
കോട്ടയ്ക്കല്‍ : പെരുമണ്ണയില്‍ ഭൂമി പിളരാനുള്ള കാരണം കുഴലീകൃത മണ്ണൊലിപ്പ് (സോയില്‍ പൈപ്പിങ്) എന്ന് സ്ഥിരീകരിച്ചു. ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ജി.ശങ്കറിന്റെ നേതൃത്വത്തില്‍ വിദഗ്ധസംഘം പ്രദേശത്ത് പഠനം നടത്തിയാണ് ഭൂമി പിളരാനുള്ള കാരണം ഭൂമിക്കടിയിലെ മണ്ണൊലിപ്പാണെന്ന് കണ്ടെത്തിയത്.
ഭൂമിക്ക് മൂന്നു തരം പാളികളാണ് ഉള്ളത്. ചെങ്കല്‍, കളിമണ്ണ്, പാറ എന്നിവയാണ് അവ. കളിമണ്ണ് ഇല്ലാതാകുന്നതോടെ ചെങ്കല്‍പാളികള്‍ വിടരുകയും ഭൂമി താഴുകയും ചെയ്യുമെന്ന് പഠനസംഘം പറഞ്ഞു.
മണ്ണൊലിപ്പിനെ തുടര്‍ന്ന് ഗര്‍ത്തം, ഗുഹ എന്നിവ ഉണ്ടാകുകയും വീടുകള്‍ താഴുകയും ചെയ്തതായി ജി ശങ്കര്‍ പറഞ്ഞു. പ്രദേശത്ത് ഗുഹ കണ്ടെത്തിയിട്ടുണ്ട്. അതെക്കുറിച്ച് പഠനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ പല വീടുകളുടെയും കിണറുകള്‍ക്കുള്ളില്‍ ഗുഹ കണ്ടെത്തിയിട്ടുണ്ട്. 485 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പ്രദേശത്ത് വിള്ളല്‍ ബാധിച്ചതെന്ന് പഠനത്തില്‍ കണ്ടെത്തി. വിള്ളല്‍ വീണ വീടും ഇതില്‍ ഉള്‍പ്പെടും. പ്രദേത്തു നിന്നും പൊളിച്ചു നീക്കിയ പരുത്തിക്കുന്നന്‍ സൈനുദ്ദീന്റെ വീട് നിന്നിരുന്ന സ്ഥലത്തും ഗുഹയുണ്ട്ഇത്തരം പ്രദേശങ്ങളില്‍ വീടു വയ്ക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും കിണറുകളെയും ഇത് ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. പ്രദേശത്തെ റോഡുകളും ഭീഷണി നേരിടുന്നുണ്ട്.






