
കാപ്പിയുടെ സുഖകരമായ ഗന്ധം ശ്വസിച്ചുകൊണ്ട് ഉണരാനാവും മിക്കവരും ഇഷ്ടപ്പെടുന്നത്. ചിലരാവട്ടെ, കാപ്പിയില്ലെങ്കിൽ എഴുന്നേൽക്കാൻ പോലും കൂട്ടാക്കാത്തവരായിരിക്കും.
നമ്മിൽ പലരുടെയും ദിവസം തുടങ്ങുന്നത് കാപ്പി നൽകുന്ന ലഹരിയിലൂടെയാവും. കാപ്പി നല്ലൊരു ഉത്തേജകമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, മറ്റെല്ലാത്തിനെയും പോലെ, കാപ്പിയും അധികമായാൽ ദോഷകരമായ പാർശ്വഫലങ്ങൾ നൽകും.
കാപ്പിയെ കുറിച്ച് ബാർസിലോണ സർവകലാശാല പുറത്തുവിട്ട ഒരു പഠനം പുരുഷന്മാരെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമല്ല. കഫീൻ സ്ത്രീകളെക്കാൾ കൂടുതൽ ദോഷകരമായി ബാധിക്കുന്നത് പുരുഷന്മാരെയാണ് എന്നാണ് പഠനത്തിൽ പറയുന്നത്.
മിതമായ തോതിൽ ഉപയോഗിച്ചാൽ കാപ്പിക്ക് അതിന്റേതായ ഗുണങ്ങളുമുണ്ട്. അതേസമയം, വരെയധികം കാപ്പി അകത്താക്കുന്നത് , ഉത്കണ്ഠ, തന്റേടമില്ലായ്മ, കോച്ചിപ്പിടുത്തം, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയ അവസ്ഥകൾക്ക് കാരണമായേക്കാം.
കാപ്പിയുടെ ദോഷഫലങ്ങൾ (Negative effects of coffee)
ഉറക്കത്തിന് സംഭവിക്കുന്ന തകരാറുകൾ :–
കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ നമുക്ക് ഉറക്കം വരുന്നതായി തോന്നിപ്പിക്കുന്ന അഡനസിൻ (adenosine) എന്ന രാസവസ്തുവിനെ തടയുകയും നമ്മുടെ ജാഗ്രത വർധിപ്പിക്കുകയും ചെയ്യുന്നു. കാപ്പിയുടെ ഉപഭോഗം ദിവസം 300 എംജി (mg) യിൽ കൂടുതൽ ആണെങ്കിൽ അത് ഉറക്കത്തിനു പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.
വന്ധ്യത : –
കഫീൻ അമിതമായി ഉപയോഗിക്കുന്ന പുരുഷന്മാരുടെ സന്താനോത്പാദനശേഷി കുറഞ്ഞേക്കാമെന്ന് പഠനങ്ങൾ വെളിവാക്കുന്നു. പുരുഷ ബീജങ്ങളെ തന്മാത്രാ തലത്തിൽ തന്നെ നശിപ്പിക്കാൻ കഫീൻ കാരണമായേക്കാമെന്നതിനാൽ ദിവസം രണ്ടോ മൂന്നോ കപ്പ് കടുപ്പമുള്ള കാപ്പിയിൽ കൂടുതൽ ശുപാർശചെയ്യപ്പെടുന്നില്ല.
അൾസറുകൾ : –
കഫീനും കാപ്പിയിൽ അടങ്ങിയിട്ടുള്ള ആസിഡുകളും വയറിനെ അസ്വസ്ഥമാക്കാം. നിങ്ങൾ ഇടക്കിടെ വെള്ളം കുടിക്കുന്ന ആളല്ല എങ്കിൽ, അസിഡിറ്റിയും അതുവഴി അൾസറും പിടിപെടാൻ സാധ്യത കൂടുതലാണ്. കാപ്പി കൂടുതലായാൽ മലബന്ധം, വയറിളക്കം, അടിവയറ്റിൽ കോച്ചിപ്പിടുത്തം തുടങ്ങിയവ അനുഭവപ്പെട്ടേക്കാം.
നെഞ്ചെരിച്ചിൽ : –
കാപ്പി കുടിക്കുന്നതു മൂലം അന്നനാളത്തിന്റെ അടിവശത്തുള്ള സിങ്ങ്റ്റർ മസിലുകൾ ഉദാസീനമാവുകയും അതുവഴി അന്നനാളത്തിലേക്ക് ആസിഡ് തിരിച്ചെത്താൻ കാരണമാവുകയും ചെയ്യും.
ലാക്സേറ്റീവ് (വിരേചന മരുന്ന്): –
മിക്കയാളുകൾക്കും രാവിലത്തെ കോഫി ഒരു വിരേചനമരുന്നാണ്. കാപ്പി കുടിക്കുമ്പോൾ പെരിസ്റ്റാൽസിസ് (അന്നനാളത്തിൽ തിരമാലകൾ പോലെ മസിലുകൾ ചുരുങ്ങുന്ന അവസ്ഥ) ഉണ്ടാകുകയും മലവിസർജനം നടത്താൻ തോന്നുകയും ചെയ്യും. ചില അവസരത്തിൽ ആഹാരം ശരിക്കു ദഹിക്കുന്നതിനു മുമ്പേ വിസർജനം നടക്കുകയും ശരീരത്തിന് ആഹാരത്തിൽ നിന്നുള്ള പോഷകങ്ങൾ വലിച്ചെടുക്കാനുള്ള സാഹചര്യം നിഷേധിക്കപ്പെടുകയും ചെയ്യും.






