
തിരുവനന്തപുരം: പോലീസിനെതിരെ നിരന്തരം വിമര്ശനങ്ങളുയരുന്നതിനെ തുടര്‍ന്ന് പോലീസിനെ നന്നാക്കാന്‍ സംഘടിപ്പിച്ച പരിശീലന ക്ലാസില്‍ വാക്പോര്. പരിശീലന ക്ലാസ് നയിക്കാന്‍ എത്തിയ മുന്‍ ഡിജിപി കെ.ജെ ജോസഫ് നടത്തിയ വിമര്‍ശനമാണ് വാക്പോരിലേക്ക് നയിച്ചത്. കേസ് അന്വേഷണത്തില്‍ അസോസിയേഷനുകള്‍ ഇടപെടുന്നുവെന്ന മുന്‍ ഡിജിപിയുടെ പരാമര്‍ശത്തെ സംഘടനാ നേതാക്കള്‍ എതിര്‍ത്തതാണ് തര്‍ക്കത്തിന് ഇടയാക്കിയത്.
തിരുവനന്തപുരം തൈക്കാട് പോലീസ് ട്രയിനിങ് കോളേജിലായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്റയുടെ സാന്നിധ്യത്തില്‍ പരിശീലന ക്ലാസ്. അനാവശ്യ ഇടപെടലുകള്‍ നടത്താറില്ലെന്നും അങ്ങനെയുള്ള അനുഭവമുണ്ടെങ്കില്‍ ആര്‍ക്കും തുറന്നു പറയാമെന്നും സംഘടനാ നേതാക്കള്‍ ക്ലാസിനിടെ തുറന്നടിച്ചു. കെ.ജെ ജോസഫ് ജോലി ചെയ്തിരുന്ന 2005 ന് മുമ്പുള്ള അവസ്ഥയല്ല ഇന്നെന്നും ഇപ്പോഴത്തെ സ്ഥിതിഗതികളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അസോസിയേഷന് നേതാക്കള്‍ വ്യക്തമാക്കി.
ക്ലാസിനു ശേഷം പോലീസ് സംഘടനകളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും കെ.ജെ ജോസഫിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. ജോസഫ് ഡിജിപി സ്ഥാനത്തിരുന്ന കാലത്താണ് ഏറ്റവും കൂടുതല്‍ പോലീസുകാര്‍ മാനസിക പീഡനം അനുഭവിക്കുകയും ആത്മഹത്യ ചെയ്യുകയും ഉണ്ടായതെന്നും എന്നിട്ടാണ് ഇപ്പോള്‍ ക്ലാസ് എടുക്കാന്‍ വന്നിരിക്കുന്നതെന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.






