഓഫീസിലെ പല എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരും എം.ഡിയുമായി പൂര്‍ണമായ സഹകരണത്തിലല്ലതാനും.
മുടങ്ങിയ പെന്ഷന് ഈ ആഴ്ച തെന്ന െകാടുത്തുതീര്ക്കാനുള്ള ശ്രമത്തിലാണു തച്ചങ്കരി. അതിനിടയിലാണ് പരാതിക്കെട്ടുമായി യൂണിയന് നേതാക്കളുടെ പടപ്പുറപ്പാട്. ലൈന്‍ ഡ്യൂട്ടിക്കാരായ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും യാത്രക്കാരോടു കൂടുതല്‍ സൗഹൃദത്തോടെ ഇടപെടണമെന്ന് അടക്കമുള്ള തച്ചങ്കരിയുടെ നിര്‍ദേശങ്ങളൊക്കെ ജീവനക്കാരെ അവഹേളിക്കുന്നതാണെന്നാണ് യൂണിയന്റെ പ്രധാന ആരോപണം.






