ബംഗളുരു: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബി.ജെ.പി ഗവണ്മെന്റ് അധികാരത്തില്‍. ഗവര്‍ണര്‍ വാജുഭായി വാല ക്ഷണിച്ചതിനെ തുടര്‍ന്ന് ബി.എസ് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം ഗവര്‍ണര്‍ അനുവദിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് കൊടുത്തിട്ടും ഗവര്‍ണര്‍ ബി.ജെ.പിക്കാണ് അവസരം നല്‍കിയത്.
224 അംഗ നിയസഭയില്‍ തെരഞ്ഞെടുപ്പ് നടന്ന 222 സീറ്റുകളില്‍ 104 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഗവര്‍ണര്‍ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് കുതിരക്കച്ചവടത്തിന് വഴിയൊരുക്കാനാണെന്നാണ് സൂചന. സംസ്ഥാനത്ത് ജാതിക്കാര്‍ഡിറക്കി കോണ്‍ഗ്രസിന്റെ ലിംഗായത്ത് എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാനാണ് ബി.ജെ.പി നീക്കമെന്ന് സൂചന. കോണ്‍ഗ്രസിന് പന്ത്രണ്ടോളം ലിംഗായത്ത് എം.എല്‍.എമാരുണ്ട്. ഇവരെ അടര്‍ത്തി എടുക്കാനാണ് നീക്കം.
മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ലിംഗായത്ത് സമുദായക്കാരനാണ്. സിദ്ധരാമയ്യ സര്‍ക്കാര്‍ ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്കിലെങ്കിലും യെദ്യൂരപ്പയുടെ മുഖ്യമന്ത്രി സ്ഥാനത്തെയാണ് സമുദായം പിന്തുണച്ചത്. ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരം നേടിയാല്‍ മുഖ്യമന്ത്രിയാകുന്ന കുമാരസ്വാമി വൊക്കലിംഗ സമുദായക്കാരാണ്. വൊക്കലിംഗ സമുദായവും ലിംഗായത്തുകളും രാഷ്ട്രീയമായി കടുത്ത ഭിന്നത നിലനില്‍ക്കുന്നുണ്ട്. ഈ അസ്വാരസ്യം മുതലെടുത്ത് കോണ്‍ഗ്രസ് എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാനാണ് ശ്രമം.
ലിംഗായത്ത് എം.എല്‍.എമാര്‍ക്ക് പുറമെ 3-4 മറ്റ് എം.എല്‍.എമാരെക്കുടി മറുകണ്ടം ചാടിക്കും. കര്‍ണാടകയിലെ ജനവിധി കോണ്‍ഗ്രസിന് എതിരാണെന്നും അതിനാല്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ തെറ്റില്ലെന്നും കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോണ്‍ഗ്രസ് ജനവിധി മാനിക്കണമെന്നും നിയമമന്ത്രി പറഞ്ഞു.






