
ജോധ്പൂര്‍: കൃഷ്ണമാന്‍ വേട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ബോളിവുഡ് നടന് സല്മാന് ഖാന് ഓരോ വിദേശയാത്രയ്ക്കും അനുമതി വാങ്ങണമെന്ന് ജോധ്പൂര്‍ കോടതി. ജാമ്യവ്യവസ്ഥയിലെ ഈ നിര്‍ദ്ദേശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സല്മാന് ഖാന് നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജോധ്പൂര്‍ കോടതി നിര്‍ദേശം കര്‍ക്കശമാക്കിയത്.
1998 ല്‍ രാജസ്ഥാനിലെ ജോധ്പൂരിലുള്ള കങ്കണി ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. 'ഹം സാത്ത് സാത്ത് ഹേ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയ്ക്കാണു രണ്ടു കൃഷ്ണമാനുകളെ വേട്ടയാടിയത്. കേസില്‍ അഞ്ചു വര്‍ഷം തടവുശിക്ഷ വന്നതിനെ തുടര്‍ന്ന് ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടു ദിവസം കിടന്നശേഷം ഏപ്രില്‍ 7 നാണ് താരം ജാമ്യത്തിലിറങ്ങിയത്.
സല്മാന് ഖാനു ജാമ്യം അനുവദിച്ച ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷി വിധി പ്രസ്താവനയില്‍ കോടതിയുടെ അനുവാദം ഇല്ലാതെ താരത്തിനു വിദേശത്തേക്ക് യാത്ര ചെയ്യാന്‍ പാടില്ല എന്ന് വ്യക്തമാക്കിയിരുന്നു. അതിനു ശേഷം 52 കാരനായ താരം ഓരോ യാത്രകള്‍ക്കും കോടതിയില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു. എന്നാല്‍ നടനായ സല്മാന് ഖാന്റെ ജോലിയുടെ ഭാഗമായി ഇടയ്ക്കിടെ വിദേശത്ത് പോകേണ്ടി വരും എന്നത് ചൂണ്ടിക്കാട്ടിയാണ് ജാമ്യവ്യവസ്ഥയില്‍ നിന്ന് കോടതിയില്‍ ഇളവു തേടിയത്. അഞ്ചു വര്‍ഷത്തെ തടവു ശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടും സല്മാന് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.






