
രാംപുര്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ടക്കൊലയുടെ വാര്‍ത്തകള്‍ വായിച്ച് ഭയന്നുപോയ ഒരു വീട്ടമ്മ തനിക്ക് സമ്മാനമായി ലഭിച്ച പശുവിനെ തിരിച്ചുനല്‍കി. മറ്റാരുമല്ല ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ ഭാര്യ തന്‍സീം ഫാത്തിമ ആണ് പശുവിനെ മടക്കി അയച്ചത്. രാജസ്ഥാനിലെ അല്‍വാറില്‍ മുസ്ലീം യുവാവിനെ പശുവിനെ കടത്തിയെന്ന് ആരോപിച്ച് ജനക്കൂട്ടം മര്ദ്ദിച്ചുകൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഈ നടപടി.
ഒരു ഋഷി തങ്ങള്‍ക്ക് സമ്മാനമായി നല്കിയ പശുവിനെയാണ് ഏറെ വേദനയോടെ ആണെങ്കിലും പശുവിനെ തിരിച്ചുനല്‍കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് രാജ്യസഭാംഗം കൂടിയായ ഫാത്തിമ പറഞ്ഞു. പശുവിനെ കൈവശം വച്ചതിന്റെ പേരില്‍ ആരെങ്കിലും തങ്ങളെ വധിക്കുമോ എന്ന ഭയന്നാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ശങ്കരാചാര്യ ഗോവര്ദ്ധന് പീഠ് അധിപന് അശോക്ഷജന്ദ് മഹാരാജ് സമ്മാനിച്ച പശുവിനെയാണ് കുടുംബം തിരിച്ചുനല്‍കിയത്.
എന്‍.ഡി.എ സര്‍ക്കാരിനെ വിമര്‍ശിക്കാനും അവര്‍ മറന്നില്ല. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ രാജ്യം ഭീകരമായ അവസ്ഥയിലേക്ക് മാറി. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ ഏറെ ആശങ്കയിലാണ്. ആള്‍ക്കൂട്ട കൊലയുടെ പശ്ചാത്തലത്തില്‍ മുസ്ലീം സമുദായങ്ങള്‍ സ്വയം സുരക്ഷ കണക്കിലെടുത്ത് പശുവില്‍ നിന്ന് അകലം പാലിക്കണമെന്നാണ് ഇവര്‍ പറയുന്നത്.





