
ഈ വര്‍ഷം ആഗസ്റ്റ് മുതല്‍ ഷാവോമി ടിവികള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനൊരുങ്ങുകയാണ് കമ്ബനി. സാംസങ്, സോണി, എല്‍ജി പോലുള്ള മുന്‍നിര കമ്ബനികളെ കുറഞ്ഞകാലം കൊണ്ടുതന്നെ പിന്നിലാക്കാന്‍ ഈ ചൈനീസ് കമ്ബനിക്ക് സാധിച്ചിട്ടുണ്ട്. 4കെ- എച്ച്ഡിആര്‍ സൗകര്യമുള്ള എംഐ എല്‍ഇഡി ടിവി 4 ഇന്ത്യയില്‍ അവതരിപ്പിച്ചുകൊണ്ടാണ് ഷാവോമി ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവന്നത്. 39,999 രൂപയായിരുന്നു ഇതിന്റെ വില.
ഡിക്സണ്‍ ടെക്ക്നോളജീസുമായി സഹകരിച്ചാണ് ഷാവോമി ടെലിവിഷനുകള്‍ ഇന്ത്യയ്ക്കകത്ത് തന്നെ നിര്‍മിക്കുന്നത്. ഷാവോമി സ്മാര്‍ട്ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതും ഡിക്സണ്‍ ടെക്ക്നോളജീസുമായി സഹകരിച്ചാണ്. നിലവില്‍ ഷാവോമി ടെലിവിഷനുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്.
ന്ധ്രാപ്രദേശിലെ തിരുപ്പതിയിലായിരിക്കും ടെലിവിഷന്‍ നിര്‍മാണശാല. ആഗസ്റ്റില്‍ തന്നെ ആദ്യ ബാച്ച് ടെലിവിഷനുകള്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. ആഗസ്റ്റ് മുതല്‍ പ്രതിമാസം 55,000 ടിവികള്‍ പ്രാദേശികമായ ഉല്പാദിപ്പിക്കാനാണ് ഷാവോമി പദ്ധതിയിടുന്നത്. എംഐ ടിവി 4 എ മാത്രമാണ് ആദ്യഘട്ടത്തില്‍ ഉല്പാദിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 32 ഇഞ്ചിന്റേയും 43 ഇഞ്ചിന്റേയും രണ്ട് വേരിയെന്റുകളാണ് ഈ മോഡലിനുള്ളത്. ടെലിവിഷനുകള്‍ക്ക് വേണ്ട പാനലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അവ ഇറക്കുമതി ചെയ്യണമെന്നാണ് സൂചന.
നിലവില്‍ 20 ശതമാനം ഇറക്കുമതി ചുങ്കവും രണ്ട ശതമാനം അധിക നികുതിയും ടെലിവിഷന്‍ ഇറക്കുമതി ചെയ്യുന്നതിന് കമ്ബനി നല്‍കുന്നുണ്ട്. പ്രാദേശികമായി നിര്‍മാണം ആരംഭിക്കുന്നതോടെ ഇറക്കുമതി ചുങ്കം 5 ശതമാനമായും അധിക നികുതി ഒരു ശതമാനമായും താഴും. ഇതോടെ ഷാവോമി ടെലിവിഷനുകളുടെ വിലയില്‍ വലിയ കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.






