
കേരളത്തിന്റെ തനതു പഴമാണ് ചക്ക. നമ്മുടെ നാട്ടില്‍ ഇന്നു വിഷമില്ലാതെ ലഭിക്കുന്ന അപൂര്‍വം ചില ഭക്ഷ്യ വിളകളിലൊന്നു കൂടിയാണ് ചക്ക. ലോകത്തിലെ ഏറ്റവും വലിയ പഴമെന്നറിയപ്പെടുന്ന ചക്ക പോഷകഗുണങ്ങളിലും മുന്‍പിലാണ്. ജനുവരി മുതല്‍ ജൂണ്‍ വരെയാണ് ചക്കയുടെ കാലം. ഒരു പ്ലാവില്‍ തന്നെ കുറഞ്ഞത് പത്ത് ചക്കയെങ്കിലും ഉണ്ടാകും.
കേരളത്തില്‍ വളരെ സുലഭമായതിനാലാകും കേരളീയര്‍ ചക്കയ്ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. പണ്ടുകാലത്ത് ചക്ക ഉപയോഗിച്ച് ചക്കപ്പുഴുക്കും ചക്ക വരട്ടിയും ധാരാളമായി ഉണ്ടാക്കിയിരുന്നു. പിന്നീട് ചക്കയുടെ പ്രാധാന്യം കുറഞ്ഞു.
വിദേശ രാജ്യങ്ങളിലെ വിപണിയില്‍ ചക്കയുടെ വില ഉയര്‍ന്നതും പ്രമേഹരോഗങ്ങള്‍ക്ക് ചക്ക കൂടുതല്‍ പ്രയോജനപ്പെടുമെന്നതും കേരളീയര്‍ക്കിടയില്‍ ചക്കയുടെ പ്രാധാന്യം വര്‍ധിപ്പിച്ചു. ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതോടെ ചക്കയുടെ രുചിപ്പെരുമയ്ക്ക് ഇരട്ടി മധുരം.
വരിക്കയും കൂഴയും
പ്രധാനമായും ചക്ക രണ്ടു തരത്തിലുണ്ട്. വരിക്കച്ചക്കയും കൂഴച്ചക്കയും. തേന്‍ വരിക്ക, മുട്ടം വരിക്ക, സിന്ദൂര വരിക്ക എന്നിങ്ങനെയാണ് വരിക്കച്ചക്കയുടെ വകഭേദങ്ങള്‍. ചിലയിടങ്ങളില്‍ 'പഴംപ്ലാവ്' എന്ന് അറിപ്പെടുന്ന കൂഴച്ചക്ക പഴുത്താല്‍ കുഴഞ്ഞിരിക്കും. എന്നാല്‍ വരിക്കച്ചക്ക എത്രപഴുത്താലും ചുളകള്‍ക്ക് നല്ല ഉറപ്പുണ്ടാകും. ഓരോ പ്ലാവിലെ ചക്കയ്ക്കും നിറത്തിലും ഗുണത്തിലും സ്വാദിലും വ്യത്യാസമുണ്ട്.
ചക്കയുടെ ആരോഗ്യ ഗുണങ്ങള്‍
വിപണന സാധ്യത മാത്രമല്ല ചക്കയ്ക്കുള്ളത്. അവ സമ്മാനിക്കുന്ന ആരോഗ്യവും അതില്‍ ഒളിഞ്ഞിരിക്കുന്ന പോഷകഘടകങ്ങളുമാണ് ചക്കയെ പ്രിയങ്കരമാക്കുന്നത്. ശരീരത്തിനു ആവശ്യമായ ജീവകങ്ങളും മൂലകങ്ങളും നാരുകളും അടങ്ങിയ പോഷകസമ്പന്നമായ നാടന്‍ വിഭവമാണ് ചക്ക. ഇവയിലെ പോഷകമൂല്യങ്ങളുടെ സാന്നിധ്യം പല തരത്തിലുള്ള ജീവിതശൈലി രോഗങ്ങളെയും തടയും.
ഭക്ഷ്യ യോഗ്യമായ ചക്കച്ചുളയില്‍ ഏതാണ്ട് 74 ശതമാനം വെള്ളമാണ്. 23 ശതമാനം അന്നജം, 2 ശതമാനം പ്രോട്ടീന്‍, 1 ശതമാനം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ചക്കയില്‍ നിന്നും ഏതാണ്ട് 95 കിലോ കലോറി ഊര്‍ജം ലഭിക്കും. ഇതു കൂടാതെ വിറ്റാമിനുകള്‍ (ഫോളേറ്റുകള്‍, നിയാസിന്, പിരിഡോക്സിന്‍, റൈബോഫ്ളേവിന്‍, തയമിന്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി) സോഡിയം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, മാഗ്നീസ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കള്‍ എന്നിവയുടെയും സാന്നിധ്യമുണ്ട്. പച്ചയും പഴുത്തതുമായ ചക്കയുടെ മൂല്യം താഴെ നല്കിയിരിക്കുന്നു.
ചക്ക നല്കുന്ന ആരോഗ്യരക്ഷ
നൂറ്റാണ്ടുകളോളം തലമുറകളുടെ ആഹാര ആവശ്യവും ആരോഗ്യരക്ഷയും നിറവേറ്റുന്ന ചക്കയെന്ന ഭക്ഷ്യവിളയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ചക്കയില്‍ ജീവകം എ, ജീവകം സി, തയമിന്‍, പൊട്ടാസ്യം, കാത്സ്യം, റൈബോഫ്ളേവിന്‍, ഇരുമ്പ്, നിയാസിന്, സിങ്ക് തുടങ്ങിയ ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്.
ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതുകൊണ്ടും കൊളസ്ട്രോള്‍ വളരെ കുറവായതിനാലും ചക്ക ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് വളരെ നല്ലതാണ്. ചക്കയിലെ പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച മാറുന്നതിനും രക്തപ്രവാഹം ശരിയായ രീതിയിലാകുന്നതിനും ഉത്തമമാണ്. ചക്കയില്‍ ധാരാളം മഗ്നീഷ്യവും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കാന്‍ സഹായിക്കുന്നു.
പ്രത്യേകിച്ച് കുട്ടികള്‍ക്ക് ചക്ക നല്‍കുന്നത് എല്ലുകള്‍ക്ക് ബലം നല്‍കും. എല്ല് തേയ്മാനം പോലുള്ള രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരം കൂടിയാണ് ചക്ക. ഇതിലടങ്ങിയിരിക്കുന്ന ജീവകം എ കണ്ണുകള്‍ക്ക് ഗുണം ചെയ്യും. നിശാന്ധത പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കൂടിയാണ് ചക്ക. ചക്കയ്ക്ക് മധുരം നല്‍കുന്നത് സൂക്രോസ് ഫ്രക്ടോസ് തുടങ്ങിയവയാണ്. ഇവ എളുപ്പത്തില്‍ വിഘടിച്ച് ശരീരത്തിന് ഊര്‍ജം നല്‍കും. ചര്‍മ്മത്തിന് മൃദുത്വം നല്‍കാനും സഹായിക്കും. ചര്‍മ്മത്തിനു മൃദുത്വം ഉണ്ടാകുന്നത് പ്രായക്കുറവ് തോന്നിക്കും.
ഇവയിലെ ജീവകം എ ആണ് ചര്‍മ സംരക്ഷണത്തിന് സഹായിക്കുന്നത്. ചക്കയില്‍ ജീവകം സി ധാരാളം അടങ്ങിയിട്ടുണ്ട്. ബാക്ടീരിയ മൂലം ഉണ്ടാകുന്ന അസുഖങ്ങള്‍ ചെറുക്കുവാനും ശ്വേതരക്താണുക്കളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി പ്രതിരോധ ശേഷി നല്കുവാനും ചക്കയ്ക്ക് കഴിയും. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം ശക്തിപ്പെടുന്നതിനും മലബന്ധം തടയാനും ചക്ക സഹായിക്കുന്നു.
അര്‍ബുദം തടയും
ചക്കയിലടങ്ങിയ ഫൈറ്റോന്യൂട്രിയന്സിന് അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഇവ അര്‍ബുദ കാരണമായ ഫ്രീ റാഡിക്കലുകളെ തുരത്തി കോശങ്ങളുടെ നാശം സാവധാനത്തിലാക്കുന്നു. ആസ്ത്മ രോഗികള്‍ക്ക് നല്ലൊരു മരുന്നു കൂടിയാണ് ചക്ക. ഇതുമാത്രമല്ല വിളര്‍ച്ച മാറാനും ചക്ക കഴിക്കുന്നത് നല്ലതാണ്.
ധാരാളം കോപ്പര്‍ അടങ്ങിയിട്ടുള്ളതിനാല്‍ തൈറോയിഡ് രോഗമുള്ളവര്‍ ചക്ക കഴിക്കുന്നത് വളരെയധികം പ്രയോജനപ്പെടും. ഹോര്‍മോണ്‍ ഉത്പാദനം ശരിയായ രീതിയില്‍ നടക്കുന്നതിനും ചക്ക സഹായിക്കുന്നു. പ്രമേഹരോഗികള്‍ക്ക് ചക്ക മിതമായ അളവില്‍ കഴിക്കാം.
ചക്കയില്‍ ധാരാളം അന്നജം അടങ്ങിയിട്ടുണ്ടെങ്കിലും നാരുകളും ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ കുറയ്ക്കാന്‍ സഹായിക്കും. പ്രമേഹരോഗികളിലെ ഗ്ലൂക്കോസ് ടോളറന്‍സ് മെച്ചപ്പെടുത്താന്‍ ചക്കയ്ക്ക് കഴിയുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
പോഷക മൂല്യം
-------------------- പച്ചചക്ക ചുള 165 ഗ്രാം ------- പഴുത്ത ചക്കച്ചുള (100 ഗ്രാം)
ഈര്‍പ്പം -------- 121 ഗ്രാം ----------- 73.23 ഗ്രാം
ഊര്‍ജം ------155 കിലോ കലോറി -------- 94 കിലോ കലോറി
കാര്‍ബോ ഹൈഡ്രേറ്റ് ------- 39.6 ഗ്രാം ----- 24.01 ഗ്രാം
നാരുകള്‍ ------ 2.6 ഗ്രാം ---------- 1.6 ഗ്രാം
കൊഴുപ്പ് -------- 0.5 ഗ്രാം ------- 0.3 ഗ്രാം
മാംസ്യം -------- 2.4 ഗ്രാം ---------- 1.44 ഗ്രാം
ചക്ക വിഭവങ്ങള്‍
ചക്ക വിഭവങ്ങളുടെ എണ്ണത്തിലും കുറവില്ല. ചക്കച്ചുള കൊണ്ട് മാത്രമല്ല, ചക്കക്കുരു, ചകിണി, കൂഞ്ഞില്, പഴുത്ത ചക്ക, പച്ചച്ചക്ക എന്നിവ കൊണ്ടും ധാരാളം സ്വാദിഷ്ടമായ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഇടിച്ചക്ക തോരന്‍, ചക്കപ്പുഴുക്ക്, ചക്ക എരിശേരി, ചക്കക്കുരു പുളിങ്കറി, ചക്ക തോരന്‍, ചക്കക്കുരു മെഴുക്കുപുരട്ടി, കൂഞ്ഞില് തോരന്‍, ചകിണി തോരന്‍, ചക്ക വരട്ടിയത്, ചക്ക പായസം, ചക്ക അട അങ്ങനെ പോകുന്നു ചക്ക വിഭവങ്ങള്‍.
നമ്മുടെ നാട്ടില്‍ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. അതുകൊണ്ട് തന്നെ ചക്കയ്ക്ക് നമ്മള് വേണ്ടത്ര പ്രാധാന്യം കല്പിക്കുന്നില്ല. കാരണം ചക്കയുടെ യഥാര്‍ത്ഥ ഗുണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ തന്നെയാണ് അതിനു കാരണം. ഇനിയെങ്കിലും നമ്മുടെ തൊടികളില്‍ ഉണ്ടാകുന്ന ചക്കയുടെ ആരോഗ്യഗുണങ്ങള്‍ പ്രയോജനപ്പെടുത്താം.
അല്‍ത്തിയ റോയ്
സീനിയര്‍ ഡയറ്റിഷന്
ട്രാവന്‍കൂര്‍ മെഡിസിറ്റി, കൊല്ലം