
ആത്മഹത്യ തടയാനാകില്ല എന്ന മിഥ്യാധാരണ ജനങ്ങള്‍ക്കിടയിലുണ്ട്. എന്നാല്‍ ഭൂരിഭാഗം ആത്മഹത്യകളും ഒഴിവാക്കാനാകും. ആത്മഹത്യ ചെയ്യുന്നവരുടെ മുന്നറിയിപ്പുകളും ചിന്താരീതികളും പെരുമാറ്റ രീതികളും തിരിച്ചറിയുകയാണ് ആദ്യപടി.
1. മുന്നറിയിപ്പുകള്‍ തിരിച്ചറിയുക. ആത്മഹത്യ പെട്ടെന്നു സംഭവിക്കുന്നതാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ആത്മഹത്യ ചെയ്യുന്നവര്‍ മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കു മുന്‍പോ അതിന്റെ സൂചനകള്‍ നല്കിയിരിക്കും. ഉദാഹരണത്തിന് 'അടുത്ത ഓണത്തിനു ഞാനുണ്ടാവില്ല', 'അടുത്ത പിറന്നാളിനു ഞാന്‍ കാണില്ല', 'ഞാന്‍ ജീവിച്ചിട്ട് ഒരു കാര്യവുമില്ല' എന്നൊക്കെയുള്ള പ്രസ്താവനകള്‍ അവര്‍ നടത്തിയിരിക്കും.
എന്നാല്‍, പ്രസ്താവനകള്‍ യാഥാര്‍ത്ഥ്യമാകുമ്പോഴാണ് അവര്‍ സ്തബ്ദരാകുന്നത്. യഥാര്‍ത്ഥത്തില്‍ സഹായത്തിനു വേണ്ടിയുള്ള അപേക്ഷകളായിരുന്നു ഈ പ്രസ്താവനകള്‍. സഹായത്തിനു വേണ്ടിയുള്ള നിലവിളിയെന്നാണ് ആത്മഹത്യയേപ്പറ്റി മനഃശാസ്ത്രജ്ഞര്‍ പറയുന്നത്.
ഇതിലൂടെ 'എന്നെയൊന്ന് ശ്രദ്ധിക്കണേ, കേള്‍ക്കണേ' എന്നൊക്കെയാണ് ഇവര്‍ പറയാന്‍ ശ്രമിക്കുന്നത്. ഇതു തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ നമുക്ക് അവരെ ഈ ഉദ്യമത്തില്‍ നിന്നും പിന്തിരിപ്പിക്കാം.
2. ആത്മഹത്യക്ക് ശ്രമിക്കുന്നവരുടെ ചിന്താരീതികള്‍ തിരിച്ചറിയുക. ആത്മഹത്യയ്ക്കു ശ്രമിക്കുന്നവര്‍ എന്തായിരിക്കും ചിന്തിക്കുന്നത്? തെറ്റു ചെയ്തെന്ന ബോധവും സ്വയം നിന്ദിച്ചുകൊണ്ടുള്ള ചിന്തകളുമായിരിക്കും ഇതില്‍ പ്രധാനം. അതായത് കുറ്റബോധവും ആത്മനിന്ദയും.
3. 'എന്നെക്കൊണ്ട് ഒരു ഉപകാരവുമില്ല'
4. 'അഞ്ചു പൈസയുടെ ഉപകാരം പോലുമില്ല'
5. 'എനിക്ക് എപ്പോഴും പരാജയം മാത്രമേയുള്ളൂ'
6. 'ആരും എന്നെ സഹായിക്കുന്നില്ല, മനസിലാക്കുന്നുമില്ല'
7. 'മറ്റുള്ളവര്‍ക്ക് ഞാനൊരു ഭാരമാണ്'
8. 'ഇങ്ങനെ പോയാല്‍ എനിക്ക് ഒരു ഭാവിയുമില്ല'
9. 'എന്റെ ഭാവി ഇരുളടഞ്ഞതാണ്'
10. 'എന്നെക്കൊണ്ട് ഒന്നിനുമാവില്ല'
11. 'അങ്ങനെയെങ്കില്‍ ഞാനെന്തിനു ജീവിക്കണം'
12. 'ജീവിതം അവസാനിപ്പിക്കുക തന്നെ'ഇങ്ങനെയാണ് ആത്മഹത്യയിലേക്കു പോകുന്നവരുടെ ചിന്താരീതികള്‍. ഈ രീതിയിലുള്ള ചിന്താരീതികള്‍ ഉണ്ടെങ്കില്‍ അതു കണ്ടുപിടിച്ച്, ചികിത്സ നടത്തിയാല്‍ ആത്മഹത്യ തടയാനാകും.
13. പെരുമാറ്റത്തിലും വ്യക്തിത്വത്തിലും പെട്ടെന്നുണ്ടാകുന്ന വ്യതിയാനം മുന്നറിയിപ്പായി തിരിച്ചറിയുക. അകാരണമായ ദേഷ്യം അസഹിഷ്ണുത, പ്രത്യേക കാരണങ്ങളൊന്നുമില്ലാതെയുള്ള ദു:ഖം എന്നിവ ശ്രദ്ധിക്കണം. അതുപോലെ തന്നെ ഒരാള്‍ പെട്ടെന്നു മൗനിയായി തീരുമ്പോഴും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ താല്പര്യം കുറയുമ്പോഴും സൂക്ഷിക്കേണ്ടിയിരിക്കുന്നു.
അട്ടഹാസവും ആക്രമണ സ്വഭാവവും മാത്രമാണ് മനോരോഗത്തിന്റെ പ്രത്യക്ഷ ലക്ഷണമായി സാധാരണക്കാര്‍ കണക്കാക്കുന്നത്. എന്നാല്‍ അതിലേറെ അപകടകരമാണ് മൗനം എന്നതു മനസിലാക്കുക.
മൗനത്തോടൊപ്പം ഒന്നിനും താല്പര്യം പ്രകടിപ്പിക്കാതിരിക്കുക. ജോലിക്കോ പഠനത്തിനോ പോകാതിരിക്കുക, മറ്റുള്ളവരുമായുള്ള സംസാരം കുറയുക, സ്വയം ഉള്‍വലിഞ്ഞ് ഒറ്റയ്ക്കിരിക്കാന്‍ താല്പര്യപ്പെടുക, ദു:ഖഭാവം എന്നിവ പ്രധാന ലക്ഷണങ്ങളായി കണക്കാക്കണം.
മൗനവും ഒന്നിലും താല്പര്യമില്ലാത്ത പെരുമാറ്റവും കടുത്ത വിഷാദ വ്യക്തിത്വത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഇത്തരക്കാര്‍ക്ക് മരണാഭിനിവേശം കൂടുതലായിരിക്കും.
***** കടപ്പാട്:
ഡോ. ജെയിന് ജോസഫ്






